- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമ കേസില്‍ 26 വര്‍ഷത്തിന് ശേഷം നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു; ആര്‍ജെഡി നേതാവിനെ കുറ്റവിമുക്തനാക്കിയത് ഐഎഫ്എസ് ഉദ്യോഗസ്ഥ നല്കിയ പരാതിയില്‍; പിന്നില്‍ വനംമാഫിയ എന്ന ആരോപണം ആവര്‍ത്തിക്കുമ്പോഴും സിപിഎമ്മിനെ തള്ളിപ്പറയാതെ മുന്‍മന്ത്രി
നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ആര്‍.ജെ.ഡി നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെവിട്ടു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍, ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍ വെച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയര്‍ന്നു വന്നതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
രഹസ്യവിചാരണ നടന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നീലലോഹിതദാസന്‍ നാടാരെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്ന് നാടാര്‍ അന്ന് ആരോപിച്ചിരുന്നു്.
നേരത്തെ, 2008-ല്‍ മറ്റൊരു സമാന ലൈംഗികാതിക്രമ കേസില്‍ അതിവേഗ കോടതി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയിരുന്നു. കീഴ്ക്കോടതി വിധിച്ച മൂന്നു മാസം തടവും 50,000 രൂപ പിഴയും റദ്ദാക്കിക്കൊണ്ടായിരുന്നു നീലനെ കുറ്റവിമുക്തനാക്കിയത്. ഗതാഗത മന്ത്രിയായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥയെ നിയമസഭാ മന്ദിരത്തിലെ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അപ്പോഴത്തെ കേസ്. നിലവില്‍ ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസന്‍ നാടാര്‍.
തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ വനം മാഫിയയാണെന്ന് അന്നുമുതല്‍ക്കേ താന്‍ പറഞ്ഞിരുന്നതായി കഴിഞ്ഞ ദിവസം നീലലോഹിതദാസന്‍ നാടാര്‍ പ്രതികരിച്ചിരുന്നു. അന്ന് ഇത് ആരും വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കലാകൗമുദി വാരികയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. ജഗദീഷ് ബാബു എഴുതിയ 'കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും അജ്ഞാത യുവതിയും' എന്ന ലേഖനത്തില്‍, നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ നീക്കത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പറയുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടാകില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ട പലരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തെ ഇത് ബാധിച്ചതായി കരുതുന്നില്ലെന്നും താന്‍ ഇപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമാണെന്നും നാടാര്‍ വ്യക്തമാക്കി.
ലേഖനത്തില്‍ പറയുന്നതനുസരിച്ച്, അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായരാണ് കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി.സി. ജോജോയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിക്ക് താല്‍പര്യമുള്ള മലപ്പുറത്തെ ഒരു വ്യവസായിക്ക് വേണ്ടിയാണ് നാടാരെ കുടുക്കിയതെന്നും, ഇതിന് പിന്നില്‍ വ്യവസായിയുടെ മരംകൊള്ള കേസായിരുന്നുവെന്നും ലേഖനം ആരോപിക്കുന്നു. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ ആവശ്യപ്പെട്ടെങ്കിലും, അത് രേഖാമൂലം വേണമെന്ന് നാടാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണങ്ങളുണ്ടായതെന്നും ലേഖനത്തില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷവും, സിപിഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെങ്കിലും, വനം മാഫിയയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നീലലോഹിതദാസന്‍ നാടാര്‍ ഇപ്പോഴും വിശ്വസിക്കുന്നു.