- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുവൈറ്റിലെ പോലീസ് ഓഫീസറായ അറബിയുടെ വീട്ടില്‍ ജോലി; കുട്ടിയെ നോക്കുന്നതിനിടയില്‍ യാതൊരു കാരണവുമില്ലാതെ അറബി ക്രൂരമായി മര്‍ദ്ദിച്ചു; മൊബൈലും തല്ലി തകര്‍ത്തു; വസ്ത്രവും ഭക്ഷണവുമില്ലാത്ത 15 ദിവസം; മനുഷ്യാവകാശ പ്രവര്‍ത്തകരും മറുനാടന്‍ വാര്‍ത്തയും തുണയായെന്ന് യുവതി; ഒടുവില്‍ ഹസീന നാട്ടിലെത്തി
മലപ്പുറം: കുവൈറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ കാണാതായ യുവതി ഒടുവില്‍ നാട്ടിലെത്തി. മലപ്പുറം സ്വദേശി ഹസീനയാണ് (45) നാട്ടിലെത്തിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ ഹസീനയെ മകന്‍ മുഹമ്മദ് റിഷാദ് നാട്ടിലേയ്ക്ക് കൂട്ടികൊണ്ടു വന്നു. കുവൈറ്റില്‍ ഹൗസമേയ്ഡ് വിസയില്‍ ജോലിയില്‍ പ്രവേശിച്ച ഉമ്മയെപ്പറ്റി 15 ദിവസമായി യാതൊരു വിവരവുമില്ലെന്ന് കാട്ടി മകന്‍ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ എംബസി കാര്യമായ ഇടപെടല്‍ നടത്തിയില്ല. കുവൈറ്റിലെ മനുഷ്യാവകാശ പ്രവര്‍ത്തകരായ അന്‍ഷാദിന്റെയും സുധീഷയുടെയും ഇടപെടലുകളാണ് ഫലം കണ്ടത്. മാതാവിനെപ്പറ്റി യാതൊരു വിവരവും അറിയാതെ നിസഹായവസ്ഥയിലായ മകന്റെ വാര്‍ത്തയും മറുനാടന്‍ മലയാളി നല്‍കിയിരുന്നു.
കുവൈറ്റിലെ പോലീസ് ഓഫീസറായ അറബിയുടെ വീട്ടിലാണ് ഒന്നര വര്‍ഷമായി ഹസീന ജോലി ചെയ്തിരുന്നത്. കുട്ടിയെ നോക്കുന്നതിനിടയില്‍ യാതൊരു കാരണവുമില്ലാതെ അറബി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൊബൈല്‍ ഫോണും തല്ലി തകര്‍ത്തു. തന്നെ ഉപദ്രവിക്കരുതെന്നും നാട്ടില്‍ കയറ്റി അയക്കണമെന്നും അറബിയോട് കൈകൂപ്പി അപേക്ഷിച്ചിട്ടും അയാള്‍ കനിഞ്ഞില്ല. പിന്നീട് കുറ്റവാളികളെ പോലെ 15 ദിവസം ഒരു മുറിയില്‍ ഇട്ടു. കൃത്യമായ ഭക്ഷണം ലഭിച്ചില്ല. വസ്ത്രം പോലും മാറാനില്ലാതെ മുറിയില്‍ കഴിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നു. മകന്റെ ആവശ്യത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടതോടെയാണ് തന്നെ സാഫിര്‍ ജയിലിലേയ്ക്ക് മാറ്റിയത്. തുടര്‍ന്ന് മുംബൈയിലേയ്ക്ക് ടിക്കറ്റ്് നല്‍കി അയക്കുകയായിരുന്നു. ഫോണ്‍ ഇല്ലാതെ വന്നതോടെ മറ്റൊരാളുടെ മൊബൈല്‍ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു. ദുബായില്‍ നിന്നും മകന്‍ തന്നെ മുംബൈ വിമാനത്താവളത്തില്‍ തേടിയെത്തി.
ജോലി ചെയ്ത സ്ഥലത്ത് നിന്നും യൂണിഫോം പോലും മാറാതെ തന്റെ അരികിലെത്തിയ മകനെ കെട്ടിപിടിച്ചു കരഞ്ഞതോടെ വേദനകള്‍ മാറി. പിന്നീട് ഇരുവരും നിലമ്പൂരിലുള്ള വീട്ടിലെത്തി. ഇനിയും തിരികെ അറബി നാട്ടിലോട്ട് ഇല്ലായെന്ന് ഹസീന പറയുന്നു. കഴിഞ്ഞ ഒരു മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. ഒരു കാരണവുമില്ലാതെ അറബി മുഖം തല്ലി ചതച്ചിനെക്കാളും വേദനയാണ് ഇപ്പോള്‍ നാട്ടില്‍ ചിലരുടെ വാക്കുകള്‍ ഏല്‍പ്പിക്കുന്നത്. താന്‍ വ്യഭിചാരത്തിന് അറസ്റ്റിലായി എന്നു വരെ പ്രചരിപ്പിക്കുന്നു. എന്നാല്‍ തനിക്ക് ജീവന്‍ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നാണ് ഹസീന പറയുന്നത്. അതുപോലെ തന്നെ സുരക്ഷിതമായി ജോലി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫ് രാജ്യത്തെത്തിച്ച ഏജന്റും ആപത്ത് വന്നപ്പോള്‍ സഹായിച്ചില്ലെന്നും ഹസീന പറഞ്ഞു. ഇതുപോലെ നിരവധി വീട്ടമ്മമാരെ ഏജന്റുമാര്‍ പറഞ്ഞ് പറ്റിയ്ക്കുകയാണ്.
ഉമ്മയെപ്പറ്റി 15 ദിവസമായി ഒരു വിവരവുമില്ലെന്നുള്ള മകന്റെ പരാതി ഇങ്ങനെയായിരുന്നു. തന്റെ മാതാവ് ഹസീന ഒന്നര വര്‍ഷമായി കുവൈറ്റില്‍ ഒരു അറബിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. എപ്രില്‍ 21 വൈകിട്ട് മുതല്‍ എന്റെ അമ്മയെ പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. 21 ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഓണ്‍ലൈനില്‍ വാട്സാപ്പില്‍ അവസാനമായി കണ്ടത്. പിന്നീട് വാട്സാപ്പില്‍ മെസ്സേജ് അയച്ചിട്ടും വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ അവിശ്വസനീയമായ വിവരങ്ങളാണ് നല്‍കുന്നത്. മാതാവിനെ പോലീസിന് കൈമാറിയതായി ഒരു തവണ പറഞ്ഞു. പിന്നീട് ഹസീനയെ ഖത്തര്‍ വിമാനത്താവളത്തിലേയ്ക്ക് അയച്ചതായും മെയ് ഒന്നിന് ഇന്ത്യയില്‍ എത്തുമെന്നും അയാള്‍ പറഞ്ഞിരുന്നു. അതിന് ശേഷം സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ജോലിയ്ക്ക് നിന്ന വീട്ടിലെ ഹൗസ് ഡ്രൈവര്‍ പറയുന്നത് അമ്മയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ്.
മകന്‍ കുവൈറ്റിലുള്ളവര്‍ മുഖേന സ്പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലും സ്പോണ്‍സര്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ച ഏജന്റ് അബ്ദുള്‍ ഖാദര്‍ ആണ്. ഇയാളും ഹസീനയുടെ മകന്റെ ചോദ്യത്തിനോ സംഘടന പ്രവര്‍ത്തകര്‍ക്കോ കൃത്യമായ മറുപടി നല്‍കിയില്ല. ഒരു മാസം മുന്‍പ് ഹസീന നാട്ടില്‍ പോയതായും ഇപ്പോള്‍ തനിക്ക് വിവരങ്ങള്‍ ഒന്നും അറിയില്ലായെന്ന് ഇയാള്‍ പറയുന്നു. പോലീസ് കേസില്‍പ്പെട്ടിട്ടുണ്ടെങ്കിലോ വിസ സംബന്ധമായി നിയമ കുരുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലോ ഈ വിവരം സ്പോണ്‍സറോ ഏജന്റോ ബന്ധുക്കളെ ധരിപ്പിക്കേണ്ടതാണ്. കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള നിയമം കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സ്ത്രീകളെ കുവൈറ്റിലെത്തിച്ച് വീട്ടുജോലിയ്ക്കായി വില്‍പ്പന നടത്തുന്ന സംഘത്തെപ്പറ്റിയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ കള്‍ശന നിയന്ത്രണമാണ് കുവൈറ്റ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ മലയാളികളായ നിരവധി ഏജന്റുമാര്‍ വ്യാജ വിസ നല്‍കിയും പണം തട്ടിയും മലയാളികളെ കബളിപ്പിക്കുന്നു. ബന്ധുക്കള്‍ ഏജന്റുമായി ബന്ധപ്പെട്ട് വിവരം അന്വേഷിക്കുമ്പോള്‍ അവരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നു. കൂടാതെ സാധാരണക്കാരായ വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഇത്തരം തട്ടിപ്പുകാരെ ഇന്ത്യന്‍ എംബസി കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഹസീനയുടെ കാര്യത്തില്‍ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധുക്കളെ ധരിപ്പിക്കുന്നതിന് പകരം വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് മലയാളിയായ ഏജന്റ് ചെയ്തത്.