കൊച്ചി: ഹൈക്കോടതിയിൽ ജാമ്യമാഫിയയെന്ന് ആരോപിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് പങ്കു വച്ച് അഭിഭാഷകൻ. ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് രജിസ്ട്രാറുടെ ഇടപെടൽ. പോസ്റ്റിട്ട അഭിഭാഷകനെ വിളിച്ചു വരുത്തി രജിസ്ട്രാർ മൊഴിയെടുത്തു. ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഫുൾകോർട്ട് കൂടി വിഷയം ചർച്ച ചെയ്തുവെന്നുള്ള വിവരവും പുറത്തു വരുന്നു.

നവംബർ 10 ന് മുതിർന്ന ഹൈക്കോടതി അഭിഭാഷകൻ ജെ.എസ്. അജിത്ത്കുമാറാണ് ഇതു സംബന്ധിച്ച ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. മാറ്ററിന് ചുവട്ടിൽ കടപ്പാട് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. വലിയൊരു ആരോപണത്തേക്കാളുപരി തികച്ചും സത്യസന്ധമായ കാര്യങ്ങളാണ് അജിത്ത് കുമാർ പങ്കുവച്ചിരിക്കുന്നത് എന്നാണ് ഹൈക്കോടതിയിലെ ഭൂരിഭാഗം അഭിഭാഷകരുടെയും വാദം.

ഒരു മുൻ ന്യായാധിപന്റെ നിഴലായി നിന്ന് അദ്ദേഹം ജോലി ചെയ്ത ഇടത്തൊക്കെ പോയി ഓഫീസ് തുറന്ന് കോടികൾ സമ്പാദിച്ചുവെന്ന ആരോപണം ഒരു അഭിഭാഷകനെതിരേ ഉയരുന്നുണ്ട്. സർക്കാർ അഭിഭാഷകരെയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അജിത്ത് കുമാറിന്റെ പോസ്റ്റ്. നീതിപീഠം ഈ വിഷയം മനസിലാക്കി പ്രതികരിക്കണമെന്നും ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്നും പോസ്റ്റ് സൂചന നൽകുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രജിസ്ട്രാർ അജിത്ത് കുമാറിനെ വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞതും തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഫുൾകോർട്ട് കൂടിയതും.

അജിത്തിന്റെ പോസ്റ്റ് ഇങ്ങനെ:

ഹൈക്കോടതിയിൽ ബെയിൽ മാഫിയ ഉണ്ടെന്ന പരാതി പലപ്പോഴും കേട്ടിട്ടുണ്ട്. ബെയിൽ വക്കീൽ അല്ലാത്തതുകൊണ്ടാകും അത്തരം തട്ടിപ്പിൽ വീഴാത്തത്.

എങ്കിലും നീതിയുക്തരും സത്യസന്ധരുമായ ജഡ്ജിമാരുടെ പേര് പറഞ്ഞ് അവർക്ക് ലക്ഷങ്ങൾ നൽകി ഉത്തരവ് നേടാം എന്നൊക്കെ പറഞ്ഞ് കക്ഷികളെ പറഞ്ഞു പറ്റിച്ച് കൊള്ളയടിക്കുന്ന ചിലർ ഉണ്ടെന്ന് കേൾക്കുന്നത് അഭിഭാഷകർക്കും നീതിന്യായ സംവിധാനത്തിനും നീതിപീഠത്തിനും ആക്ഷേപകരവും അപമാനകരവുമാണ്

മുമ്പ് ശശിധരനും പ്രോസിക്യൂട്ടറും ഭർത്താവും നടത്തിയിട്ടുള്ള ഇടപാടുകൾ താറടിച്ചത് വെറും ഒരു ജഡ്ജിയെ മാത്രമല്ല. എന്തുകൊണ്ട് ചില കക്ഷികൾ ഇത്തരക്കാരുടെ വലയിൽ വീഴുന്നുവെന്നത് ആശ്ചര്യകരമാണ്.

മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള ജയമോ പരാജയമോ കേസ് കൃഷിക്കാർക്ക് വിഷയമല്ല. കേസ് വിജയിക്കുന്നതിനപ്പുറം ന്യായാധിപന്മാർക്ക് ലക്ഷങ്ങൾ വിലയിട്ട് അവർക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് കക്ഷികളെ കൊള്ളയടിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും ഇത്തരം ചിതലുകളിൽ നിന്നും അഭിഭാഷകരെയും കക്ഷികളെയും കോടതികളെയും രക്ഷിക്കേണ്ട ഉത്തരവാദിത്തം ജുഡീഷ്യറിയുടെതാണ്.

നമ്മുടെ ന്യായാധിപർ അഴിമതിക്കാരോ ആരോപണ വിധേയരോ അല്ലെന്ന് മാത്രമല്ല പലരും പൊതുസമൂഹത്തിന് മാതൃകയേകുന്നവരുമാണ്.
ന്യായാധിപർക്ക് നൽകാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന കൂട്ടർക്ക് നീതിയും നിയമവുമൊന്നും വിഷയമല്ല .

ധനസമ്പാദനത്തിനും ആർഭാട ജീവിതത്തിനും വേണ്ടി ചില ചെറുപ്പക്കാരായ (ചെറുപ്പക്കാരികളും ഉണ്ടത്രേ) വക്കീൽ പിള്ളേർ ഇത്തരക്കാരുടെ വലയിൽ വീണുപോയിട്ടുണ്ടെന്നുള്ളത് ഭീതിപ്പെടുത്തുന്ന സംഗതിയാണ്. ലഹരി മാഫിയക്കാരായ ഇത്തരക്കാരുടെ വലയിൽ വീണാൽ ഒരുകാലത്തും മോചനമുണ്ടാകില്ല.
Appropriate counsel to appropriate court bench fixing ഒക്കെ പഴയ സക്സസ്സ്ഫുൾ ടെക്നിക് ആയി കേട്ടിരുന്നെങ്കിൽ ജഡ്ജിമാരുടെെേ status നോക്കി നിർദോഷികളായ ജഡ്ജിമാരെ വിലയിട്ട് കൊള്ളയടിരിക്കുന്ന കൂട്ടരും ചില ചാവേറുകളെ ശിഖണ്ഡികളാക്കിയാണ് കൊള്ള തുടർക്കഥയാക്കുന്നത്.

മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഇക്കൂട്ടർ operation വിദഗ്ധരായാണ് അറിയപ്പെടുന്നത്.
ഒരു ഗതിയും പരഗതിയുമില്ലാതെ നടന്നിരുന്നയാളുടെ ഫൈവ് സ്റ്റാർ ജീവിതശൈലിയും മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും കോടതിയിൽ ചർച്ചാവിഷയമായിട്ടും വിധികൾ വിലയിട്ട് കൊള്ളയടിക്കുന്നവർക്കെതിരെ ഇനിയും അന്വേഷണം ഉണ്ടായിട്ടില്ലെന്നത് നീതിപീഠത്തിന്റെ കഴിവ്കേടായെ വ്യാഖ്യാനിക്കപ്പെടുകയുള്ളു.

കടപ്പാട്