ഓമല്ലൂർ: ഭാര്യയുടെ ദുരിത ജീവിതവും തന്റെ രോഗങ്ങളും അലട്ടുകയും ഒപ്പം ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം നിലച്ചതും മൂലമുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയ ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ പള്ളം പറയനാലി ബിജു ഭവനിൽ ഗോപിയുടെ (70) വീട് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച അടിയന്തര യോഗമാണ് ഇന്ന് ചേർന്നത്. ഗോപിയുടെ കുടുംബത്തെ സഹായിക്കാനും അടിയന്തിരമായി വീടിന്റെ മേൽക്കൂര വാർക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. ഗോപിയുടെ കുടുംബത്തെ സഹായിക്കാൻ ഒരു പ്രമുഖ ടിവി ചാനൽ രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു.

ഈ പണം കൊണ്ട് വീടിന്റെ മേൽക്കൂര പത്ത് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യും. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകൊടുക്കാനുള്ള ബാക്കി രണ്ട് ലക്ഷം രൂപ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലൈഫ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താമസിയാതെ അത് ലഭ്യമാക്കാം എന്നാണ് വിചാരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വീട് പണിപൂർത്തിയാക്കി ഗോപിയുടെ ആഗ്രഹം പോലെ ഭാര്യ ലീലയെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് വേണ്ടി എല്ലാ സഹായങ്ങളും പഞ്ചായത്ത് ചെയ്തു കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ 11 ന് രാവിലെ എട്ടു മണിയോടെ സന്തോഷ്മുക്ക്മുട്ടുകുടുക്ക റോഡിൽ പള്ളം ഭാഗത്തെ സ്വന്തം വീടിന് മുന്നിലുള്ള റോഡിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഗോപിയെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്. വാർഡ് മെമ്പർ സ്മിത സുരേഷ് അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് വന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.

ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഗോപിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്നത് സ്വപ്നമായിരുന്നു. ഒരു വർഷം മുൻപ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഭിത്തി നിർമ്മാണം പൂർത്തിയാക്കിയെങ്കിലും മേൽക്കൂര വാർക്കാൻ കഴിഞ്ഞിരുന്നില്ല. പണി പൂർത്തിയാക്കി കഴിഞ്ഞ ഓണം വീട്ടിൽ ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. പദ്ധതി തുക കൊണ്ട് വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനിടെയുണ്ടായ നിർമ്മാണ സാമഗ്രികളുടെ വില വർധനവും തിരിച്ചടിയായി.

പലരോടും പണം കടം വാങ്ങിയാണ് ഭിത്തി നിർമ്മാണം നടത്തിയത്. ഇതിനിടെ രോഗബാധിതയായ ലീലയുടെ കാൽ മുറിച്ചു മാറ്റി. അവർ അർധബോധാവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്. ഗോപിയുടെ വൃക്കകളിലൊന്ന് രോഗം ബാധിച്ച് നീക്കം ചെയ്തിരുന്നു. ശേഷിച്ചതിനും ഇപ്പോൾ രോഗമാണ്. പണമില്ലാത്തതിനാൽ തുടർ ചികിൽസ മുടങ്ങി.

ചോർന്നൊലിക്കുന്ന ചെറിയ ചായ്പിൽ സൗകര്യം ഇല്ലാത്തതിനാൽ വാടകയ്ക്ക് താമസിക്കുന്ന മക്കളുടെ സംരക്ഷണയിലാണ് ലീല കഴിഞ്ഞിരുന്നത്. മകളുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് ഗോപി ജീവനൊടുക്കിയത്. പുന്നലത്ത്പടിയിൽ നടത്തുന്ന മാടക്കടയിലെ ലോട്ടറി വിൽപ്പനയായിരുന്നു ഏക വരുമാനം. ലോട്ടറി റിസൾട്ട് ഷീറ്റ് ഫോട്ടോ കോപ്പി എടുത്തതിന്റെ മറുവശത്താണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്.