ഷിംല: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി. ഹിമാചൽപ്രദേശിലുണ്ടായ പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും നിർത്തിയിട്ടിരുന്ന കാറുകൾ കൂട്ടത്തോടെ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നിമിഷങ്ങൾക്കൊണ്ടാണ് മണാലിയിൽ ബസ് ഒലിച്ചു പോയത്. കുളുവിൽ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങൾ ഒലിച്ചുപോയി. നദി കരകവിഞ്ഞ് ഒട്ടേറെ കാറുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

ഹരിയാണ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് വെള്ളം നിരന്തരം തുറന്നുവിട്ടതോടെ യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയും പിന്നിട്ട് ഉയരുകയാണ്. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് യമുന നദിയിലെ ജലനിരപ്പ്. യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ യമുന നദിയിലെ ജലനിരപ്പ് 204.5 മീറ്റർ എന്ന നിലയിലായിരുന്നു. 2,15,677 ക്യുസെക്‌സ് വെള്ളം മൂന്ന് മണിയോടെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടതായി പ്രളയ നിവാരണ വകുപ്പ് വ്യക്തമാക്കുന്നു. സാധാരണനിലയിൽ 352 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിൽ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

'നിലവിലുള്ള സാഹചര്യം നേരിടാൻ ഡൽഹി സർക്കാർ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 206 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയാൽ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജൂലൈ 11ഓടെ ജലനിരപ്പ് 205 മീറ്റർ പിന്നിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഹരിയാണയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ നേരത്തെ തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു'- അദ്ദേഹം പറഞ്ഞു,

ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ടി - കുളു ദേശീയപാത അടച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു പാലം ഒലിച്ചുപോയ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയതിന്റെയടക്കം ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് കാറുകൾ ഒഴുകിപ്പോയത്. പഞ്ചാബിലെ ഹോഷിയാർപൂരിലും കനത്ത മഴയാണ്. വീടുകളിൽ വെള്ളം കയറി. റോഡിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതൽ പഞ്ചാബിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

അതേസമയം ഹിമാചലിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഭീതിജനകമാണ്. പിടിഐ പുറത്തുവിട്ട ഒരു ദൃശ്യത്തിൽ ഉരുൾപൊട്ടി വരുന്നതും വഴിയിലുള്ള വീടുകളെല്ലാം അതിവേഗം ഒലിച്ചുപോകുന്നതിന്റെ ഭീകരത ദൃശ്യമാകുന്നുണ്ട്. വെള്ളപ്പാച്ചിൽ കടന്നുപോയിടത്ത് പിന്നീട് ഒരു വീടിരുന്നതിന്റെ ലക്ഷണം പോലും അവശേഷിച്ചില്ല. മരങ്ങളും കമ്പുകളും കല്ലുകളുമടക്കം എല്ലാം ഒലിച്ചുപോകുന്നതായിരുന്നു ഞെട്ടിക്കുന്ന വീഡിയോയിൽ.

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ തുനാഗ് മേഖലയിൽ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹിമാചലിലെ സോളൻ ജില്ലയിലെ ചേവ ഗ്രാമത്തിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളും ഭയപ്പെടുത്തുന്നതാണ്.

ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുകയാണ്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി - കുളു ദേശീയ പാത അടച്ചു.

അടുത്ത 24 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു അഭ്യർത്ഥിച്ചു. ''അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 1100, 1070, 1077 ഈ മൂന്ന് സഹായ നമ്പരുകളിൽ ജനങ്ങൾക്കു ബന്ധപ്പെടാം. 24 മണിക്കൂറും നിങ്ങളെ സഹായിക്കാൻ ഞാൻ കൂടെയുണ്ട്.'' മുഖ്യമന്ത്രി പറഞ്ഞു.

ആറുജില്ലകളിൽ പ്രളയമുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഷിംല ജില്ലയിൽ നിന്നും ഡറാഡൂണിലേക്കു പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ടു. ബസിൽ നിന്നും ജനലിലൂടെ ജനങ്ങൾ രക്ഷപ്പെടുകയായിരുന്നു. ഇന്നും നാളെയു റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, ജമ്മുകശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഉത്തരേന്ത്യയിൽ വ്യാപക മഴ തുടരുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്റെ ഒരു ഭാഗം തകർന്നു. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ് തകർന്നത്. ഡൽഹിയിലെ കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.

കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്‌സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്