ലണ്ടൻ: ആഴ്‌ച്ചകൾക്ക് ശേഷം ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളുമായി ഹാരിയും മേഗനും എത്തി. മോണ്ടെസിറ്റോ വസതിയിലെ ഉദ്യാനത്തിൽ ഇരുന്ന്, അവരുടെ പുതിയ സേഫർ ടെക്നോളജി ഗ്രാന്റ് ജേതാക്കളെ അഭിനന്ധിച്ചുകൊണ്ട് ഫോൺ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹോളിവുഡ് മോഹങ്ങൾ ഏതാണ്ട് തകർന്നടിയുന്ന സാഹചര്യത്തിൽ ആഴ്‌ച്ചകളൊളം ഇരുവരെയും പൊതുവേദിയിൽ കാണാതിരുന്നത് ചില ഊഹാപോഹങ്ങൾക്ക് വഴി തെളിച്ചിരുന്നു.

ആകർഷകമായ സ്പോട്ടിഫൈ കരാർ റദ്ദാക്കപ്പെടുകയും ഹോളിവുഡിലെ ശക്തനായ ജെറെമി സിമ്മർ, വലിയ കഴിവുകൾ ഒന്നും തന്നെയില്ലാത്ത സ്ത്രീ എന്ന് മേഗനെ വിശേഷിപ്പിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് രാജദമ്പതികൾ.ഈ സാഹചര്യത്ത്ലും 2 മിനിറ്റ് 40 സെക്കന്റ് വീഡിയോ ക്ലിപ്പിൽ ഉടനീളം ഇരുവരും പുഞ്ചിരിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത്.

പാടെ പരക്കുന്ന ഊഹാപോഹങ്ങൾക്കിടയിലും, ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് അവരുമായിഅടുത്ത വൃത്തങ്ങൾ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ, ശ്രദ്ധാപൂർവ്വം പുറത്തു വിട്ടിരിക്കുന്ന ഈ വീഡിയോ അതിന് അടിവര ഇടുകയും ചെയ്യുന്നു. ഇതിന് മുൻപ് ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ മെയ്‌ മാസത്തിലായിരുന്നു. ന്യുയോർക്ക് അവാർഡ് പരിപാടിയിൽ പങ്കെടുത്ത് മടങവേ ആയിരുന്നു, പാപ്പരാസികൾ പിന്തുടർന്നതായ വിവാദമുയർന്നത്.

അതിനിടെ ഇരുവരും സംയുക്ത സംരംഭങ്ങൾക്ക് വിട ചൊല്ലി, വ്യക്തിഗത പ്രൊജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നതായി ചില കിംവദന്തികൾ ഉയർന്നിരുന്നു. പവർ ഏജൻസിയായ മോറിസ് എൻഡേവറുമായി മേഗൻ കരാറിൽ ഏർപ്പെട്ടപ്പോൾ ഹാരി നെറ്റ്ഫ്ളിക്സിനായി ഒരു ബോത്സ്വാന യാത്രയുടെ ഡോക്യൂമെന്ററിയുടെ തിരക്കിലായിരുന്നു.

നേരത്തെ കൊട്ടാരം വിട്ടിറങ്ങീയ രാജദമ്പതികൽ നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും ലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകൾ ഒപ്പ് വച്ചത് വാർത്തയായിരുന്നു. കൊട്ടാര വർത്തമാനങ്ങൾ ഉൾക്കൊള്ളുന്ന അവരുടെ നെറ്റ്ഫ്ളിക്സ് സീരീസ് പോലുള്ള പരിപാടികൾ വിജയം കണ്ടെങ്കിലും, അരമന രഹസ്യങ്ങൾ ഇല്ലാത്തവയൊക്കെ അമ്പേ പരാജയപ്പെടുകയായിരുന്നു. മേഗന്റെ അനിമേഷൻ സീരീസ് ഉൾപ്പടെയുള്ള ചെലവ് നെറ്റ്ഫ്ളിക്സ് പാടെ ഉപേക്ഷിക്കുകയും ചെയ്തു.