കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ സ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.

ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.

പി.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കടുത്ത നടപടിയിലേക്കാണ് ഹൈക്കോടതി കടക്കുന്നത്. സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുത്ത് അക്രമികൾക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.

ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴ് ദിവസം മുമ്പ് ഇക്കാര്യം വ്യക്തമാക്കി പൊതു നോട്ടീസ് നൽകിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക മേഖലയും തകർക്കുകയാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് നേരത്തേ നൽകിയിരുന്നത്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ഹർത്താൽ നടത്തുന്നത്.

പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുൻതൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നു. ഏഴ് നാൾ മുമ്പ് നോട്ടീസ് നൽകിയാൽ ഹർത്താലിന്റെ നിയമ സാധുത ചോദ്യം ചെയ്യാൻ ഇതിനെ എതിർക്കുന്നവർക്ക് സമയം ലഭിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും കൂടുതൽ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവിട്ടത്.

ഹർത്താൽ ദിനത്തിൽ സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ ജനങ്ങൾ വീടിനുള്ളിൽത്തന്നെ കഴിയേണ്ടി വരുന്നു. 1997 ൽ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഹർത്താലുകൾക്കും ബാധകമാണ്. പ്രളയം കാരണം കേരളത്തിന്റെ സാമ്പത്തിക നില തകർന്നു. കേരളത്തിലെ ഹർത്താൽ അതിക്രമങ്ങളെക്കുറിച്ച് വിദേശ ടൂറിസ്റ്റുകൾക്ക് അവരവരുടെ രാജ്യങ്ങൾ തന്നെ മുന്നറിയിപ്പ് നൽകിയെന്ന വസ്തുത കോടതിക്ക് അവഗണിക്കാനാവില്ല. ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഹർത്താലുകളും സമരങ്ങളും അംഗീകരിക്കാനാവില്ല.

ഇപ്പോൾ തന്നെ ഗുരുതരമായ സ്ഥിതിയാണ്. സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള മൗലികാവകാശം നിമിത്തം പൊതുജനത്തിന്റെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഹർത്താലിനോട് അനുകൂലിക്കാത്തവരുടെ സുരക്ഷയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ മുൻകൈയെടുക്കണം. തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി നിയമനിർമ്മാണം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായി ഹർത്താൽ നടത്തുന്നവരുടെ പ്രവൃത്തികൾ പൊലീസ് നിരീക്ഷിച്ച് സംഭവങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും മറ്റും റിപ്പോർട്ട് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർത്താലനുകൂലികളിൽ നിന്ന് സർക്കാരിനും പൗരന്മാർക്കും നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാൻ പൊലീസ് നടപടിയെടുക്കണം. പൊതു അവശ്യ സർവീസുകൾക്ക് പൊലീസ് മതിയായ സംരക്ഷണം നൽകണമെന്നും നേരത്തെ നിർദ്ദേശിച്ചിരുന്നു.