തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കനത്ത കാറ്റിലും മഴയിലും വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. മലപ്പുറത്ത് കനത്ത മഴക്കിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് വടകരയില്‍ കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ മൊബൈല്‍ ടവര്‍ കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണു. വിവിധ ജില്ലകളില്‍ കൃഷിനാശവും ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണടക്കം നിരവധി വീടുകളും തകര്‍ന്നു.

പതിനാറ് വര്‍ഷത്തിനു ശേഷമാണ് മണ്‍സൂണ്‍ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിലും കാസര്‍കോടും റെഡ് അലര്‍ട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കടലാക്രമണം രൂക്ഷമാണ്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്.

കിണര്‍ ഇടിഞ്ഞ് മരണം

വടകര അഴിയൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. കൂടെ അപകടത്തില്‍പ്പെട്ട അഴിയൂര്‍ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12.30-ഓടെ ആയിരുന്നു സംഭവം. മൊത്തം ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. ഇവരില്‍ രണ്ടുപേരാണ് കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടത്.

വേണുവിനെ രക്ഷപ്പെടുത്തി മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, രതീഷിനെ കണ്ടെത്താനായി വടകര, മാഹി അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം വിഫലമായി. മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.

മേഖലയില്‍ രാവിലെ മുതല്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഘനനം പോലെയുള്ള ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തൊഴിലാളികള്‍ കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. ഇതാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തിലേക്ക് നയിച്ചത്.

വ്യാപക നാശനഷ്ടം

മലപ്പുറം വാക്കല്ലൂരിലാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. ഒരു കുട്ടിയടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. കനത്ത മഴക്കിടെ നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വ ഭിത്തി മഴയെ തുടര്‍ന്ന് ഇടിഞ്ഞു.

പാലക്കാട് അട്ടപ്പാടിയില്‍ റോഡില്‍ മുളംകൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. കവുണ്ടിക്കല്‍ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തി ആരംഭിച്ചു. കൊല്ലം പുനലൂരില്‍ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി. കോട്ടവട്ടം സ്വദേശി മുരളീധരന്റെ അമ്പതോളം വാഴകള്‍ ഒടിഞ്ഞു വീണു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ഇടവിട്ട് മഴ ശക്തമാണ്. കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കന്‍ മലയോര മേഖലയിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നുണ്ട്.

രാത്രിയുണ്ടായ മഴയിലും കാറ്റിലും പുനലൂര്‍ ഐക്കരക്കോണത്ത് വീടിന് മുകളിലേക്ക് മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരന്റെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയും വീട്ടിലെ ഉപകരണങ്ങളും നശിച്ചു. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കൊല്ലത്ത് തന്നെ അഞ്ചല്‍ ഇടമുളയ്ക്കലില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണു. പലയിടങ്ങളിലും മരത്തിന്റെ ചില്ലകള്‍ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തകരാറിലായി.

കോട്ടയത്ത് കാറ്റിലും മഴയിലും ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ നിലംപതിച്ചു. പാലാ സെന്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയില്‍ സ്ഥാപിച്ചിരുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവര്‍ ആണ് മറിഞ്ഞു വീണത്. സിഗ്‌നല്‍ ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.

കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാല്‍ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. തലനാട് വെള്ളാനി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന പഠനോപകരണങ്ങള്‍ അടക്കമുള്ളവ നശിച്ചു. ഈരാറ്റുപേട്ടയില്‍ മരം വീണു വീണ് ഒരു വീട് തകര്‍ന്നു. കടുവാമൂഴി അമ്പഴത്തിനാല്‍ ഷിഹാബിന്റെ വീടിന് മുകളിലേക്ക് ആണ് മരങ്ങള്‍ വീണത്. വൈക്കം സൗത്ത് പറവൂരിലും വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞു വീണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഇടിഞ്ഞു വീണു.

തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിള വേട്ടമ്പള്ളിയില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. വേട്ടമ്പള്ളി സ്വദേശി മീനാക്ഷിയുടെ വീടിന്റെ ഒരു ഭാഗമാണ് മരം വീണ് തകര്‍ന്നത്. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണത് നഗരത്തില്‍ പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. ശക്തമായ കാറ്റില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു.

പൂവച്ചല്‍ കാപ്പിക്കാട് വീടിനു മുകളിലേക്ക് റബ്ബര്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. രാവിലെ 11 മണിയോടെ ഉണ്ടായ കാറ്റിലാണ് ചില്ല ഒടിഞ്ഞുവീണ് സാബു കുമാര്‍ എന്നയാളുടെ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച ചികിത്സ നല്‍കി.

വെങ്ങാനൂര്‍ ചാവടി നട ഏലായില്‍ 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ?ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ഓണത്തിന് വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. 5000 ത്തോളം വാഴകള്‍ ഒടിഞ്ഞുവീണതായാണ് കണക്ക്. വെങ്ങാനൂര്‍ കൃഷി ഓഫീസര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി വരുന്നു.

ശക്തമായ കാറ്റില്‍ പള്ളിപ്പുറത്ത് പായിച്ചിറയില്‍ സുരേഷിന്റെ വീടിന് മുകളില്‍ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി. പള്ളിപ്പുറം സിആര്‍പിഎഫ് ആസ്ഥാനത്തിനു സമീപം പുതുവലില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വഴിയുടെ കുറുകെ വീണ മരം ഇപ്പോഴും മുറിച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. വെളുപ്പിനെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആണ് മരം ഒടിഞ്ഞുവീണത്.

കാരശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് തോട്ടക്കാട് പുതിയോട്ടില്‍ ഭാസ്‌കരന്റെ വീടിന്റെ മുന്‍വശത്തെ മുറ്റം തകര്‍ന്നു. വീട് അപകടാവസ്ഥായില്‍ ആയതിനേത്തുടര്‍ന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കാരശ്ശേരി ആക്കോട്ട് ചാലില്‍ സുബിന്റെ 300ലധികം വാഴകളും കാറ്റില്‍ നിലം പതിച്ചു. മുരിങ്ങംപുറായില്‍ കെ പി ഉമ്മറിന്റെ വീടിനു മുകളില്‍ തേക്ക് മരം വീണു

ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം

മലപ്പുറം ജില്ലയില്‍ ജാഗ്രത ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കിയത്. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല.

24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും.

റെഡ് അലര്‍ട്ട്

24-05-2025: കണ്ണൂര്‍, കാസര്‍കോട്

25-05-2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

26-05-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

24-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

25-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

26-05-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

27-05-2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

28-05-2025: കണ്ണൂര്‍, കാസര്‍കോട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

27-052025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

28-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.