തിരുവനന്തപുരം: കനത്ത മഴയിലും മിന്നല്‍ ചുഴലിയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ വീണ മരം നീക്കി.

കോഴിക്കോട് കല്ലാച്ചിയില്‍ അനുഭവപ്പെട്ട മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മാവൂരിലും കനത്ത കാറ്റാണ് നാശനഷ്ടമുണ്ടാക്കിയത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തു. ഇതിന് പുറമേ മാവൂരില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങല്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.

തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്. നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.

നെന്മാറ, മണ്ണാര്‍കാട്, ഒറ്റപ്പാലം ഭാഗങ്ങളില്‍ രാവിലെയും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍കാട് തച്ചമ്പാറയില്‍ വീടിന് മുകളില്‍ മരം വീണു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറു പേര്‍ താമസിച്ചിരുന്ന വീട്ടിലെ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. 71 വയസുള്ള സ്ത്രീക്കും 21 വയസുള്ള യുവതിക്കുമാണ് പരിക്കേറ്റത്.

നെന്മാറ വിത്തനശ്ശേരിയില്‍ വയോധികരുടെ വീട് കനത്ത മഴയിലും കാറ്റിലും തകര്‍ന്നു വീണു. ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മാറ്റി. കൂടാതെ, ജില്ലയിലെ പല സ്ഥലങ്ങളിലും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ് തൂണ്‍ ഒടിഞ്ഞു വൈദ്യുതി തടസപ്പെട്ടു.

അതിനിടെ, പറമ്പികുളം-ആലിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുമ്പില്‍ തേക്ക് മരം വീണു. കാസര്‍കോട് ഭാഗത്തേക്ക് പൂര്‍ണമായി ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഒളിക്കലില്‍ ശക്തമായ കാറ്റില്‍ വൈദ്യുതി തൂണ്‍ നിലംപൊത്തി.

കോട്ടയം മറ്റക്കരയില്‍ വീടിന് മുകളില്‍ മരവീണു. മണ്ണൂര്‍പള്ളി സ്വദേശി അനൂപ ജോര്‍ജും രണ്ട് മക്കളുമാണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാല്‍, ഒരു കുട്ടിയുടെ തലക്ക് ചെറിയ പരിക്കേറ്റു. അപകടസമയത്ത് ഇവര്‍ മൂന്നു പേരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരം വീണതോടെ വീട് പൂര്‍ണമായി വാസയോഗ്യമല്ലാതായി.

പത്തനംതിട്ട റാന്നി താലൂക്കിലെ കനത്ത മഴയോടൊപ്പമുണ്ടായ മിന്നല്‍ ചുഴലികാറ്റില്‍ മലയോര മേഖലകടക്കം കനത്ത നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി വിതരണം പൂര്‍ണമായി താറുമാറായി.11 കെ.വി വൈദ്യുതി ലൈനുകളും തൂണുകളും വ്യാപകമായി തകര്‍ന്നു. ഗതാഗതം പലയിടത്തും മുടങ്ങി. മരം വീണ് നിരവധി വീടുകള്‍ക്കും നാശം സംഭവിച്ചു.

അങ്ങാടി മര്‍ത്തോമ്മ ജംങ്ഷനില്‍ എസ്.ബി.ഐയുടെ മുന്‍വശത്ത് തേക്കുമരം കടപുഴകി വീണു. സമീപത്തെ കടകള്‍ക്കും വാഹന ഷോറൂമിനും നാശനഷ്ടമുണ്ടായി. മുക്കട ഇടമണ്‍ റോഡില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. വെച്ചൂച്ചിറ നവോദയ സ്‌കൂള്‍ കോംമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ പരുവ റോഡിലേക്ക് കടപുഴകി വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്കും മരം വീണു.

പെരുനാട്, അത്തിക്കയം, കണ്ണമ്പള്ളി, കരികുളം, വെച്ചൂച്ചിറ, കുന്നം, ഇടമണ്‍, ഇടമുറി, ചേത്തയ്ക്കല്‍, പഴവങ്ങാടി, ഐത്തല, ചെറുകുളഞ്ഞി, പെരുനാട്, ചെറുകോല്‍, ഉതിമൂട് തുടങ്ങി വിവിധ ഇടങ്ങളില്‍ കാറ്റ് നാശംവിതച്ചു. അത്തിക്കയം-പെരുനാട് റോഡിലും അത്തിക്കയം-മടന്തമണ്‍ റോഡിലും മരംവീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു ഗതാഗതം മുടങ്ങി. കൊച്ചുകുളം, കുടമുരട്ടി മേഖലയിലും കാറ്റ് വ്യാപക നാശം വിതച്ചു. ചെറുകുളഞ്ഞി ആറ്റുഭാഗം റോഡില്‍ മുല്ലശ്ശേരി പടിയില്‍ തേക്ക് മരം വീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു.