- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെറോയിക് ഐഡൻ കപ്പൽ അനുമതി ഇല്ലാതെ എന്തിന് നൈജീരിയൻ ഓയിൽ ഫീൽഡിൽ പോയി? നൈജീരിയൻ നേവിയുടെ കപ്പൽ നിർത്താൻ പറഞ്ഞപ്പോൾ കൂട്ടാക്കത്ത എന്തുകൊണ്ട്? ഉപഗ്രഹബന്ധം എന്തിന് വിച്ഛേദിച്ചു? വിജിത്ത് അടങ്ങുന്ന കപ്പൽ സംഘത്തിനെതിരെ നൈജീരിയ കർശന നിലപാടിൽ; കപ്പൽ നൈജീരിയൻ തീരത്തെത്തിയെങ്കിലും നാവികരുടെ മോചനം ഇനിയും വൈകും
കൊച്ചി: എണ്ണം മോഷണശ്രമം ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനി തടഞ്ഞു വെച്ച് നൈജീരിയക്ക് കൈമാറിയ ചരക്കു കപ്പൽ ഹെറോയിക് ഐഡനിലെ നാവികരുടെ മോചനം വൈകും. നൈജീരിയയിൽ വലിയ വൈകാരിക വിഷയമെന്ന വിധത്തിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. അവിടത്തെ മാധ്യമങ്ങൾ അടക്കം എണ്ണമോഷണത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇത് നൈജീരിയൻ സർക്കർ നിലപാട് കടുപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ സമ്മർദ്ദം അടക്കം സർക്കാറിൽ വരുന്നതോടെ ഇന്ത്യൻ നാവികരുടെ മോചനം ഇനിയും വൈകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ചില കാര്യങ്ങളിൽ വിശദീകരണം നൽകാൻ കപ്പൽ അധികാരികൾക്ക് കഴിയാത്തതാണ് പ്രശന്ങ്ങൾക്ക് കാരണമെന്നാണ് നൈജീരിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഹെറോയിക് ഐഡൻ കപ്പൽ അനുമതി ഇല്ലാതെ എന്തിന് നൈജീരിയൻ ഓയിൽ ഫീൽഡിൽ പോയി? നൈജീരിയൻ നേവിയുടെ കപ്പൽ നിർത്താൻ പറഞ്ഞപ്പോൾ കൂട്ടാക്കത്ത എന്തുകൊണ്ട്? ഉപഗ്രഹബന്ധം എന്തിന് വിച്ഛേദിച്ചു? തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉയർത്തുന്നത്. മൂന്ന് മാസമായി കപ്പൽ പിടികൂടിയിട്ട്. വിജിത്തിന്റെ ലൈവോട് മലയാളം മാധ്യമങ്ങൾ കൂടുതൽ വാർത്തയാക്കുകയും വിദേശകാര്യമന്ത്രി വി മുരളീധരൻ ഇടപെടലുകൾ നടത്തുകയും ചെയ്തതോടെ നൈജീരിയൻ സർക്കാറുമായി നയതന്ത്ര ചർച്ചകളുമെത്തി. എന്നാൽ, ഈ സമ്മർദ്ദം കാര്യങ്ങൾ കുഴഞ്ഞു മറിയാനാണ് ഇടയാക്കിയത്. നൈജീരിയയിലെ രാഷ്ട്രീയ സാഹചര്യം കൂടിയായപ്പോൾ സമ്മർദ്ദങ്ങൾ പലവിധത്തിൽ സർക്കാറിലുമുണ്ട്.
കപ്പൽ നൈജീരിയൻ തീരത്ത് എത്തിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ കപ്പലിലുണ്ട്. നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരുടെ മോചനം എപ്പോഴത്തേക്ക് ഉണ്ടാകുമെന്നോ എന്തൊക്കെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലെത്തി ക്രൂഡോയിൽ നിറച്ച് നെതർലാൻഡ്സിലെ നോർട്ട്ഡാമിലെത്തുകയായിരുന്നു ഹെറോയിക് ഐഡന്റെ ലക്ഷ്യമെന്നാണ് കപ്പൽ കമ്പനി നൽകുന്ന വിശദീകരണം.
ഫിലിപ്പീൻസിനടുത്തുള്ള മാർഷൽ ഐലൻഡ് എന്ന രാജ്യത്തെ കപ്പലാണ് ഹെറോയിക് ഐഡൻ. ഓഗസ്റ്റ് എട്ടിനാണ് കപ്പൽ നൈജീരിയൻ തീരത്തെത്തിയത്. എന്നാൽ തുറമുഖത്ത് അടുക്കാനുള്ള നിർദ്ദേശം ലഭിച്ചില്ല. തുടർന്ന് അന്താരാഷ്ട്ര കപ്പൽചാലിൽ നങ്കൂരമിട്ടു. ഇത് നൈജീരിയയിലെ ബോണി ദ്വീപിനടുത്തുള്ള അക്പോ എണ്ണപ്പാടത്തിനടുത്തായിരുന്നു.
ഇതോടെ നൈജീരിയൻ നേവിയുടേതെന്ന് അവകാശപ്പെട്ട് ഒരു കപ്പൽ സമീപത്തെത്തി. അവരെ പിന്തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൈജീരിയൻ നാവികസേനയുടെ കപ്പലാണെന്ന് സ്ഥിരീകരിക്കാനാവാതിരുന്നതിനാൽ പിന്തുടർന്നില്ലെന്നാണ് കപ്പൽ അധികൃതർ വിശദീകരിക്കുന്നത്. കടൽക്കൊള്ളക്കാർ ഏറെയുള്ള മേഖലയായതിനാൽ നങ്കൂരമിട്ടിടത്തു നിന്ന് കപ്പൽ ഗിനിയൻ മേഖലയിലേക്ക് നീങ്ങി. അന്താരാഷ്ട്ര അതിർത്തി ലംഘിച്ചതിനാൽ ഗിനിയൻ അധികൃതർ ഓഗസ്റ്റ് 10-ന് കപ്പൽ കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കപ്പലിലെ ഫസ്റ്റ് ഓഫീസർ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൻ, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികൾ.
ഗിനിയൻ സാമ്പത്തിക മേഖലയിൽ കടന്നതിന് കപ്പൽ കമ്പനിയോട് പിഴയടക്കാൻ ആവശ്യപ്പെട്ടു. ഇത് അടച്ച ശേഷം കപ്പൽ ഗിനി അധികൃതർ നവംബർ ആറിന് നൈജീരിയൻ നാവികസേനയ്ക്ക് കൈമാറി. ഇതിനു ശേഷം ഇപ്പോളാണ് കപ്പൽ നൈജീരിയയിലേക്ക് എത്തിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെ ഹെറോയിക് ഐഡൻ നൈജീരിയൻ തീരത്ത് നങ്കൂരമിട്ടു.
നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഉടൻ കപ്പലിലെത്തുമെന്നാണ് സൂചന. ഇതിനൊപ്പം നൈജീരിയൻ സർക്കാരിലെ ഉന്നതരുമായി നാവികരുടെ മോചനം സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിനാൽ ഹെറോയിക് ഐഡനെതിരേ നൈജീരിയൻ നിയമനടപടികളുണ്ടാകുമെന്നാണ് സൂചനകൾ. ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നൈജീരിയൻ നാവികസേനയിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളനുസരിച്ച് ഹെറോയിക് ഐഡൻ നൈജീരിയയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചിട്ടല്ല. അതേസമയം കപ്പൽ അനധികൃതമായി അക്പോ എണ്ണപ്പാടത്തിനടുത്ത് എത്തിയത് എന്തിനെന്നതിന് കപ്പൽ കമ്പനിയും നാവികരും കൃത്യവും വിശ്വസനീയവുമായ മറുപടി നൈജീരിയൻ അധികൃതർക്ക് നൽകേണ്ടി വരും. ഇപ്പോൾ ഷിപ്പിങ് കമ്പനി തന്നെയാണ് നാവികർക്ക് ഭക്ഷണം കൊടുക്കുന്നത്. അതിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇന്ത്യൻ എംബസി ഭക്ഷണം എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ