തിരുവനന്തപുരം: എൻഐഎയുടെ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വനം ചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വ്യാപക അക്രമം.രാവിലെ ആറുമണിയോടെ ആരംഭിച്ച ഹർത്താലിൽ ആദ്യ മണിക്കൂറിൽ തന്നെ വിവിധ ജില്ലകളിലായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കർശന സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും അതിനെയൊക്കെ വെല്ലുവിളിച്ച് അക്രമികൾ അഴിഞ്ഞാടുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്് ചെയ്ത അക്രമത്തിന്റെ പശ്ചാത്തലത്തിൽ 157 കേസുകളാണ് രജിസ്റ്റർ ചെയ്തത്.വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോച്ച് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്. അക്രമങ്ങളിൽ പിടിയിലായവരും കരുതൽ തടങ്കലിൽപെട്ടവരും ഉൾപ്പെടെയാണിത്.

ജില്ല തിരിച്ചുള്ള കണക്ക്
(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറൽ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറൽ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറൽ - 10, 3, 3
തൃശൂർ സിറ്റി - 6, 0, 2
തൃശൂർ റൂറൽ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറൽ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂർ സിറ്റി - 28, 1, 49
കണ്ണൂർ റൂറൽ - 2, 1, 2
കാസർഗോഡ് - 6, 6, 28

നഷ്ടം 45 ലക്ഷം..ക്രൂരത അരുതെ എന്ന് കെഎസ്ആർടിസി

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ.ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.ഹർത്താലിനിടെ തകർന്നവയിൽ ലോ ഫോഫ്‌ളോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു.

കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്‌ളോർ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കുമെന്ന് അധികൃതർ പറയുന്നു.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയത്.

വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി, കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് ആക്രമികൾക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഈടാക്കാൻ നിയമനടപടിയുമായി കെഎസ്ആർടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസ്സുകൾ ആക്രമിക്കപ്പെട്ടാലും സർവീസ് തുടരുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 5.5 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കലക്ഷൻ. 3.3 കോടിയാണ് ഇന്ധന ചെലവ്. 1360 ഷെഡ്യൂളുകളാണ് ഹർത്താൽ ദിനത്തിൽ 5 മണിവരെ ഓപ്പറേറ്റ് ചെയ്തത്.

ഏറ്റവും കൂടുതൽ കേസ് കണ്ണൂരിൽ

ഹർത്താലിലെ അക്രമത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കണ്ണൂർ സിറ്റിയിലാണ്. ഹർത്താൽ ദിനമായവെള്ളിയാഴ്‌ച്ച ജില്ലയിൽ വ്യാപക അക്രമവും ബോബെറുമാണ് നടന്നത്. ഇതു ആസൂത്രിതമാണെന്നാണ് പൊലിസ് വിലയിരുത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബുപയോഗിച്ചത് എക്സ്പോളസീവ് ആക്ടിൽ വരാതിരിക്കുന്നതിനാണെന്നാണ് പൊലിസ് വിലയിരുത്തൽ. വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടക വസ്തുക്കൾ കൈക്കാര്യം ചെയ്താൽ മാത്രമേ വരികയുള്ളുവെന്ന പോപുലർ ഫ്രണ്ട് ബുദ്ധി കേന്ദ്രങ്ങളുടെ ഒരുമുഴം മുൻപെയുള്ള തന്ത്രമാണ് േെപേട്രാൾ ബോംബ് ഉപയോഗിക്കാനുള്ള കാരണമെന്നാണ് പൊലിസ് വിലയിരുത്തൽ.

ഹർത്താലിന്റെ ഭാഗമായി കെ.എസ്. ആർ.ടി.സി ബസുകൾ ഉൾപെടെ നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്.പലയിടങ്ങളിലും തടയാൻ ചെന്ന പൊലിസിനു നേരെയും അക്രമമുണ്ടായി. ഹർത്താൽ അനുകൂലികളായ നിരവധി പ്രവർത്തകരെ അറസ്റ്റു ചെയ്തു.ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റും നടത്തിയ റെയ്ഡിൽ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിന്റെ ഭാഗമായാണ് കണ്ണൂരിൽ വ്യാപക അക്രമമുണ്ടായത്. അക്രമം ഭയന്ന് ജനങ്ങൾ പുറത്തിറങ്ങാതെയായതോടെ കണ്ണൂർ നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ പിൻവലിഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലിസിനെ നോക്കികുത്തിയാക്കി കൊണ്ടുആസൂത്രിതമായി അക്രമമമാണ് ഇന്നലെ പുലർച്ചെ ആറുമണിമുതൽ നടന്നത്. പലയിടങ്ങളിലും പെട്രോൾ ബോംബുകൾ എറിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വളപട്ടണത്ത് റോഡിൽ ടയറുകൾ കൂട്ടിയിട്ട് തീ കത്തിച്ചതിനാൽ കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ കെ.എസ്. ആർ.ടി.സി ബസുകളുടെ സർവീസ് രാവിലെ മുടങ്ങി. ഇവിടെ കണ്ണൂരിലേക്ക് വരികയായിരുന്ന കെ. എസ്. ആർ. ടി.സി ബസും കല്ലേറിഞ്ഞു തകർത്തു. ഇതുകൂടാതെ സ്വകാര്യ വാഹനങ്ങളുടെ നേർക്കും കല്ലേറുണ്ടായി. ചാവശേരിക്കടുത്തെ പുന്നാട് പെട്രോൾ ബോംബെറിഞ്ഞതിനെ തുടർന്ന് വിമാനത്താവള ജീവനക്കാരനായ ബൈക്ക് യാത്രികന് പരുക്കേറ്റു.

രണ്ടിടങ്ങളിൽ ചരക്കുലോറികളുടെ ചാവി ഊരിയെടുത്ത് ഹർത്താൽ അനുകൂലികൾ കടന്നു കളഞ്ഞതിനാൽ ചരക്കുലോറികൾ പെരുവഴിയിലായി. പൊലിസിനെ നോക്കുകുത്തിയാക്കിയാണ് പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടിയത്.വെള്ളിയാഴ്‌ച്ച പുലർച്ചെ ആറു മണി മുതൽ വാഹനങ്ങൾക്കു നേരെ ബോംബേറും കല്ലേറുമുണ്ടായതിനാൽ വാഹനഗതാഗതം നിലച്ചു.പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അക്രമം ഭയന്ന് പല ഡിപ്പോകളും ഷെഡ്യുളുകൾ വെട്ടിക്കുറച്ചു.ഇതുകാരണം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യാത്രക്കാർ പലരും വാഹനം കിട്ടാതെ കുടുങ്ങി.

കണ്ണൂർ നഗരത്തിൽ ഉൾപെടെ മിക്കയിടങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതിനാൽ നഗരത്തിലെത്തിയവർക്ക് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യവുമുണ്ടായി.കണ്ണൂരിലും തളിപ്പറമ്പിലും ചരക്കുലോറികളുടെ ചാവിയുമായി ഹർത്താൽ അനുകൂലികൾ കടന്നു. കണ്ണൂർ നഗരത്തിൽ ക്യാപിറ്റോൾ മാളിന് മുൻപിൽ ദേശീയ പാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ടു ലോറികൾ റോഡിൽ കുടുങ്ങി. ഡ്യൂപ്ളികേറ്റ് താക്കോൽ ഇല്ലാത്തതിനാൽ ലോറികൾ റോഡിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. മംഗ്ളൂരിൽ നിന്നും വരികയായിരുന്നു ലോറികൾ.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ലോറികൾ ക്രെയിൻ ഉപയോഗിച്ചു റോഡരികിലേക്ക് മാറ്റി.

ഇതിനു സമാനമായി തളിപ്പറമ്പിൽ മൂന്ന് ചരക്കുലോറികൾ തടഞ്ഞ് ഹർത്താൽ അനുകൂലികൾ കടന്നു ചിറ വയ്ക്ക് ഇന്നലെ രാവിലെയാണ് സംഭവം. ഇതോടെ ഇതരസംസ്ഥാനതൊഴിലാളികളായ ചരക്കുലോറി ഡ്രൈവർമാർ പെരുവഴിയിലായി. വെള്ളവും ഭക്ഷണവും കിട്ടാതെ ഇവർ വലഞ്ഞു.പയ്യന്നൂരിൽ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും പിടിച്ചുവെച്ചു മർദ്ദിച്ചതിനു ശേഷം പൊലിസിൽ ഏൽപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കല്യാശേരിയിൽ പെട്രോൾ ബോംബുമായി രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർപിടിയിലായി. മാങ്കടവ് സ്വദേശികളായ അനസ്, ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഒരു ബൈക്കിലും സ്‌കൂട്ടറിലും അഞ്ച് പേരാണ് കടകൾക്കും വാഹനങ്ങൾക്കും നേരെയും അക്രമം നടത്താനായി എത്തിയത്. ദേശീയപാതയിലൂടെ തളിപറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. ഒരു സ്‌കൂട്ടറും രണ്ട് പെട്രോൾ ബോംബും പൊലിസ് പിടികൂടി. പൊലിസിനെ കണ്ടയുടൻ മറ്റു മൂന്നുപേർഓടിരക്ഷപ്പെടുകയായിരുന്നു. 750മില്ലി ലിറ്ററിന്റെ രണ്ടുകുപ്പികളിലാണ് പെട്രോൾ ബോംബ് തയ്യാറാക്കിയത്. സ്‌കൂട്ടറിന്റെ മുൻവശത്ത് തൂക്കിയിട്ട സഞ്ചിയിലായിരുന്നു പെട്രോൾ ബോംബുകൾ. പൊലിസ് പിൻതുടർന്നാണ് അനസിനെയും ഷഫീഖിനെയും പിടികൂടിയത്. മറ്റു മൂന്നുപേർ ഇതിനിടെയിൽ റോഡിന് കിഴക്കു വശത്തുള്ള ഊടുവഴിയിലൂടെരക്ഷപ്പെട്ടു.

ഇതിനിടെ കല്യാശേരി പഴയരജിസ്റ്റാർ ഓഫിസിനു സമീപത്ത്ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കല്യാശേരി ഹാജിമെട്ടയിൽ ഒരു ചരക്കുലോറിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞു തകർത്തിട്ടുണ്ട്.മട്ടന്നൂർ പുന്നാട് പത്രവിതരണക്കാരനായ യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. കണ്ണൂർ വിമാന താവള ജീവനക്കാരനായ നിവേദ് ബൈക്കിൽ സഞ്ചരിക്കവെയാണ് ബോംബേറുണ്ടായത്. സംഘടിതരായെത്തിയ ഹർത്താൽ അനുകൂലിൾ നിവേദിനെതിരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞു പരുക്കേറ്റ നിവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂർ പത്തൊൻപതാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഹർത്താൽ അനുകൂലിയായ ഒരാൾ അറസ്റ്റിൽ.പത്തൊൻപതാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പൊലിസ് അറസ്റ്റ് ചെയ്തത്
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തികാഞ്ഞിരോട് ടെപോട്രാവിലിനു നേരെ അക്രമം. ഏച്ചൂർ സ്വദേശി അഭിജിത്തിന്റെ വാഹനമാണ് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തത്. യാത്രക്കാരൻ വിശാലിന് പരുക്കേറ്റു. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി തിരിച്ചുവരുന്ന സംഘത്തിനു നേരെയാണ് അക്രമം നടത്തിയത്. റോഡരികിലുണ്ടായിരുന്ന ഹർത്താൽ അനുകൂലികൾ ട്രാവലറിന്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു.

രാവിലെ ഏഴരയോടെ മട്ടന്നൂർ ഉളിയിൽ വെച്ചു ഇരിട്ടി മണിക്കടവ് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ. എസ്. ആർ. ടി.സി ബസും ഹർത്താൽ അനുകൂലികൾ തകർത്തു. കാശിമുക്കിൽ കാർ തടഞ്ഞു നിർത്തി ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു.കനത്ത പൊലിസ് സുരക്ഷയുണ്ടായിട്ടും കണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചു വിട്ടു. താണയിൽ ഇന്നലെ ഉച്ചയോടെ ചരക്കുലോറിക്കു നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിക്ക് നേരെയാണ് താണയിൽ വെച്ചു കല്ലേറുണ്ടായത്. കണ്ണൂർ സിറ്റിൽ ഹർത്താൽ ദിവസം തുറന്ന മിൽമാ ബൂത്തും അടിച്ചു തകർത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ക്യാപിറ്റോൾമാളിന് മുൻവശത്തു നിന്നും രണ്ടു ചരക്കുലോറികൾ തടഞ്ഞു ചാവിയുമായി ഹർത്താൽ അനുകൂലികൾ കടന്നുകളഞ്ഞു. കണ്ണൂർ ടൗൺ പൊലിസെത്തിയാണ് വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയത്.


നിയമത്തെ ഭയമില്ലെങ്കിൽ അക്രമം തുടരുമെന്ന് ഹൈക്കോടതി

മിന്നൽ ഹർത്താലിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർഷിച്ചത്.നിയമത്തെ ഭയമില്ലെങ്കിൽ അക്രമം തുടരുമെന്ന് കോടതി തുറന്നടിച്ചു.മിന്നൽ ഹർത്താൽ ആഹ്വനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതീയലഷ്യമെന്ന് ഹൈക്കോടതി. പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണം. നിയമവിരുദ്ധ ഹർത്താൽ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഹൈക്കോടതി. ഇതിന്റെ വിശദാംസങ്ങൾ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.