ഷിംല: ഉത്തരേന്ത്യയിൽ മഴയുടെ സംഹാര താണ്ഡവം. കനത്ത മഴയിൽ ജനങ്ങൾ ദുരിതത്തിലാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിൽ ഉത്തേരന്ത്യയിൽ 24 പേർക്കാണ് ജീവൻ നഷ്ടമായെന്നും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായ അവസ്ഥയിലാണ് കാര്യങ്ങൽ. പല നഗരങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. വരും ദിവസങ്ങളിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഹിമാചൽ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തിൽ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.രവി, ബിയാസ്, സത്ലജ്, ചെനാബ് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. മണ്ടിയിലെ തുംഗയിൽ വീട് ഒലിച്ചുപോകുന്നതിന്റെയും നഗരത്തിലൂടെ കുത്തിയൊലിച്ച് പ്രളയജലം ഒഴുകുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സോളനിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. 135 മില്ലിമീറ്റർ മഴയാണ് ഞായറാഴ്ച പെയ്തത്. 1971ലെ 105മില്ലിമീറ്റർ മഴയാണ് പഴങ്കഥയായത്.

ഉത്തരാഖണ്ഡിലും സമാനമായ നിലയിൽ മിന്നൽ പ്രളയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്തുവ, സാംബ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും കനത്തമഴയാണ് തുടരുന്നത്. താഴ്്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി. പ്രളയ സാഹചര്യം നിരീക്ഷിക്കുന്നതിന് ഡൽഹിയിൽ 16 കൺട്രോൾ റൂമുകൾ തുറന്നു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്തമഴയിൽ ജനജീവിതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി.

ഡൽഹിയിലും വൻവെള്ളക്കെട്ട് അടക്കം റോഡുകളിൽ രൂപം കൊണ്ടിട്ടുണ്ട്. 40 വർഷത്തിനിടെ ജൂലൈയിൽ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. വാഹനങ്ങൾ പാതി വഴിയിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങി. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) കഴിഞ്ഞ ശനിയാഴ്ചയാണ് സീസണിലെ ആദ്യത്തെ കനത്ത മഴ രേഖപ്പെടുത്തിയത്.

24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. ഇതോടെ 1982 ന് ശേഷം ഒരു ജൂലൈ ദിവസത്തിലെ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയും 1958 ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന മഴയും നഗരത്തിൽ രേഖപ്പെടുത്തി. തെരുവും നഗരവും വെള്ളക്കെട്ടിലായതോടെ തദ്ദേശീയർ വീഡിയോകൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. പല വീഡിയോകളും റോഡിലൂടെ അപകടകരമായ രീതിയിൽ വെള്ളം കുതിച്ചൊഴുകുന്നത് കാണാം. ആളുകൾ തങ്ങളുടെ വാഹനങ്ങൾ അടക്കമുള്ള സ്വത്ത് വകകൾ കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തിൽ ഒലിച്ച് പോകാതിരിക്കാൻ പാടു പെടുന്നതിന്റെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങൾ നിറയേ.

ചിലരുടെ വീട്ടു പടിക്കലേക്ക് വെള്ളമെത്തിയപ്പോൾ മറ്റു ചിലരുടെ വീടിന് ഒള്ളിലേക്കും വെള്ളം കയറി. പല ദൃശ്യങ്ങളിലും റോഡുകളിൽ മുട്ടോളവും അരയോളവും വെള്ളം നിറഞ്ഞതായി കാണാം. കനത്ത മഴയെ തുടർന്നുള്ള കെടുതികളും കൂടുതലായിരുന്നു. അതിശക്തമായ മഴയിൽ കരോൾ ബാഗിൽ 15 വീടുകൾ തകർന്നു. ഒരാൾ മരിച്ചു. കുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തിൽ പാർക്കുകളും അടിപ്പാതകളും മാർക്കറ്റുകളും വെള്ളത്തിനടിയിലായി.