- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയെ വിറപ്പിച്ച് കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ; ജില്ലാ ആസ്ഥാനം വെള്ളത്തിൽ മുങ്ങി; വയോധികയെ വെള്ളത്തിൽ കാണാതായെന്ന് സംശയം; നടന്നത് മേഘവിസ്ഫോടനം? ജില്ലയിൽ റെഡ് അലേർട്ട്
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ.മൂന്നിടത്ത് ഉരുൾപൊട്ടി. വയോധിക ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയിക്കുന്നു. ജില്ലാ ആസ്ഥാനം വെള്ളത്തിൽ മുങ്ങി. ഉച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. മേഘവിസ്ഫോടനം സംശയിക്കുന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിയും മിന്നലുമായി രണ്ടരയോടെ തുടങ്ങിയ മഴ അതിവേഗം ശക്തി പ്രാപിച്ചു.
കനത്ത മഴയെ തുടർന്ന് ചുരുളിക്കോട് ഉരുൾപൊട്ടിയെന്ന് സംശയം. തിരുവല്ല-കുമ്പഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെട്ടു.
ചുരുളിക്കോടുള്ള ടാറ്റാ മോട്ടോഴ്സിന്റെ സമീപത്താണ് മലവെള്ളം ഇരമ്പിയെത്തിയത്. ഇതോടെ റോഡു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അതിശക്തമായ വെള്ളപ്പാച്ചിലിൽ ഇരുചക്രവാഹനങ്ങൾ അടക്കം റോഡിലൂടെ കടന്നു പോകാൻ ബുദ്ധിമുട്ടി.
വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്ഐ അജി സാമുവലിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. ഫയർഫോഴ്സിനെയും അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു. സമീപത്തെ ഉയർന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസ് നിയന്ത്രിച്ച് വാഹനങ്ങൾ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്.
രാത്രിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അന്തരീക്ഷത്തിലേക്ക് മഴ പൊട്ടി വീണത് പെട്ടെന്നായിരുന്നു. മേഘവിസ്ഫോടനം പോലെ മഴ ഇരമ്പിയാർത്ത് പെയ്തു. മിനുട്ടുകൾക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളിൽ തോടു പോലെ ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായി.
വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പിലും വെള്ളം കയറി. സെൻട്രൽ ജങ്ഷൻസ്റ്റേഡിയം ജങ്ഷൻ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് കോരിക്കളയാൻ കടക്കാർ നന്നേ പ്രയാസപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവിടേക്കെല്ലാം വെള്ളം ഇരച്ചു കയറി. പത്തനംതിട്ട കെഎസ്ആർടിസി ഗാരേജിൽ വെള്ളം കയറി. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ വെള്ളം കയറി നശിച്ചു.
പല കടകളും റോഡിനേക്കാൾ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയ മഴ പെയ്താൽപ്പോലും ഇവിടെ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലൊന്നും ഇതുപോലെ കടകളിൽ വെള്ളം കയറിയിരുന്നില്ല. ഓടകൾ നിറഞ്ഞു കവിഞ്ഞതാണ് വെള്ളം കയറാൻ കാരണം. നേരത്തെ ടൗണിലെ ഓടകളുടെ മേൽമൂടികൾ ഇളക്കിമാറ്റി ശുചീകരിച്ചിരുന്നെങ്കിലും ഈ ഭാഗങ്ങളിൽ നടന്നിരുന്നില്ല. കല്ലും മണ്ണും അടിഞ്ഞ് ഓടകളെല്ലാം ഉപയോശൂന്യമായിരിക്കുകയാണ്.
അടിയന്തിരമായി ഓടകൾ വൃത്തിയാക്കി കടകളിൽ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. റിങ് റോഡിൽ ജെ മാർട്ടിന് സമീപം പെട്രോൾ പമ്പിൽ വെള്ളം കയറി. വെട്ടിപം ഗവ. എൽ.പിഎസിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു വീണു. ഡോക്ടേഴ്സ് ലേനിലെ റോഡ് തോടായി മാറി.
ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴ അനുഭവപ്പെട്ടു. വെട്ടിപ്രത്തിന് സമീപം പെരിങ്ങമലയിൽ മലവെള്ളപ്പാച്ചിൽ നിരവധി വീടുകളിൽ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട് ഇലന്തൂർ പരിയാരം തുമ്പമൺതറ ഭാഗത്ത് തോട് കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. തുമ്പമൺതറ തേയില മണ്ണിൽ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി വൻ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട പൂക്കോട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തൊടുകൾ കരകവിഞ്ഞൊഴുകുന്നു. നാരങ്ങാനം പുന്നോൺ പാടത്ത് മടവീണു. കൃഷി നാശം വ്യാപകം.
പരിയാരം തേയില മണ്ണിൽ എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടലുണ്ടായി. മണ്ണും വെള്ളവും ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. പാടങ്ങൾ നികന്നു. നാരങ്ങാനം മഞ്ഞപ്രയിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ സുധ (75)യെ കാണാതായതായി സംശയിക്കുന്നു. ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തി. ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡിലും ഉരുൾപൊട്ടിയിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ച് പുറത്തേക്ക് പാഞ്ഞു. കൃഷി നാശം നേരിട്ടുവെന്നും പ്രാഥമിക റിപ്പോർട്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്