- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; ചിലയിടങ്ങളിൽ വ്യാപക നാശനഷ്ടം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു; ഇരുവഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായി; വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു; കാസർകോട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ കാറ്റും മഴയും. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് മഴ കനത്തത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കൊല്ലത്തും വ്യാപക നാശനഷ്ടമുണ്ടായി. ചെങ്കോട്ട റെയിൽപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ - കൊല്ലം, കൊല്ലം - പുനലൂർ മെമു സർവീസുകൾ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകൾ തകർന്നു
കോഴിക്കോട് ജില്ലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ വൻനാശനഷ്ടമാണ് അനുഭവപ്പെട്ടത്. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ റോഡിന് കുറുകെ മരം വീണതിനെത്തുടർന്ന് കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനസഞ്ചാരം തടസപ്പെട്ടു. ഇരുവഞ്ഞിപ്പുഴയിലെ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
താമരശ്ശേരി ചുരത്തിന്റെ. ചുരം ആറാം വളവിലാണ് വനപ്രദേശത്തെ മരം കടപുഴകി റോഡിലേക്ക് വീണത്. മരം റോഡിന് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്ന് അഗ്‌നിരക്ഷാസേന ചുരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഇരുവഞ്ഞിപുഴയിൽ ഒരാൾ ഒഴുകിൽ പെട്ടു. കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപമാണ് ഒരാൾ ഒഴുക്കിൽ പെട്ടതുകൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഉസൈൻ കുട്ടിയാണ് ഒടുക്കിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുന്നു.
കൊയിലാണ്ടി ബിവറേജസ് റോഡിൽ പ്ലാവിന്റെ കൊമ്പ് കാറിനു മുകളിൽ വീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടിയാണ് മരക്കൊമ്പ് ഇലക്ട്രിക് ലൈനിലേക്കും കാറിനു മുകളിലേക്കും ആയി പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി.
കനത്ത മഴയിലും കാറ്റിലും ചക്കിട്ടപാറയിൽ മരം കടപുഴകി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഫയർഫേഴ്സ് സ്ഥലത്തെത്തി മുറിച്ചുമാറ്റി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ മരക്കമ്പ് പൊട്ടി വീണ് കാർ ഭാഗികമായി തകർന്നു. നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മരക്കൊമ്പ് പൊട്ടി വീണത്. ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ബീച്ച് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ച് മാറ്റി.
ശക്തമായ മഴയിൽ മാവൂർ കൂളിമാട് റോഡ് താത്തൂർ പൊയിലിലെ എടക്കുനിമ്മൽ ഭാഗത്ത് റോഡ് വയലിലേക്ക് ഇടിഞ്ഞു. ജലജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിന് വേണ്ടി ഈ ഭാഗത്ത് ചാലെടുത്തിരുന്നു. നിരവധി വാഹനങ്ങൾ ഏത് സമയത്തും കടന്നുപോകുന്ന തിരക്കുപിടിച്ച ഒരു റോഡ് കൂടിയാണ് ഇത്. കോഴിക്കോട് ഊട്ടി ഹ്രസ്വദൂര പാതയായി ഈറോഡ് ഉൾപ്പെടുത്തി നവീകരണം തുടങ്ങിയെങ്കിലും പല ഭാഗങ്ങളിലും റോഡിന് ആവശ്യമായ സ്ഥലം ഇല്ലാത്തതിനാൽ പ്രവൃത്തി മുടങ്ങുകയാണ് ചെയ്തത്. റോഡ് ഇടിഞ്ഞതോടുകൂടി ഇതുവഴിയുള്ള ഗതാഗതം അപകടാവസ്ഥയിലായി.
എറണാകുളം ജില്ലയിൽ ഞാറക്കൽ വെളിയത്താംപറമ്പിൽ കടലാക്രമണം രൂക്ഷമായി. ഇരുന്നൂറിലധികം വീടുകളിൽ വെള്ളം കയറി. ചെല്ലാനം, പുത്തൻതോട്, ചെറിയകടവ്, കണ്ണമാലി മേഖലകളിലും കടൽക്ഷേഭമുണ്ട്. മലപ്പുറം പൊന്നാനിയിൽ കടൽക്ഷോഭത്തെ തുടർന്നു 20 വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇടത്തല കോളനിയിൽ മണിമലയാർ കരകവിഞ്ഞു നാലു വീടുകളിൽ വെള്ളം കയറി.
കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാസർകോട്: മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ച് കളക്ടർ. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ എന്നിവയ്ക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. കോളേജുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ബുധനാഴ്ചയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. ഈ സാചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചത്. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ