കണ്ണൂർ: ന്യൂജനറേഷൻ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിലായെന്ന് പരാതി. പ്രവാസിയായ കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. തളിപറമ്പ് കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയത്.

ഇതോടെ മറ്റൊരിടത്തേക്ക് പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു. മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകൾ ഷബ്ന പറഞ്ഞു.

മനോവിഷമത്തിൽ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു. തന്റെയും മാതാവിന്റേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. ഇതിനിടെ വിദേശത്തെ തൊഴിൽ നഷ്ടപ്പെട്ട് കോവിഡ് കാലത്ത് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോൾ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു.

സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതരുമായി അനുരഞ്ജന ചർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മലബാറിലെ പുറക്കളത്ത് സുഹ്റയെന്ന വീട്ടമ്മയെയും വയോധികയായ മാതാവിനെയും രണ്ടുമക്കളെയും കേരളാബാങ്ക് വീട് ജപ്തി ചെയ്തു പുറത്താക്കിയിരുന്നു. ഈ വിഷയം വിവാദമായി തുടരുന്നതിനിടെയാണ് മറ്റൊരു പുറത്താക്കൽ കൂടി നടന്നത്.