- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി മാറുന്നുവെന്ന് മുന്നറിയിപ്പ്; കണ്ണൂരില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; എറണാകുളത്ത് ഇടിമിന്നലില്‍ വീട് തകര്‍ന്നു
കേരളത്തിന് അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി മാറുകയാണ്.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് പ്രവചനം. അറബിക്കടലില്‍ ഉയര്‍ന്ന തോതില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതും അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനുള്ള സാദ്ധ്യതയുമുണ്ടെന്നാണ് പ്രവചനം.
ശനിയാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്ത് കിഴക്കന്‍ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കണ്ണൂരിന്റെ മലയോരമേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയില്‍ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. ആളുകള്‍ മതിലിന് സമീപമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിലവില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
നിലവില്‍ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാന്‍ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളില്‍ മഴ ശക്തമായി പെയ്യുകയാണെങ്കില്‍, മുന്‍പ് വെള്ളത്തില്‍ മുങ്ങിപ്പോയ സൗത്ത് റെയില്‍വേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം-തെങ്കാശി റോഡില്‍ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനില്‍ സമീപത്തുള്ള തോട്ടില്‍ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങള്‍ക്കൊന്നും അതുവഴി കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ വാഹനങ്ങള്‍ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ലോറി പോലുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂര്‍, മുക്കോല, ഉച്ചക്കട ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
വെള്ളിയാഴ്ച വരെയുള്ള മഴ മുന്നറിയിപ്പ് ചുവടെ:
ഓറഞ്ച് അലര്‍ട്ട്20/10/2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്. 22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. 23/10/2025: കോഴിക്കോട്, വയനാട്. 24/10/2025: കണ്ണൂര്‍, കാസര്‍കോട്.
മഞ്ഞ അലര്‍ട്ട്
20/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. 21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. 23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്. 24/10/2025: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.