കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനും സര്‍ക്കാരിനും കനത്ത തിരിച്ചടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉന്നതരെ തൊടാന്‍ മടിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നടപടികളില്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 'ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്?' എന്ന് രോഷാകുലരായ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്‌ഐടിയുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം.

ജസ്റ്റിസ് ബദറുദ്ദീന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് എസ്‌ഐടിയെ കടന്നാക്രമിച്ചത്. കെ.പി. ശങ്കരദാസ് പ്രതിയായ അന്ന് മുതല്‍ ആശുപത്രിയിലാണെന്നും, അദ്ദേഹത്തിന്റെ മകന്‍ എസ്.പി. ആയതിനാലാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. 'ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകയാണ് ലക്ഷ്യം' എന്ന കോടതിയുടെ നിരീക്ഷണവും എസ്‌ഐടിയുടെ അന്വേഷണ രീതികളെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തി. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ശങ്കരദാസ് ആശുപത്രിയില്‍ കഴിയുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കോടതിയുടെ ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 'എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡ്?' എന്നും കോടതി ചോദിച്ചു. ശബരിമല ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണം പൂശിയത് താനാണെന്നും ഇതിനായി 35 ലക്ഷം രൂപ ചെലവഴിച്ചെന്നും താനൊരു അയ്യപ്പ ഭക്തനാണെന്നും വാറണ്ടി രേഖകള്‍ തന്റെ പക്കലുണ്ടെന്നും ഗോവര്‍ധന്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു.

ശബരിമലയിലെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ജാമ്യാപേക്ഷകളിന്മേലുള്ള വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിട്ടുണ്ട്. എസ്‌ഐടിയുടെ അന്വേഷണ രീതിയെക്കുറിച്ചും പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ചുമുള്ള ഹൈക്കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ കേസിന്റെ ഭാവി നടപടികളില്‍ നിര്‍ണ്ണായകമായേക്കും.

ശങ്കരദാസ് ബോധമില്ലാത്ത അവസ്ഥയില്‍

ശങ്കരദാസ് ആശുപത്രിയില്‍ ബോധമില്ലാത്ത അവസ്ഥയിലാണെന്ന വാദവുമായി പ്രതിഭാഗം കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയിലെത്തി. കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ശങ്കരദാസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അഭിഭാഷകന്‍ പങ്കുവെച്ചത്.

ശങ്കരദാസ് നിലവില്‍ മെഡിക്കല്‍ ഐസിയുവില്‍ ബോധരഹിതനായി കഴിയുകയാണെന്ന് പ്രതിഭാഗം വാദിച്ചു.ഇതിന് തെളിവായി ഐസിയുവില്‍ കിടക്കുന്ന ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍, ഈ 'അസുഖം' അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്ന സൂചനയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. കേസിന്റെ ഗൗരവം പരിഗണിച്ച് യാതൊരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ജനുവരി 14-ലേക്ക് മാറ്റി. ശങ്കരദാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് എസ്ഐടി ശേഖരിച്ച മെഡിക്കല്‍ രേഖകള്‍ അന്ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലെ മറ്റൊരു അംഗമായ എന്‍. വിജയകുമാറിനെ എസ്ഐടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.