- Home
- /
- News
- /
- SPECIAL REPORT
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി; അതിവേഗ തീരുമാനങ്ങള്‍ക്ക് നിര്‍ണ്ണായക തീരുമാനം
പരിശോധനയക്ക് വനിതാ ജഡ്ജിമാര്‍
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച്. വനിതാ ജഡ്ജി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും ഹൈക്കോടതി രൂപീകരിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവര്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ഹേമാ കമ്മറ്റിയുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും ഈ ബഞ്ചിന്റെ ഉത്തരവാദിത്തമാകും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഇരകളുടെ സ്വകാര്യതയ്ക്ക് അടക്കം പ്രാധാന്യം കൊടുത്താണ് ഈ തീരുമാനം. അതിവേഗ തീരുമാനങ്ങളും പ്രത്യേക ബഞ്ച് കാരണം ഉണ്ടാകും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴിപ്പകര്‍പ്പുകളും കോടതിയില്‍ നല്‍കേണ്ടിവരുമെന്നുറപ്പായതോടെ നിയമപരമായ സാധ്യതകള്‍തേടി സര്‍ക്കാരും നീക്കം തുടങ്ങിയിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും അനുബന്ധരേഖകളും പുറത്തുവിടേണ്ടെന്ന് ആശ്വസിച്ചിരിക്കെയാണ് എല്ലാം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. വ്യക്തിപരമായ വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് കോടതിയിലെത്തുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാതലത്തിലുമുള്ള നിയമപരമായ പരിശോധന നടക്കുന്നത്. ഇതിനിടെയാണ് മൂന്നംഗ ബഞ്ച് ഹൈക്കോടതി രൂപീകരിക്കുന്നത്. ഇതോടെ ഹൈക്കോടതി നടപടികള്‍ക്ക് പ്രസക്തി കൂടി.
നേരത്തെ വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനാണ് സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ പുറത്തുവരാത്ത ഭാഗത്തും മൊഴികളിലും വ്യക്തികളുടെ പേരുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഉന്നതവ്യക്തികളുടെയൊന്നും പേര് വായിച്ചിട്ടില്ലെന്നാണ് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. നിയമവകുപ്പില്‍ അനൗദ്യോഗിക പരിശോധനയ്ക്ക് റിപ്പോര്‍ട്ട് എത്തിയപ്പോഴും മൊഴിപ്പകര്‍പ്പ് ഉണ്ടായിരുന്നില്ല. ഇത് സാംസ്‌കാരികവകുപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉന്നതരുമായി ബന്ധപ്പെട്ട പരാമര്‍ശം പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, കോടതിവിധി പാലിച്ചില്ലെന്ന വിമര്‍ശനം കേള്‍ക്കാന്‍ അവസരമൊരുക്കരുതെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. എല്ലാം കോടതി പറയുന്നതിനനുസരിച്ച് എന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും റിപ്പോര്‍ട്ടിന്റെപേരില്‍ സിനിമാമേഖലയെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല. ഇതെല്ലാം ഹൈക്കോടതിയെ അറിയിക്കും.
റിപ്പോര്‍ട്ടിനുപുറമേ മൊഴിപ്പകര്‍പ്പുകളും അനുബന്ധരേഖകളുമുള്ള രണ്ടു കെട്ടുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി മുഖ്യമന്ത്രിക്കു നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സാംസ്‌കാരികവകുപ്പിനു കൈമാറി. ഈ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.