- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പില്ലാതെ പത്തനംതിട്ടയിൽ മഴയെത്തി; ചുങ്കപ്പാറയും പത്തനംതിട്ട ടൗണും വെള്ളത്തിനടിയിലായി; തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; നദികളിൽ ജലനിരപ്പുയരാത്തത് ആശ്വാസം; ഞായറാഴ്ച രാത്രി 11 ന് തുടങ്ങിയ മഴ നീണ്ടത് ഇന്ന് രാവിലെ ഏഴു വരെ
പത്തനംതിട്ട: കാലാവസ്ഥാ നിരീക്ഷകരുടെ കണ്ണിൽപ്പെടാതെ ജില്ലയിൽ കനത്ത മഴ. ഇന്നലെ രാത്രി 11 ന് തുടങ്ങിയ മഴയ്ക്ക് നേരിയ ശമനമുണ്ടായത് രാവിലെ ഏഴു മണിയോടെയാണ്. എട്ടരയോടെ വീണ്ടും കനത്തമഴ പെയ്തു. മിന്നൽ പേമാരിയിൽ നാടുനീളെ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. ചുങ്കപ്പാറ ജങ്ഷനിലും പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും റോഡിലും കടകളിലും വെള്ളം കയറി.
മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ പല വീടുകളിലും കടകളിലും വെള്ളം കയറി. ഒരു കാർ പോർച്ചിൽ നിന്നും ഒഴുകി പോയി. ഈ കാർ നാട്ടുകാർ തോട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ രാത്രി ലഭിച്ച മഴയുടെ അളവ്. മില്ലിമീറ്ററിൽ
വാഴക്കുന്നം 139
കുന്നന്താനം 124
റാന്നി 104
കോന്നി 77
സീതത്തോട് 73
ഉളനാട് 65
ളാഹ 61
വെൺകുറിഞ്ഞി 45
മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രാദേശികമായി ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യും. അടുത്ത മണിക്കൂറുകളിൽ മഴ കുറയും.
മല്ലപ്പള്ളി താലൂക്ക് പരിധിയിൽ രാത്രി ശക്തമായ മഴ ഉണ്ടായിരുന്നു. രാവിലെ 6:30 ന് ശേഷം മഴയുടെ ശക്തി കുറഞ്ഞു. കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ജംഗ്ഷനിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂർ വില്ലേജുകളിലെയും തോടുകൾ കരകവിഞ്ഞ് ഒഴുകുന്നു.
പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിലെ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി. താഴേ വെട്ടിപ്രത്ത് അപ്രതീക്ഷിതമായി ജലനിരപ്പുയർന്ന് എസ്‌പി ഓഫീസിലും റോഡിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതത്തിന് അൽപ്പനേരം തടസം നേരിട്ടു. ഇവിടെ ഭക്ഷ്യഗോഡൗണിൽ വെള്ളം കയറിയതിനെ തുടർന്ന് ധാന്യങ്ങൾ മാറ്റി.
നദികളിൽ ജലനിരപ്പുയരാത്തത് ആശ്വാസമായിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂപം കൊണ്ടു. ഇന്നലെ വൈകിട്ട് വരെ കാലാവസ്ഥാ മുന്നറിയിപ്പിൽ പത്തനംതിട്ടയിൽ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. രാത്രി 10 മണിയോടെ നേരിയ തോതിൽ തുടങ്ങിയ മഴ പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ മേഘസ്ഫോടനം നടന്നുവെന്ന് സംശയിക്കുന്നുണ്ട്. തിരുവല്ല റാന്നി റോഡിൽ വെണ്ണിക്കുളത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്