- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര തലേന്ന് ആട്ടവും പാട്ടവും ലഹരിയുമായി അടിച്ചുപൊളിക്കാന്‍ 'ബോച്ചെ' ഒരുക്കുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലിലേക്ക് പ്രതീക്ഷിച്ചത് 20,000 ത്തോളം പേരെ; വയനാട്ടിലെ പരിപാടി അനുമതിയില്ലാതെ എന്ന് സര്‍ക്കാര്‍; ഒരുദുരന്തത്തില്‍ നിന്ന് മറ്റൊരു ദുരന്തത്തിലേക്കോ? ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതി
ബോച്ചെ സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വയനാട്ടില്‍ വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് പുതുവത്സര തലേന്ന് നടത്താനിരുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ ഹൈക്കോടതി തടഞ്ഞു. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത് എന്നായിരുന്നു ആരോപണം. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം സ്പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതിലുണ്ട്.
പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പൊലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവ് നല്‍കി. നിയമപ്രകാരമുള്ള അനുമതികള്‍ നേടാതെ പരിപാടി നടത്താനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല. അത് ഇത്തരമൊരു വന്‍ പരിപാടി നടത്താനുള്ള അനുമതി അല്ലെന്നും നിയമാനുസൃത അനുമതികള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.
ഒരു ദുരന്തത്തില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ച കോടതി സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരാഞ്ഞു. ''ഞങ്ങള്‍ക്ക് ഈ പരിപാടിയുടെ വിശദാംശങ്ങള്‍ ആവശ്യമാണ്, അനുമതി ലഭിച്ചിട്ടുണ്ടോ, ഏതാണ് ഏറ്റവും സാധ്യത, ആരാണ് അനുമതി നല്‍കിയത്, പ്രതീക്ഷിക്കുന്ന ജനക്കൂട്ടം എന്താണ്, അവര്‍ എങ്ങനെയാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നത്, പുതുവര്‍ഷത്തിലെ പ്രോഗ്രാം എന്നിവ,'' കോടതി വ്യക്തമാക്കി.
ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ അനധികൃത നിര്‍മാണങ്ങള്‍ ആരോപിച്ച് പ്രദേശവാസികള്‍ കൊടികുത്തി വച്ച വസ്തുവിലാണ് നടക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ സുരക്ഷയും നിയമസാധുതയും സംബന്ധിച്ച് ആശങ്ക ഉന്നയിച്ച് രണ്ട് മുതിര്‍ന്ന പൗരന്മാര്‍ നേരത്തെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സംഗീതോത്സവം വയനാട്ടിലേക്ക് വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് ബോബി ചെമ്മണൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പരിപാടിയുടെ പ്രൊമോഷണല്‍ പോസ്റ്റുകള്‍ സൂചിപ്പിച്ചു. പരാതിക്കാര്‍ പറയുന്നതനുസരിച്ച്, 10,000-ത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു, നൃത്തം, പാര്‍ട്ടികള്‍, മദ്യപാനം എന്നിവയ്ക്കായി 20,000-ത്തിലധികം ആളുകള്‍ ഒത്തുചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 3,000-5,000 സ്വകാര്യ വാഹനങ്ങള്‍ക്ക് വലിയ തോതിലുള്ള കാറ്ററിംഗും പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
വയനാടിന്റെ സമീപകാല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് കോടതിയുടെ സൂക്ഷ്മപരിശോധന. ഇത്രയും വലിയ സന്ദര്‍ശകരെ കൈകാര്യം ചെയ്യാനുള്ള ജില്ല സജ്ജമാണോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.