- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെയർമാനെ ഇ.ഡിയെ കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തർ പ്രദേശിൽ കൊണ്ടു പോയിടും': പാനൂർ നഗരസഭാ സെക്രട്ടറിയുടെ അധിക്ഷേപം വിവാദമാകുന്നു; ലീഗ് നേതാക്കളെ അപമാനിച്ച സെക്രട്ടറിയെ പൂട്ടാൻ പ്രത്യേക കൗൺസിൽ; സെക്രട്ടറിക്കെതിരെ സി പി എമ്മും
പാനൂർ: ചെയർമാനെ ഇ.ഡിയെ കൊണ്ടു ചവുട്ടികൂട്ടി ഉത്തർപ്രദേശിൽ കൊണ്ടുപോയിടുമെന്ന പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഫോൺ സന്ദേശം പുറത്തായത് പാനൂരിൽ വിവാദമായി. 'ഓനെ പുറത്താക്കാൻ അധികാരമുള്ളവനാ ഞാൻ. ഓൻ എൽ.പി സ്‌കൂൾ മാഷാ, എന്റെ മുകളിൽ കയറി കമാൻഡ് ചെയ്യാൻ ഓൻ വളർന്നിട്ടില്ല. ഞാനത്ര മോശക്കാരനല്ല. വെടിപ്പുള്ള തറവാട്ടിൽ പിറന്നവനാ, സമന്മാർ തമ്മിലാ ചർച്ച നടത്തേണ്ടത്. ഞാൻ ഷംസീറിനെ (നിയമസഭാ സ്പീക്കർ) മൈൻഡ് ചെയ്തിട്ടില്ല. പിന്നെയാ ഇവൻ. സംസ്ഥാന സർക്കാരിന്റെ അടുത്തു പണമൊന്നുമില്ല. ആയിരക്കണക്കിന് ക്രിമിനലുകള കൈകാര്യം ചെയ്തവനാ ഞാൻ'..ഇങ്ങനെ പോകുന്നു പാനൂർ നഗരസഭാ സെക്രട്ടറിയുടെ അസഭ്യവർഷം. എൽ. എൽ.ബി ബിരുദമുള്ള നഗരസഭാ സെക്രട്ടറിയാണ് മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ സുഹൃത്തിന് അയച്ച ഫോൺസന്ദേശത്തിലൂടെ അധിക്ഷേപം ചൊരിഞ്ഞത്.
പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററെയും മുസ്ലിംലീഗ് സംസ്ഥാന നേതാക്കളെയും അധിക്ഷേപിച്ചു കൊണ്ടുള്ള ഫോൺ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പാനൂർ നഗരസഭാസെക്രട്ടറിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നഗരസഭാകൗൺസിൽ ഭരണസമിതി നീക്കം തുടങ്ങി. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന നിലപാട് ഭരണ, പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചതോടെയാണ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ ഭരണസമിതി അണിയറ നീക്കങ്ങൾ തുടങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥനെന്ന കാര്യം മറന്നുകൊണ്ടു അതീവഗുരുതരമായ അധിക്ഷേപം നടത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച്ച അടിയന്തിര കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്റർ അറിയിച്ചു. നഗരസഭാ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടി കൗൺസിൽ യോഗത്തിലുണ്ടാവുമെന്നാണ് സൂചന. ഭരണപക്ഷമായ യു.ഡി.എഫിനു പിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രട്ടറിക്കെതിരെ രംഗത്തുവന്നു. പരമത വിദ്വേഷ പ്രചാരണം നടത്തുന്ന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭ സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ചെയർമാനും മുസ്ലിംലീഗ് നേതാക്കൾക്കെതിരെ അധിക്ഷേപമുള്ളത്. എൻ.ഡി.എഫാണ് സെക്രട്ടേറിയറ്റ് ഭരിക്കുന്നതെന്ന് പറയുന്ന സെക്രട്ടറി, പാനൂർ നഗരസഭയിൽ ഇസ്ലാമിക് ബ്രദർഹുഡ് ആണ് പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. പ്രദേശത്തെ മാപ്പിളമാർ എനിക്ക് വട്ടപൂജ്യമാണ്, എൻ.ഡി.എഫിനുവേണ്ടിയാണ് ചിലരെ സ്ഥലംമാറ്റിയത്, ചെയർമാനേക്കാൾ നല്ല ഇന്ത്യൻ പൗരനാണ് ഞാൻ, കളിച്ചാൽ യു.പിയിലെ ജയിലിലടക്കും, ഇസ്ലാമിക രാജ്യം മനസ്സിൽ പ്രേമിച്ചു നടക്കുന്നവനാണ് ചെയർമാനും ചില കൗൺസിലർമാരും തുടങ്ങി പ്രകോപനപരമായ വാക്കുകളാണ് മിനിറ്റുകൾ നീളുന്ന ശബ്ദരേഖയിലുള്ളത്. മാപ്പിളമാരുടെ കാര്യത്തിനു വേണ്ടി മാത്രമുണ്ടാക്കിയതാണ് ലീഗെന്നും 'തങ്ങൾ' എന്ന് പറഞ്ഞാൽ മതം മാറിയ ടീമാണെന്നും പരിഹസിക്കുന്നു.
ഈയിടെ സ്ഥലംമാറിപോയ എൽ.ഡി ക്ലാർക്കിനോടാണ് സെക്രട്ടറിയുടെ സംഭാഷണം. ശബ്ദരേഖ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ മുസ്ലിം ലീഗും യു.ഡി.എഫും സമരവുമായി രംഗത്തെത്തി. നാടിനെയും നാട്ടുകാരെയും അപമാനിക്കുന്ന ശബ്ദം പുറത്തുവന്നതോടെയാണ് സിപിഎമ്മും രംഗത്തുവന്നത്. നഗരസഭ ഭരണസമിതിയും സെക്രട്ടറിയും തമ്മിൽ ഏറെനാളായി അസ്വാരസ്യത്തിലാണ്. കണ്ടിജൻസി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്‌പെക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഏറ്റവും ഒടുവിലേത്. ഇതിലുള്ള സെക്രട്ടറിയുടെ പ്രതിഷേധമാണ് സംഭാഷണത്തിൽ മുഴുവൻ.
കഴിഞ്ഞകുറെക്കാലമായി യു.ഡി.എഫാണ് പാനൂർ നഗസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായും നഗരസഭ തനത് ഫണ്ടിൽ നിന്ന് ആദായനികുതിയടച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തേ പരാതി നൽകിയിട്ടുണ്ടെന്നും നഗസഭ ചെയർമാൻ വി. നാസർ മാസ്റ്റർ പ്രതികരിച്ചു. വെള്ളിയാഴ്ച ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിനായി പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്