കോട്ടയം: സ്വകാര്യ ആശുപത്രിയിൽ 30ലക്ഷം രൂപയിലേറെ രൂപ ചെലവുവരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപക്ക് ചെയ്തുകൊണ്ട്, സാധാരണക്കാർക്ക് പ്രാപ്യമായ രീതയിൽ ആരോഗ്യരംഗത്തെ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. ജയകുമാർ. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും കാർഡിയോ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാർ വീണ്ടും പുതുചരിത്രം കുറിക്കുകയാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടറും സംഘവും. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കൽചിറ സ്വദേശി രാജേഷിന് (35)ആണ് ഹൃദയം തുന്നിച്ചേർത്തത്. വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ വിജയകരമായി പൂർത്തിയായത്. രാജേഷ് നാലുവർഷമായി ചികിത്സയിലായിരുന്നു. ഒരുവർഷം മുമ്പാണ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്.

ഇന്ത്യയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒൻപതുപ്രാവശ്യമാണ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുള്ളത്. ഇതിൽ എട്ടും കോട്ടയം മെഡിക്കൽ കോളേജിലാണ്. മറ്റൊന്ന് കഴിഞ്ഞവർഷം മധുര മെഡിക്കൽ കോളേജിലും. ഇപ്പോൾ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയിരിക്കയാണ് അദ്ദേഹം. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽനിന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയവുമായി അഭയം ആംബുലൻസ് പുറപ്പെട്ടത്. ഒരുമണിക്കൂറും 10 മിനിറ്റുമാണ് ആംബുലൻസ് ഇവിടെയെത്താൻ എടുത്തത്. നിരവധി സ്ഥലത്ത് തടസ്സങ്ങൾ ഉണ്ടായെങ്കിലും പൊലീസിന്റെ ഇടപെടൽ യാത്ര സുഗമമാക്കി.

കൂലിപ്പണിക്കാരനായ രാജേഷിന് രോഗംമൂലം വരുമാനമില്ലാതായതോടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായമാണ് ആശ്രയം. ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നല്ല പണച്ചെലവുണ്ട്. ഇതിനായി സഹായം തേടുകയാണ് ഭാര്യ രശ്മിയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം. കാത്തലിക്ക് സിറിയൻ ബാങ്ക് ചങ്ങനാശ്ശേരി നാലുകോടി ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്. നമ്പർ: 0182-03738294-190001

IFSC: CSBK0000182.

കോട്ടയം മെഡിക്കൽ കോളേജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ ശ്വാസകോശം മാറ്റിവെയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും നിയമനടപടികളും പൂർത്തിയാക്കിയിട്ട് രണ്ടുവർഷമാകുന്നു. ഇതിനായി രോഗികളും തയ്യാറാണ്. അനുയോജ്യമായ ശ്വാസകോശം ലഭിക്കുന്ന മുറയ്ക്ക് ശസ്ത്രക്രിയ നടക്കും. ഹൃദയവും വൃക്കയും കരളും കണ്ണും കോക്ലിയയും ഇവിടെ മാറ്റിവെയ്ക്കുന്നുണ്ട്.

മെഡിക്കൽ പ്രൊഫഷൻ വെറുമൊരു ജോലിയല്ല ഡോ. ജയകുമാറിന് ഒരുതരം ഭ്രാന്തമായ അഭിനിവേശം തന്നെയാണ്. അതുകൊണ്ടുതന്നെ വെറും രണ്ടോ മൂന്നോ മണിക്കുർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. കോട്ടയം മെഡിക്കൽ കോളജിനെ ഇന്ത്യയിലെ നമ്പർ വൺ എന്ന് പറയാവുന്ന രീതിയിൽ വളർത്തിയെടുത്തും ഇദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങൾ കൊണ്ടാണ്.

നിർധനരായ രോഗികളുടെ അത്താണിയാണ് ഡോ. ജയകുമാർ. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും, പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വാങ്ങിയും, വണ്ടിക്കൂലി കൊടുത്തുമാണ് തീരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ രോഗികളെ സംബന്ധിച്ച് ജയകുമാർ വെറുമൊരു ഡോക്ടർ മാത്രമല്ല. തങ്ങളുടെ എല്ലാമാണ്.

പ്രതിവർഷം നന്നാക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങൾ!

സ്വന്തം പങ്കാളിയുടെ മാത്രമല്ല, പതിനായിരങ്ങളുടെ 'ഹൃദയം കവർന്ന' ഡോക്ടറാണ് ജയകുമാർ. വർഷത്തിൽ അദ്ദേഹം നന്നാക്കിയെടുക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങളാണ്. മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളിൽ നട്ടുപിടിപ്പിക്കുന്ന അസാധാരാണമായ കൈപ്പുണ്യം. മിടിക്കുന്ന ഏഴ് ഹൃദയങ്ങളാണ് ഈ കൈകൾ തുന്നിപ്പിടിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സക്ക് വിധേയരായ പല രോഗികളും വികാരവായ്‌പ്പോടെയാണ് തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്.

ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടർ വീട്ടിൽ ചെലവിടുന്നത്. ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിർദ്ദേശിക്കുന്ന ഡോക്ടർക്ക് ഉറക്കം രണ്ടോ മൂന്നോ മണിക്കൂർ മാത്രം. ബാക്കി സമയം മുഴുവൻ ശസ്ത്രക്രിയാ മുറിയിലോ രോഗികൾക്ക് നടുവിലോ കാണാം. മേജർ ശസ്ത്രക്രിയകൾ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളിൽ ശസ്ത്രക്രിയാ മുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിന്റെ റൂമിലെ സെറ്റിയിൽ കിടന്ന് ഒരു മയക്കം..!

പുലർച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകൾ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങൾ തീർത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതൽ. മിക്ക ദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടിൽ കഴിക്കുന്നത്. പിന്നെ ആശുപത്രിയിലേക്ക് മടക്കം. അപ്പോഴേക്കും നിരവധി ഹൃദ്രോഗികൾ അദ്ദേഹത്തിന്റെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികൾ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാൽ സ്വന്തം കാറിൽ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാൾ.

കൊറോണക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായ കോവിഡ് രോഗികൾക്കായി മുഴുവൻ സമയം അദ്ദേഹം നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് തന്നെ കാത്തിരിക്കുന്ന ഹൃദ് രോഗികൾക്കരികിലേക്കാണ്.

മകന്റെ മരണം സൃഷ്ടിച്ച മനംമാറ്റം

മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കുടുംബത്തിലാണ് ഡോ. ജയകുമാറിന്റെ ജനനം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്ന പിതാവാണ് തന്റെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചതെന്ന് അദ്ദേഹം പറയാറുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ തന്നെ പഠിച്ച്, എം.ബി.ബി.എസും എം.ഡിയു കഴിഞ്ഞ് അവിടെ തന്നെ ഡോകടറായി സേവനം അനുഷ്ഠിക്കയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ദുരന്തമാണ്.

വർഷങ്ങൾക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാർ ഓർമിക്കുന്ന ദിനത്തിൽ തന്നെയാണ് അദ്ദേഹം അച്ഛനായതും. കോട്ടയം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 20 വർഷം മുമ്പ്. മിടുക്കനായ ഒരു ആൺകുഞ്ഞ്. കുഞ്ഞിനെ കൺനിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടർമാർ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതര രോഗമുണ്ടെന്ന്. ആകെ തളർന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എത്രയും വേഗം എറണാകുളത്ത് പി.വി എസ്. ആശുപത്രിയിൽ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളിൽ. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലൻസില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവാകും.

കോട്ടയം മെഡിക്കൽകോളേജിൽ ഡോക്ടർ ജയകുമാർ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവന്റെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി ഡോ. ജയകുമാർ അന്നൊരു തീരുമാനമെടുത്തു. 'ഒരു സാധാരണക്കാരന്റെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികൾക്കു വേണ്ടി മാത്രമാണ്. എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാൽ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവർക്കായി എന്തെങ്കിലും ചെയ്യണം.''- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ ജയകുമാർ പറയുന്നു.

തുടർന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടി.അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോൾ ദിവസവും മുൻകൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാൽവ് മാറ്റിവയ്ക്കൽ സർജറിയും മറ്റുമായി അദ്ദേഹം സദാ ഹൃദയത്തിന്റെ ലോകത്താണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജിലെ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നവർ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. പുറത്ത് 30 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ.