- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ആഗ്രഹിച്ചതുപോലെ ലളിതമാക്കി സംസ്‌കാര ചടങ്ങുകൾ; ഗാന്ധിനഗറിലെ ശ്മശാനത്തിലേക്കുള്ള അമ്മയുടെ അന്ത്യയാത്രയിൽ സഹോദരങ്ങൾക്ക് ഒപ്പം ഭൗതിക ശരീരം തോളിലേറ്റി പ്രധാനമന്ത്രി; കർമ്മയോഗിയായ മാതാവിന്റെ ആഗ്രഹ പ്രകാരം ഇന്നും മോദിക്ക് ഔദ്യോഗിക ജീവിതം പതിവ് പോലെ; കണ്ണുനീർ തുടച്ചു ഔദ്യോഗിക പരിപാടികളിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും; ഹീരാബെൻ ഇനി ദീപ്തമായ ഓർമ്മ
അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിന് അന്ത്യാഞ്ജലി. നൂറാം വയസ്സിൽ അന്തരിച്ച ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്‌നി പകർന്നു. കൈക്കൂപ്പി ആദരാഞ്ജലി അർപ്പിച്ചശേഷം അന്ത്യകർമങ്ങളും നടത്തി. തോളിലേറ്റിയാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ ബന്ധുക്കൾ അടക്കം അനുഗമിച്ചു.
അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ പുലർച്ചെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാതാവിന്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ഡൽഹിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ മാറ്റമില്ല. പശ്ചിംബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഹിരാബെൻ മോദിയുടെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്‌ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദർശിച്ചിരുന്നു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു.
തങ്ങളുടെ മാതാവിന്റെ വിയോഗവാർത്തയിൽ അനുശോചിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തവർക്ക് കുടുംബം നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
രാഹുൽ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഗാന്ധിനഗറിലെ നയ്‌സൻ ഗ്രാമത്തിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെൻ കഴിഞ്ഞിരുന്നത്. തിരക്കുകൾക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാൻ മോദി സമയം കണ്ടെത്തുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ