- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം; നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം; സാധാരണ വേനൽചൂടിനേക്കാൾ കാഠിന്യമുള്ള താപതരംഗം വടക്കൻ കേരളത്തിൽ; ഇന്ത്യയാകെ ചുട്ടുപൊള്ളുന്നു; വേനൽ മഴ വന്നില്ലെങ്കിൽ സർവ്വത്ര പ്രതിസന്ധി; രാജ്യം കരുതലിലേക്ക്
കൊച്ചി: കേരളം ഇനി ചുട്ടുപൊള്ളും. കടുത്ത ചൂടും താപതരംഗവും നിറഞ്ഞ മാസമാണ് മുമ്പിലുള്ളത്. മഴയ്ക്കും സാധ്യത കുറവ്. ഇടുക്കിയും വയനാടും പോലും ചുട്ടുപൊള്ളും. കണ്ണൂരും കാസർഗോഡും ഇന്ന് ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുമെന്നാണ് വിലയിരുത്തൽ.
ചൂട് അതികഠിനാമാകുമെന്ന മുന്നറിയിപ്പിൽ പൊള്ളി നിൽക്കുകയാണ് കേരളം. ഞായറാഴ്ച വരെ വടക്കൻ കേരളത്തിൽ താപതരംഗ സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില വടക്കൻകേരളത്തിലും മംഗളൂരുവിലും മറ്റുമായിരുന്നു. കേരളത്തിൽ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയിലുള്ള നൂറോളം ഓട്ടമാറ്റിക് താപമാപിനികളിൽ 48 എണ്ണത്തിലും വെള്ളിയാഴ്ച ഒരുമണിയോടെ താപനില 36 ഡിഗ്രി കടന്നു. കണ്ണൂർ വിമാനത്താവളത്തിൽ 41. 3 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
കേരളത്തിൽ ഞായറാഴ്ച നേരിയ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്ന പ്രതീക്ഷയുണ്ട്. എന്നാൽ ഇത് സംഭവിക്കുമെന്ന് ആരും പ്രവചിക്കുന്നില്ല. 10-ാം തീയതി വരെ ശരാശരി താപനില പതിവിലും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കും. മാർച്ച് രണ്ടാം വാരത്തോടെ വേനൽമഴ ലഭിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷ. ഏപ്രിൽ മെയ് മാസങ്ങളിലും പൊള്ളുന്ന ചൂടിനു ശമനമേകി മഴ പെയ്തിറങ്ങുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം പറയുന്നത്.
ഉത്തരേന്ത്യയിലും താപതരംഗങ്ങൾ രൂപപ്പെടുമെന്ന് ഉറപ്പായി. വേണ്ടത്ര മഴയും കിട്ടാൻ സാധ്യതയില്ല. ഗോതമ്പും മറ്റ് റാഗി വിളകളും വളരുന്ന കാലമായതിനാൽ കർഷകർക്കും തിരിച്ചടിയാണ്. വെല്ലുവിളി നിറഞ്ഞ 3 മാസങ്ങളാണ് ഇനിയുള്ളത്. 2016 മുതലാണ് ഐഎംഡി ഉഷ്ണകാലത്തെയും താപതരംഗത്തെയും സംബന്ധിച്ച പ്രവചനം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
കേരളത്തിൽ വേനൽച്ചൂട് ഉയരുമ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനൽച്ചൂടിനെക്കാൾ 3 മുതൽ 5 വരെ ഡിഗ്രി അധികമാണ്. പാലക്കാട് ഇന്നലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8 എന്നിങ്ങനെയായിരുന്നു ഉയർന്ന താപനില. മൂന്നാറിൽ 22.91 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവർ വെയിൽ അധികമുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മറുനാടന് മലയാളി ബ്യൂറോ