ബംഗളൂരു: ബംഗളുരു നഗരത്തിൽ ഞായറാഴ്‌ച്ച പെയ്ത കനത്ത മഴയിൽ രണ്ടര കോടിയുടെ സ്വർണാഭരണങ്ങൾ നഷ്ടമായെന്ന് പരാതി. കനത്ത മഴയിൽ ജൂവലറിയിൽ വെള്ളം കയറിയാണ് വൻ നാശനഷ്ടം ഉണ്ടായത്. സ്വർണാഭരണങ്ങളും ഒപ്പം ജുവല്ലറിയിലെ ഫർണിച്ചറുകളും ഒലിച്ചുപോയതായി പരാതി.

മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജൂവലറിയിലെ ആഭരണങ്ങളാണ് നഷ്ടമായത്. 50,000 രൂപയും നഷ്ടമായതായി ന്യൂസ് 18 കന്നഡ റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ അടക്കാൻ പോലും കഴിയാത്തതാണ് വൻനഷ്ടത്തിനിടയാക്കിയത്. ഡിസ്‌പ്ലൈക്കായി വെച്ചിരുന്നവയും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നതുമായ ആഭരണങ്ങളാണ് കനത്ത വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്.

മെയ്‌ 27ന് ജുവല്ലറിയുടെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് സംഭവം. സഹായത്തിനായി കോർപറേഷൻ അധികൃതരെ ഫോണിൽ വിളിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഉടമ പ്രിയ കുറ്റപ്പെടുത്തി. അഴുക്കുചാൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജൂവലറി ഉടമ ആരോപിച്ചു. ജുവല്ലറിയിൽ വെള്ളം കയറാൻ ഇടയാക്കിയത് ഈ അശാസ്ത്രീയ നിർമ്മാണം കാരണമാണെന്നാണ് ആരോപണം.

അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി. ഞൊടിയിടയിൽ കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു.

അതേസമയം കർണാടകയിൽ കനത്ത നാശം വിതച്ച് വേനൽമഴ തുടരുകയാണ്. ഏഴുപേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. ബംഗളൂരുവിൽ മാത്രം രണ്ടുപേർ മരിച്ചു. കെ.ആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖയും (22) കെ.പി അഗ്രഹാരയിൽ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ലോകേഷ് (31) എന്നയാളുമാണ് മരിച്ചത്. അടിപ്പാതകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുകയും ഓടകളിലെ ചെളിയും മണ്ണും നീക്കുകയും ചെയ്യുന്നുണ്ടെങ്കിലും മഴ തുടരുന്നത് തിരിച്ചടിയാവുകയാണ്.