- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കേരള സർവകലാശാലയിൽ പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനം; കാലടിയിൽ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം; ഒടുവിൽ കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനവും; ഹൈക്കോടതി വിധി പ്രിയ വർഗ്ഗീസിന് മാത്രമല്ല, സർക്കാരിനും സിപിഎമ്മിനും വൻ തിരിച്ചടി; ഗവർണർ ശരിയെന്ന് തെളിഞ്ഞു; പ്രതിപക്ഷത്തിനും കിടിലൻ രാഷ്ട്രീയ ആയുധം
കൊച്ചി: നന്നായി പഠിച്ചും, പഠിപ്പിച്ചും മതിയായ യോഗ്യതയുള്ളവർ പുറത്തുനിൽക്കുമ്പോൾ, അയോഗ്യരായവർ സുഖമായി അകത്തുകടക്കുന്ന രാഷ്ടീയ ഇഷ്ട നിയമനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പ്രിയ വർഗ്ഗീസ് കേസിലെ ഹൈക്കോടതി വിധി. കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ എക്കാലത്തും വിവാദമായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്തരം രാഷ്ട്രീയ നിയമനങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ബന്ധുനിയമനങ്ങളുടെ നീണ്ട പട്ടിക മാധ്യമങ്ങളിൽ നിരന്നതാണ്. കേരള സർവകലാശാലയിൽ സി പി എം നേതാവ് പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനവും, കാലടി സർവകലാശാലയിൽ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതുമൊക്കെ നേരത്തെ വിവാദമായ സംഭവങ്ങളാണ്.
ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കവും വലിയ വിവാദമായി. ഹൈക്കോടതി വിധി പ്രിയ വർഗ്ഗീസിന് മാത്രമല്ല, സർക്കാരിനും വലിയ ക്ഷീണമാണ്. വിധി പ്രതികൂലമായതോടെ, സർക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടുന്ന വലിയാരു ആയുധമായി. കൂടാതെ തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാദിക്കാനുള്ള ഒരു അവസരം കൂടി കിട്ടിയിരിക്കുകയാണ്.
കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിയിൽ നിരീക്ഷിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അദ്ധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വർഗ്ഗീസ്.
പ്രിയ വർഗീസിന് എന്തെങ്കിലും അദ്ധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ല. ഈ അഭിമുഖത്തിൽ അഭി ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസർ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വർഗ്ഗീസ് അയോഗ്യയാണ്.
കോടതിയിൽ പ്രിയയെ ഉത്തരം മുട്ടിച്ചത് അഞ്ചുചോദ്യങ്ങൾ
1- ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ?
2- സ്റ്റുഡന്റ്‌സ് ഡയറക്ടർ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?
3- എൻ എസ് എസ് കോ-ഓർഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?
4- മതിയായ യോഗ്യതയുടെ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകിയിരുന്നോ?
5- സ്‌ക്രൂട്ടിനി കമ്മിറ്റിക്കു നൽകാത്ത വിവരങ്ങൾ കോടതിയിൽ പറഞ്ഞിട്ടെന്തുകാര്യം?
അദ്ധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ദ്ധർ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നും കണ്ണൂർ യൂണിവേഴ്‌സിറ്റി പറഞ്ഞതായി കോടതി വിധിയിൽ പറയുന്നുണ്ട്. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അദ്ധ്യാപന പരിചയം പോലും പ്രിയ വർഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്. പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അദ്ധ്യാപന പരിചയം അല്ല,NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അദ്ധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു.
അസോ.പ്രൊഫസർ നിയമനത്തിന് നിഷ്‌കർഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അദ്ധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അദ്ധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നിരവധി പേർ കക്ഷി ചേർന്ന ഈകേസിൽ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്‌കറിയയുടെ ഹർജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സർവ്വകലാശാല രജിസ്ട്രാർ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
വിവാദത്തിന്റെ വഴി
തൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കണ്ണൂർ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിൻഡിക്ക?റ്റ് അംഗീകരിച്ച് നിയമനം നൽകുകയായിരുന്നു. ഇതിനുപിന്നാലെ യു ജി സി ചട്ടപ്രകാരം എട്ടു വർഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാൽ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മി?റ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.കേരളവർമ്മ കോളേജിൽ മൂന്നു വർഷം മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്‌സി?റ്റിയിൽ എൻ എസ് എസ് കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്ത കാലയളവും, കരാർ അടിസ്ഥാനത്തിൽ അസിസ്?റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവർണർക്ക് നൽകിയ പരാതി. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യുജിസി വ്യവസ്ഥയെന്നും പരാതിയിൽ പറയുന്നു
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സർവ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സർവ്വകലാശാല റാങ്ക് പട്ടിക പൂഴ്‌ത്തി വച്ചു. അസോസിയേറ്റ് പ്രൊഫസർ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയർന്നപ്പോൾ വിദ്യാർത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂർ സർവ്വകലാശാല വിസി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്. എന്നാൽ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സർവ്വകലാശാല കൃത്യമായ ഉത്തരം നൽകുന്നില്ല.
അഭിമുഖം തന്നിഷ്ടപ്രകാരം
പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നായിരുന്നുവെന്നതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു. ഇന്റർവ്യുവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്‌കോർ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു. UGC ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയത്തിന് സർവ്വകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടരായിരുന്ന രണ്ട് വർഷത്തെ അനധ്യാപക കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയിൽ പറയുന്നു.ഇത് ചട്ട വിരുദ്ധമാണ്.
156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസേർച്ച് സ്‌കോർ 651 പോയിന്റുള്ള ചങ്ങനാശ്ശേരി SB കോളേജ് അദ്ധ്യാപകനായ സ്‌കറിയ തോമസിന് രണ്ടാം റാങ്കും, 645 സ്‌കോർ പോയിന്റുള്ള മലയാളം സർവ്വകലാശാല അദ്ധ്യാപകനായ സി. ഗണേശിന് മൂന്നാം റാങ്കുമാണ് നൽകിയത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാനുണ്ടായിരുന്നത്. ആറു പേരെയും ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു.പ്രിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേശിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ