- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇടയാക്കിയത് ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യത; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്; മലമ്പുഴയിൽ ഡാമിന്റെ നാല് അണക്കെട്ടുകൾ തുറന്നു
പാലക്കാട്: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇടയാക്കിയത് ചക്രവാതച്ചുഴി. അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അണക്കെട്ടുകളിലും വെള്ളം ഉയരുന്ന അവസ്ഥയിൽ അണക്കെട്ടുകളും തുറക്കുന്ന അവസ്ഥയിലാണ്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും പത്ത് സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. സെക്കൻഡിൽ തൊള്ളായിരത്തി ഇരുപത്തി ആറ് ഘന അടി വെള്ളമാണ് നാല് ഷട്ടറുകളിലൂടെയും പുറത്തേയ്ക്ക് ഒഴുക്കുന്നത്.
നിലവിൽ 113.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. വെള്ളം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുക ലക്ഷ്യമിട്ടാണ് നടപടി. നാൽപ്പത്തി അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ സംസ്ഥാനത്തെ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊന്മുടി, കണ്ടള. ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
മാട്ടുപ്പെട്ടി, ആനയിറങ്ങൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടും കുറ്റ്യാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂനമർദ്ദപ്പാത്തിയും നിലനിൽക്കുന്നുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് ഇത്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിലും കുറ്റ്യാടിയിലും ബ്ലൂ അലർട്ടുമാണ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടാണ്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ