തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. ചുരുങ്ങിയ സമയത്ത് തീവ്രമഴ പെയ്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം.ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴയാണ്.

റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. സ്വരാജ് റൗണ്ടിലും എം ജി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു. വീടുകളിൽ വെള്ളം കയറി. ഓടകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് കനത്ത വെള്ളക്കെട്ടിന് കാരണംനഗരത്തിലെ ഭൂരിഭാഗം റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ച നിലയിലാണ്. വെള്ളം കയറിയ ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാലത്ത് തുടങ്ങിയ മഴ ഉച്ചയ്ക്കും തുടരുകയാണ്.

ഓട വൃത്തിയാക്കിയാൽ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാർ പറഞ്ഞു. "തൃശൂരിൽ വളരെ ശക്തമായ മഴയാണ് ഉണ്ടായത്, മൂന്ന് മണിക്കൂറോളം ഇനിയും മഴ പെയ്യും. വെള്ളക്കെട്ട് കൂടും. ശക്തമായ മഴയാണ്. ഉച്ചയോടെ മഴ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് മുന്ന് ജില്ലകളിൽ യ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ കാസർകോട് ജില്ലളിൽ യെല്ലോ അലർട്ടാണ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.