കൊച്ചി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് നിലമ്പൂരിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എന്ന് പൂർത്തീകരിക്കാനാവുമെന്ന് ഹൈക്കോടതി. സർക്കാർ ഒരു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. കേസ് 10ന് വീണ്ടും പരിഗണിക്കും.

പ്രളയത്തിൽ പാലവും വീടുകളും തകർന്ന് 4 വർഷമായി ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലെ ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷപ്രതികരണം.

വനത്തിനുള്ളിലെ ആദിവാസി കോളനികൾ സന്ദർശിച്ച് മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് തയ്യാറാക്കിയ റിപ്പോട്ട് കേരള ലീഗൽ സർവീസസ് അഥോറിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ചു. വനത്തിനുള്ളിലെ ആദിവാസികളുടെ ദുരിതപൂർണ ജീവിതം വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. പ്രളയത്തിൽ തകർന്ന പാലവും വീടുകളും പുനർനിർമ്മിക്കുക, ആദിവാസി കുടുംബങ്ങൾക്ക് കൃഷിചെയ്യാൻ മതിയായ ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത്, മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാർക്കുവേണ്ടി അഡ്വ. പീയൂസ് എ കൊറ്റം ഹാജരായി.

2019ലെ പ്രളയത്തിലാണ് ചാലിയാർ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിൽ പാലം ഒലിച്ചുപോയി മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടത്. വനത്തിനുള്ളിലെ ആദിവാസികളുടെ ദുരിതജീവിതം തുറന്നുകാട്ടുന്നതാണ് സബ് ജഡ്ജിയുടെ റിപ്പോർട്ട്. പോത്തുകൽ പഞ്ചായത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളാണ് ഇക്കഴിഞ്ഞ 2ന് സബ് ജഡ്ജി സന്ദർശിച്ചത്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെ ചാലിയാർ പുഴ കടന്നാണ് കോളനികളിലെത്തിയതെന്നും 2019ലെ പ്രളയത്തിൽ ഒലിച്ചുപോയ പാലം പുനർനിർമ്മിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു അനുകൂല നടപടിയും ഉണ്ടായില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 400 പേർക്ക് പുഴ കടക്കാൻ ചങ്ങാടമാണ് ആശ്രയം. മൺസൂൺ സമയത്ത് മൂന്നു മാസത്തോളം ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവില്ല. കുട്ടികൾക്ക് സ്‌കൂളിൽ പോകാനാവാതെ പഠനവും മുടങ്ങുന്നു. മഴക്കാലത്ത് പുഴ നിറയുമ്പോൾ ചങ്ങാടം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രളയത്തിൽ വീട് തകർന്ന് നാല് വർഷമായി ഇവർ കാട്ടിനുള്ളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ ഷെഡിലാണ് താമസം. ശുചിമുറിയോ വൈദ്യുതിയോ ഇവിടെയില്ല. മുഴുവൻ കുടുംബങ്ങൾക്കും ഒരു ഷീ ടോയ്‌ലറ്റ് മാത്രമാണുള്ളത്.

അതീവ ദയനീയമാണ് ഇവരുടെ ജീവിതം. സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളും, എം.എസ്.ഡബ്യൂ, ടി.ടി.സി എന്നിവക്ക് പഠിക്കുന്നവരും കോളനികളിലുണ്ടെങ്കിലും മഴക്കാലത്ത് ഇവർക്ക് ക്ലാസിൽ പോകാൻ കഴിയാതെ പഠനം മുടങ്ങുന്നു.
2019തിലെ പ്രളയത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് തണ്ടൻകല്ല് കോളനിയിലെ 35 കുടുംബങ്ങളിലെ 120 പേരെ മുണ്ടേരി വിത്തുകൃഷി തോട്ടം ക്വാർട്ടേഴ്‌സിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ക്വാർട്ടേഴ്‌സ് കെട്ടിടം കാലപ്പഴക്കമുള്ളതും സുരക്ഷിതവുമല്ലാത്ത അവസ്ഥയിലാണ്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽഇവിടെ വൈദ്യുതി കണക്ഷനുമില്ല. പാലമില്ലാത്തതിനാൽ രോഗികളായ മുതിർന്നവരും ഗർഭിണികളായ സ്ത്രീകളുമടക്കം ഏറെ ദുരിതം അനുഭവിക്കുകയാണ് ഇവർക്ക് അടിയന്തിര ചികിത്സാസൗകര്യം ലഭിക്കാത്ത അവസ്ഥയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലെ പുഞ്ചകൊല്ലി, അളക്കൽ കോളനിവാസികൾക്കുമുള്ളത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറെകെയുള്ള ഇരുമ്പുപാലവും വീടുകളും തകർന്നതോടെയാണ് ഇരുകോളനിക്കാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവർക്കും മുളകൊണ്ടുള്ള ചങ്ങാടമാണ് പുഴകടക്കാൻ ആശ്രയം.

2019ലെ പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല,് പുലിമുണ്ട കോളനിയിലുള്ളവരുടെ വീടുകൾ നഷ്ടമായത്. ഇവരും ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. നിലമ്പൂർ കവളപ്പാറയിൽ 59 ജീവൻ കവർന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നാലാം വാർഷികത്തിലാണ് പ്രളയത്തിൽ ഒറ്റപ്പെട്ട ആദിവാസികളുടെ പുനരധിവാസം എന്ന് പൂർത്തിയാക്കുമെന്ന ഗൗരവപൂർണമായ ചോദ്യം ഹൈക്കോടതി ഉയർത്തിയത്.