ന്യൂഡല്‍ഹി: ഇന്നലെ രാഹുല്‍ ഗാന്ധി നടത്തിയ വോട്ടു ചോരി വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് ആരാണ് ബ്രസീല്‍ മോഡല്‍ എന്നത്. ഈ യുവതിയെ തേടി നെറ്റിസണ്‍സ് പരക്കം പാഞ്ഞിരുന്നു. ഒടുവില്‍ ഇന്ത്യയില്‍ ചര്‍ച്ചയായ വോട്ടുചോരിയില്‍ പ്രതികരിച്ചു ആ ബ്രസീല്‍ മോഡല്‍ രംഗത്തെത്തി.

ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വോട്ട് കൊള്ളക്കായി ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍, ആരാണ് ആ മോഡലെന്ന വിവരം പുറത്തു വന്നിരുന്നില്ല. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി ഇപ്പോള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്‌സില്‍ പങ്കുവെച്ചത്.

ഹരിയാനയില്‍ സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണുണ്ടായിരുന്നത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയില്‍ ലാരിസ്സ പറയുന്നത്.

തന്റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ്സ പറയുന്നു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയില്‍ ലാരിസ്സ ചോദിക്കുന്നുണ്ട്. ഏറെ പേര്‍ തന്റെ അഭിമുഖത്തിനായി ഇന്ത്യയില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ്സ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ്സ.

2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായ വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഒരു സ്റ്റോക്ക് ഫോട്ടോ പ്ലാറ്റ്ഫോമില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിരിക്കുന്നു. തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ചിത്രം വ്യാജ വോട്ടര്‍ ഐഡന്റിറ്റികള്‍ക്ക് തെളിവായി ഉപയോഗിച്ചതിലൂടെ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൊത്തം 2 കോടി വോട്ടര്‍മാരില്‍ 25 ലക്ഷം പേരും വ്യാജന്മാരാണെന്നും, 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ എന്‍ട്രികള്‍ കണ്ടെത്തിയതായും, ഇവയില്‍ ചിലതില്‍ വ്യത്യസ്ത പേരുകളില്‍ ഒരേ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആരോപണങ്ങള്‍ ശക്തമാക്കാന്‍ രാഹുല്‍ ഗാന്ധി നിരത്തിയ പ്രധാന തെളിവുകളിലൊന്നാണ് ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം. സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളില്‍ ഈ ചിത്രമുപയോഗിച്ച് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായും, ഒരാള്‍ 22 തവണ വോട്ട് ചെയ്തതായും അദ്ദേഹം ആരോപിച്ചു. വോട്ടിംഗ് കണക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഐഡന്റിറ്റികള്‍ എങ്ങനെ പകര്‍ത്തിയെന്ന് ഈ ചിത്രം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.