- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; മൊഴി നല്‍കിയ അതിജീവിതമാരുടെ പേരുകള്‍ പുറത്തു പോകരുത്; പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി; കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും കോടതിയുടെ നിര്‍ദേശം
ഷൂട്ടിങ് സെറ്റുകളിലെ ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരാണു കേസ് പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നുമാണ് എസ്‌ഐടിയ്ക്ക് കോടതിയുടെ നിര്‍ദേശം. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്‌ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. എസ്ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.
ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയ അതിജീവിതമാരുടെ പേരുകള്‍ ഒരുവിധത്തിലും പുറത്തു പോകരുതെന്നു പ്രത്യേകാന്വേഷണ സംംഘത്തിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക വിവര റിപ്പോര്‍ട്ടിലും എഫ്‌ഐആറിലും അതിജീവിതമാരുടെ പേരുകള്‍ മറച്ചിരിക്കണം. ഇവയുടെ പകര്‍പ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്‌ഐആറിന്റെ പകര്‍പ്പ് അതിജീവിതമാര്‍ക്കു മാത്രമേ നല്‍കാവൂ. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ കുറ്റാരോപിതര്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭ്യമാകൂ.
എഎഫ്‌ഐആറിലും എഫ്‌ഐഎസിലും പരാതിക്കാരുടെ പേര് മറക്കണം. എഫ്‌ഐആര്‍, എഫ്‌ഐഎസ് പോലുള്ള രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്, കേരള പൊലീസിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികള്‍ ഉള്‍പ്പെട്ട രേഖകള്‍ മറ്റാര്‍ക്കും നല്‍കരുത്. എന്തെങ്കിലും രേഖകള്‍ ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് മാത്രമെ നല്‍കാവൂ എന്ന കര്‍ശനമായ നിര്‍ദേശമാണ് ഇടക്കാല ഉത്തരവിലൂടെ കോടതി നല്‍കിയിരിക്കുന്നത്.
പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം മതിയെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്‌ഐടി പരിശോധിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ സാക്ഷികളില്‍ ആരും എസ്‌ഐടിയുമായി സഹകരിക്കാനോ മൊഴി നല്‍കാനോ തയാറല്ല. മൊഴി നല്‍കാന്‍ യാതൊരു കാരണവശാലും അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികള്‍ സഹകരിക്കാന്‍ തയാറാകാതിരിക്കുകയോ അല്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകള്‍ ലഭിക്കാതെ വരികയോ ചെയ്യുമ്പോള്‍ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമസാധുതയില്ല എന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. ഈ സാഹചര്യത്തില്‍ പോഷ് നിയമത്തിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമഭേദഗതി വേണം. ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു.