തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ പുറത്തുവിടുമെന്ന് സൂചന. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്തുവരുന്നത്.

വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് അപ്പുറം ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു. 49 മുതല്‍ 53 വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.

വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന മാധ്യമപ്രവര്‍ത്തകരുടെ അപ്പീലിലാണ് വിവരാവകാശ കമ്മീഷന്‍ ശനിയാഴ്ച ഉത്തരവ് പറയുക. റിപ്പോര്‍ട്ടിലെ ഈ ഭാഗങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ നിര്‍ദേശിക്കാനാണ് സാധ്യത. വിവരാവകാശ കമ്മിഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കീമാണ് അപ്പീല്‍ പരിഗണിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വീണ്ടും ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിനോടു വിവരാവകാശ കമ്മിഷണര്‍ ഒക്ടോബര്‍ 30ലെ ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളും 49 മുതല്‍ 53 വരെയുള്ള പേജുകളും ഒഴിവാക്കിയെന്ന പ്രചാരണത്തിനിടയാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നു ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി, ജോയിന്റ് സെക്രട്ടറി ആര്‍.സന്തോഷ് എന്നിവര്‍ കമ്മിഷനെ ബോധിപ്പിച്ചു.

ഒഴിവാക്കുന്ന പേജുകള്‍ സംബന്ധിച്ച് ഉത്തരവില്‍ രേഖപ്പെടുത്തിയപ്പോള്‍ പറ്റിയ ക്ലറിക്കല്‍ തെറ്റാണ് അത്തരം ആക്ഷേപത്തിനിടയാക്കിയത്. അപേക്ഷകര്‍ ആവശ്യപ്പെടുന്ന പേജുകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല. ആ പേജുകളിലെ വിവരങ്ങള്‍ പലരുടെയും സ്വകാര്യതയെ ബാധിക്കും. ഉത്തരവിലെ പേജുകള്‍ സംബന്ധിച്ച് തെറ്റു പറ്റിയതില്‍ അപേക്ഷകരോടു മാപ്പു പറയാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കമ്മിഷന്‍ ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.

ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യേണ്ട റിപ്പോര്‍ട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മിഷന്‍ വിമര്‍ശിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് വൈകിട്ടോടെ മുദ്രവച്ച കവറില്‍ സിഡിയും പെന്‍ഡ്രൈവുകളും അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചു.

295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകള്‍ കമ്മിഷന്‍ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങള്‍ ഒഴിവാക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസര്‍ക്കു വിവേചനാധികാരം നല്‍കിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 101 ഖണ്ഡികകള്‍ കൂടി വിവരാവകാശ ഓഫിസര്‍ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകര്‍ക്കു നല്‍കി. ഈ പട്ടികയില്‍ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ആധാരം.