- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു' എന്ന് ആക്രോശിച്ച് മർദ്ദനം; കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദ്ദിച്ചതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി; പ്രതികൾക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ ക്രൂരമായി ജീവനക്കാർ മർദ്ദിച്ച കേസിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മർദ്ദിച്ചത്. വിദ്യാർത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം എന്നാണ് പരാതി.
അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മർദനമേറ്റ പ്രേമനന്റെ പരാതിയിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ടു തേടിയിരുന്നു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. പ്രേമനന്റെ മൊഴി ഡിവൈഎസ്‌പി രേഖപ്പെടുത്തി. ഗാർഡായ സുരേഷ്, ജീവനക്കാരായ മിലൻ, അനിൽകുമാർ, ഷെറീഫ് എന്നിവരാണ് മർദിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
മകളുടെ കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനൻ പറഞ്ഞതോടെ തർക്കമായി.
'കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു' എന്ന പറഞ്ഞ് പ്രേമനനെ മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 'പപ്പാ..' എന്നു വിളിച്ചു കരയുന്ന മകളെയും 'മക്കളുടെ മുന്നിൽവച്ച് ഇടിക്കരുത്' എന്ന ഒരാൾ പറയുന്നതും വിഡിയോയിൽ കാണാം.
ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത് എന്നാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. എന്നാൽ പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെൺകുട്ടികളുടെ മുന്നിൽ വച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം.
ഉദ്യോഗസ്ഥരുമായുള്ള ചെറിയ തർക്കമാണ് തന്നെ ക്രൂരമായി മർദിക്കാനുള്ള കാരണമെന്ന് പ്രേമനൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കൺസഷൻ പുതുക്കാനാണ് ഡിപ്പോയിൽ എത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് മൂന്നു മാസത്തിലൊരിക്കൽ നൽകണമെന്ന് ജീവനക്കാർ പറഞ്ഞു.
മകൾക്ക് ഇപ്പോൾ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞിട്ടും അവർ കൺസഷൻ അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരൻ തർക്കിച്ചു. പിന്നാലെ കൂടുതൽ ജീവനക്കാരെത്തി മർദിച്ചു. എന്റെ നെഞ്ചിലടക്കം ഇടിച്ചു.
പപ്പയെ തല്ലല്ലേ എന്ന് മകൾ നിലവിളിച്ചു. മകൾക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാൽ 15 മിനിറ്റോളം എന്നെ അവർ മുറിയിൽ ബന്ദിയാക്കി. മകൾക്ക് പരീക്ഷയുള്ളതിനാൽ പിന്നീട് ഞാൻ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനൻ പറഞ്ഞു. സംഘർഷത്തിൽ പ്രേമനന്റെ മകൾക്കും മർദനമേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ