- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.വൈ കമ്പനിയില്‍ തൊഴില്സമ്മര്ദ്ദം നിരന്തരം; ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകും; ഇനി ഒരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം; നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ പുറത്ത്
നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ പുറത്ത്
കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ കുഴഞ്ഞു വീണുള്ള മരണത്തിന് പിന്നാലെ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍ സന്ദേശം പുറത്ത്. അന്നയുടെ മരണത്തിന് കാരണം ജോലിഭാരവും ഓഫിസിലെ സമ്മര്‍ദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്പനി ചെയര്‍മാന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് കമ്പിനിയിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇവൈ കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ തൊഴില്‍ സമ്മര്‍ദ്ദം ഇവൈയില്‍ നിരന്തര സംഭവമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും നസീറ കാസി വ്യക്തമാക്കുന്നുണ്ട്. ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജീവ് മെമാനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയില്‍ സന്ദേശം. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. അമിത ജോലി ഭാരമാണ് മകളുടെ മരണകാരണം എന്നായിരുന്നു അന്നയുടെ അമ്മ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഈ ആരോപണം കമ്പനി തള്ളിയിരുന്നു.
മറ്റേതൊരു ജീവനക്കാരനെയും പോലെമാത്രമേ അന്നയ്ക്കും ജോലി നല്‍കിയിരുന്നെന്നും ജോലി സമ്മര്‍ദ്ദം കാരണം യുവതിയുടെ ജീവന്‍ നഷ്ടമായെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നുമായിരുന്നു ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ പ്രതികരണം. തങ്ങളുടെ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഓരോരുത്തര്‍ക്കും കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂ. മറ്റേതൊരു ജീവനക്കാരനെയും പോലെ അവള്‍ക്ക് ജോലി അനുവദിച്ചു. ജോലി സമ്മര്‍ദ്ദം അവളുടെ ജീവനെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ,'' രാജീവ് മേമാനിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജോലിഭാരവും ഓഫിസിലെ സമ്മര്‍ദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയതും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.
ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആര്‍ ബട്ട്ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. സ്ഥാപനത്തിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ് അന്നയുടേത്. ഇത്തരം സാഹചര്യങ്ങളില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ അന്നയുടെ വിയോഗത്തിലും കമ്പനി സ്വീകരിച്ചിട്ടുണ്ട്. അത് തുടരും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ന സെബാസ്റ്റ്യന്റെ വീട്ടില്‍ കമ്പനി അധികൃതര്‍ എത്തിയെങ്കിലും കമ്പനിയില്‍നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് സിബി ജോസഫും വ്യക്തമക്കി. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ല. ഈ നിലപാട് കമ്പനിയുടെ ചെയര്‍മാന്‍ വ്യക്തമാക്കുക കൂടി ചെയ്തിതോടെ കുടുംബം നിരാശയിലാണ്. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.
കമ്പനിയുടെ പങ്കാളികള്‍, സീനിയര്‍ മാനേജര്‍, എച്ച്.ആര്‍ മാനേജര്‍ എന്നിവരാണ് എത്തിയതെന്നും സിബി ജോസഫ് പറഞ്ഞു. മകള്‍ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കമ്പനിയില്‍നിന്ന് ഒരു ജീവനക്കാരന്‍ പോലും എത്തിയില്ലെന്നും മാതാവ് പറഞ്ഞു. ഇനി ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്, അതിനാണ് വിവരം പുറത്തുവിട്ടത്. മാര്‍ച്ച് 18നാണ് അന്ന ഇ.വൈ കമ്പനിയില്‍ ചേര്‍ന്നത്. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20നാണ് അന്ന മരിച്ചത്.
പത്തുദിവസം മുമ്പ് അന്നയുടെ അമ്മ ഇ.വൈ കമ്പനി ചെയര്‍മാന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തില്‍ പ്രതിഷേധം ശക്തമായത്. അതസമയം തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്നം അടിയന്തരമായി ഉന്നയിക്കേണ്ടതാണെന്നാണ് അന്നയുടെ മരണത്തോടെ വിവിധ കോണുകളില്‍ നി്ന്നും ഉരുന്ന ലവാദവും. മേഖലയിലാകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാരന്‍ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.