ഹരിപ്പാട്: എന്തായാലും തനിക്ക് തല്ലുകൊണ്ടു... അതുകൊണ്ട് നാട്ടുകാർക്കെങ്കിലും ഒരു ഉപകാരമാകട്ടെ! അടികൊണ്ട് കൈക്ക് പരിക്ക് പറ്റി വേദന തിന്ന് കിടക്കുമ്പോഴും ഹരിപ്പാട്ടെ യുവാവ് ചിന്തിച്ചത് അൽപ്പം വ്യത്യസ്തമായാണ്. യുവാവിന്റെ ഈ ചിന്തകൊണ്ട് ഉപകാരം ലഭിച്ചത് പ്രദേശത്തെ അഗതി മന്ദിരത്തിനാണ്. ഹരിപ്പാട്ടെ ഉത്സവപറമ്പിൽ നടന്ന തല്ലുകേസിലാണ് അൽപ്പം വിചിത്രമെന്ന് തോന്നുന്ന കാര്യങ്ങൾ അരങ്ങേറിയത്.

ഉത്സവത്തിനിടെ മർദനമേറ്റ കേസ് പിൻവലിക്കാൻ ഒരു ലക്ഷം രൂപ പിഴയായി ഏതെങ്കിലും അഗതി മന്ദിരത്തിനു നൽകണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. കരുവാറ്റയിലെ ഒരു ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെയാണ് യുവാവിന് മർദനമേൽക്കേണ്ടി വന്നത്. കൈക്കു പരുക്കേറ്റ യുവാവ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

സംഭവം കേസാകുമെന്ന് അറിഞ്ഞതോടെ മർദിച്ച യുവാവിന് അങ്കലാപ്പായി. അടുത്ത ആഴ്ച വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. കേസുമായി മുന്നോട്ടു പോയാൽ ഭാവി അവതാളത്തിലാക്കുമെന്ന സ്ഥിതിയും വന്നു. ഇതോടെ കേസ് പിൻവലിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ നാട്ടുകാരിൽ ചിലർ ഇടപെട്ടു. ഇതോടെയാണ് അനുരജ്ഞനത്തിന് യുവാവ് വഴങ്ങിയത്.

വിദേശത്തേക്ക് പോകുന്നതിന് തടസ്സമാണെങ്കിൽ കേസ് പിൻവലിക്കാം. പക്ഷേ, ഒരു ലക്ഷം രൂപ പിഴ ഏതെങ്കിലും അഗതി മന്ദിരത്തിനു നൽകണമെന്നു മർദനമേറ്റ യുവാവ് ആവശ്യപ്പെട്ടു. ഇതോടെ തുകയെ കുറിച്ചുള്ള ചർച്ചകളാണ് തുടർന്ന് നടന്നത്. ചർച്ചകൾക്കൊടുവിൽ തുക 25000 ആയി കുറച്ചു.

ഹരിപ്പാട്ട് പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിനു പണം നൽകി രസീത് ഹാജരാക്കിയതോടെ മർദനമേറ്റ യുവാവ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി കേസ് പിൻവലിക്കുകയായിരുന്നു. എന്തായാലും നാട്ടിലെ നന്മയുള്ള തല്ലുകൊള്ളി പരിവേഷത്തിലാണ് യുവാവ് ഇപ്പോൾ.