തിരുവനന്തപുരം: നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമെന്ന് പൊലീസ് മേധാവി. ഇത്തരം നടപടികളിൽ നിന്നും പിന്തിരിപ്പിക്കാൻ ജനങ്ങൾക്ക് ബോധവത്കരണം നൽകണം. തെരുവുനായ ശല്യത്തിൽ ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യർത്ഥിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിജിപി അനിൽകാന്ത് പുറത്തിറക്കിയ സർക്കുലറിലാണ് നിർദ്ദേശം.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ റസിഡൻസ് അസോസിയേഷൻ മുഖേന തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ ബോധവത്കരണം നടത്തണം. എല്ലാ എസ്എച്ച്ഒമാർക്കുമാണ് സർക്കുലർ നൽകിയിട്ടുള്ളത്.

തെരുവുനായ്ക്കളെ അടക്കം ഉപദ്രവിക്കുന്നതും വിഷം നൽകി കൊല്ലുന്നതുമായ സംഭവങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി വർധിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ ശിക്ഷാർഹമാണ്. ഇത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുത്ത് മുന്നോട്ടുപോകണമെന്ന് ഡിജിപി സർക്കുലറിൽ നിർദ്ദേശിച്ചു.

തെരുവുനായ ആക്രമണം രൂക്ഷമാണെന്നും മറ്റും പരാതി ഉണ്ടെങ്കിൽ പൊതുജനങ്ങൾ അത് അധികൃതരെ അറിയിക്കണം. അല്ലാതെ ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. ഇത്തരം നടപടികളിൽ നിന്ന് ജനത്തെ പിന്തിരിപ്പിക്കണം. സർക്കുലർ എല്ലാ എസ്എച്ച്ഒമാരും പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പുവരുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവങ്ങളിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് ഇവ ചത്തതെന്നാണ് നിഗമനം.

അതേസമയം കേരളത്തിൽ തെരുവ്‌നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വി.ഒ.എസ്.ഡി എന്ന സംഘടനയുടെ പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് കെ.എൽ കേരളത്തിലെ തെരുവ് നായ്ക്കൾക്കായി ശബ്ദമുയർത്തിയത്.

കേരളത്തിൽ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററിൽ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും കെ.എൽ രാഹുൽ പങ്കുവച്ച പോസ്റ്ററിൽ പറയുന്നുണ്ട്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റിൽ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാനമാർഗ്ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്.

തങ്ങളുടെ ഷെൽട്ടർ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്തുകൊടുക്കാറില്ലെന്നും. VOSD- യിലെ നായ്ക്കൾ ജീവിതകാലം മുഴുവൻ ഇവിടെ തങ്ങുന്നതാണ് രീതിയെന്നും വെബ് സൈറ്റിലുണ്ട്. അതേസമയം എട്ട് ലക്ഷത്തിലേറെ തെരുവ് നായ്ക്കളുള്ള കേരളത്തിൽ ഈ സംഘടന എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ എന്ന് വ്യക്തമല്ല.