- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിയാല്‍ ഓഹരി, തൊഴിലാളി അല്ലാത്ത ആള്‍ക്ക് കൈമാറി തട്ടിപ്പെന്ന പരാതി; മുന്‍ എംഡി വി ജെ കുര്യന്‍ എതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കി; സിയാലിന്റെ 1,20,000 ഓഹരികള്‍ പ്രവാസി വ്യവസായിക്ക് അനധികൃതമായി അനുവദിച്ചുവെന്ന ഹര്‍ജിയില്‍ അന്വേഷണം
വി ജെ കുര്യന്‍ എതിരായ വിജിലന്‍സ് അന്വേഷണം തുടരാം
കൊച്ചി: സിയാല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നേരത്തെ മൂവാറ്റുപുഴ വിജിലസ് കോടതി വി ജെ കുര്യന്‍ നടത്തിയ ഓഹരി തട്ടിപ്പില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഓഹരി തൊഴിലാളിയല്ലാത്തയാള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് മൂവാറ്റുപുഴ വിജിലസ് കോടതി ത്വരിതാന്വേഷണ ഉത്തരവിട്ടത്. നേരത്തെ, വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
2023 ഫെബ്രുവരിയിലാണ് വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആ സ്റ്റേ ഉത്തരവാണ് ഇന്ന് ഹൈക്കോടതി ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് നീക്കിയത്. അന്തരിച്ച കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അതിനെതിരെ വി ജെ കുര്യന്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചു. ഈ കേസിലാണിപ്പോള്‍ വി ജെ കുര്യനെതിരെ അനേഷണം തുടരാമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്.
2004ല്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിഐഎഎല്‍) 1,20,000 ഓഹരികള്‍ പ്രവാസി ബിസിനസുകാരനായ സെബാസ്റ്റ്യന് അനുവദിച്ചു എന്നാണ് ആരോപണം. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ESOP) പ്രകാരം സിയാല്‍ ജീവനക്കാര്‍ക്കായി ഉദ്ദേശിച്ചിരുന്ന സിയാലിലെ ജീവനക്കാരനല്ലാത്തയാള്‍ക്കാണ് 1,20,000 ഓഹരികള്‍ വി ജെ കുര്യന്‍ ഐഎസ് അനുവദിച്ചത്.
പരാതി ഇങ്ങനെ
സിയാലിന്റെ മുന്‍ എംഡിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജെ കുര്യന്‍ സിയാലില്‍ നടന്ന നിരവധി അഴിമതികളുടെ സൂത്രധാരനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കമ്പനിയുടെ ജീവനക്കാരുടെ ഓഹരി ഉടമസ്ഥതാ പദ്ധതി പ്രകാരം സ്ഥിരം തൊഴിലാളികള്‍ക്ക് ഓഹരികള്‍ നല്‍കുന്നതില്‍ വിജെ കുര്യന്‍ വഞ്ചന കാട്ടിയെന്നാണ് ആരോപണം. ഈ പദ്ധതി പ്രകാരം, സ്വീപ്പര്‍മാര്‍ മുതല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ വരെയുള്ള എല്ലാവര്‍ക്കും സിയാല്‍ ഓഹരികള്‍ നല്‍കിയിരുന്നു. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രകാരം സ്വീപ്പര്‍ മുതല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വരെയുള്ള ഓരോ സിയാല്‍ ജീവനക്കാരനും 10 രൂപ മുഖവിലയുള്ള 500 ഓഹരികള്‍ ലഭിച്ചു, അന്ന് വിപണി വില 250 രൂപയായിരുന്നു. ആ സമയത്ത്, സിയാലിന്റെ എംഡിയായ വിജെ കുര്യന്‍ തന്റെ അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന സെബാസ്റ്റ്യന്‍ എന്ന പ്രവാസി ബിസിനസുകാരന് 1,20,000 ഓഹരികള്‍ നല്‍കിയെന്നാണ് ആക്ഷേപം.
സംഭവത്തില്‍ 5.5 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ ഹര്‍ജിക്കാരന്‍ ആരോപിച്ചത്. തൃശൂര്‍ ശോഭ സിറ്റിയില്‍ താമസിക്കുന്ന, സിയാലില്‍ ജോലിയില്ലാത്ത പ്രവാസി ബിസിനസുകാരനായ സെബാസ്റ്റ്യന് അത്തരമൊരു വിഹിതം എങ്ങനെ ലഭിച്ചു എന്നതാണ് പ്രധാന ചോദ്യം. വി.ജെ. കുര്യന്റെ ബിനാമിയാണ് സെബാസ്റ്റ്യന്‍ എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സെബാസ്റ്റ്യന്‍ പിന്നീട് ഈ ഓഹരികള്‍ വിറ്റു. സിയാലില്‍ പങ്കില്ലാത്ത സെബാസ്റ്റ്യന് 1,20,000 ഓഹരികള്‍ എങ്ങനെ ലഭിച്ചു എന്നതിലാണ് വിജിലന്‍സ് അന്വേഷണം. കുര്യനെതിരെ മറ്റ് ആരോപണങ്ങളും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ഓഹരി തട്ടിപ്പ് അന്വേഷിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.