- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരട്ടചങ്കൻ പിണറായിക്ക് ഡബിൾ പ്രൊട്ടക്ഷൻ'! മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനങ്ങൾ; സുരക്ഷാ ഉദ്യോഗസ്ഥരുടെ അംഗബലവും കൂടുതൽ; ക്ലിഫ് ഹൗസിൽ നിന്നും മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ പോലും മറ്റു വാഹനങ്ങൾ തടഞ്ഞു; മുഖ്യമന്ത്രി എത്ര നാൾ ഭയന്നോടുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ ആർഎസ്എസുകാർ നീട്ടിപ്പിടിച്ച വടിവാളുകൾക്ക് നടുവിലൂടെ നടന്നുവന്ന വ്യക്തിയാണ് താനെന്നാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മൈക്കിന് മുന്നിൽ വീമ്പു പറയുന്ന കാര്യം. എന്നാൽ, കാലം മാറി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രി ആയതോടെ പിണറായിക്ക് ഡബിൾ പ്രൊട്ടെക്ഷനാണ്. കിയ കാർണിവർ കാറിൽ പിണറായി നാടു നീളെ കറങ്ങി നടക്കുന്നത് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചു കൊണ്ടാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുള്ള ചീറിപ്പായൽ ചർച്ചയാകുമ്പോഴാണ് അകമ്പടി വാഹനങ്ങളുടെ അടക്കം വിവരങ്ങൾ പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ലോക്കൽ പൊലീസിന്റെ സഹായവും തേടുമ്പോഴാണ് പ്രശ്‌നങ്ങൾ സങ്കീർണമാകുന്നത്. സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുറയ്ക്കുന്നതിന് പകരം പിണറായി സ്വന്തം സുരക്ഷ ഉയർത്തുകയാണ് ചെയ്യുന്നത്.
ഇസഡ് പ്ലസ് സുരക്ഷയാണ് കേരളാ മുഖ്യമന്ത്രിക്കുള്ളത്. മാവോയിസ്റ്റുകളുടെ അടക്കം നോട്ടപ്പുള്ളിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച പാടില്ലെന്നാണ് പൊതുനിർദ്ദേശം. എന്നാൽ, മറ്റു മുഖ്യമന്ത്രിമാരൊന്നും ഇന്നേവരെ ചെയ്യാത്താ വിധത്തിലാണ് സ്വന്തം സുരക്ഷയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അമിതാവേശം. സുരക്ഷയുടെ രീതി അനുസരിച്ച് മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്‌കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘവുമാണുള്ളത്.
അതേസമയം കണക്കുകൾ പരിേേശാധിക്കുമ്പോൾ ഇത് ഇരട്ടിയാകും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്‌പിയും സ്‌പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്‌പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടിയാണെന്നാണ് ആക്ഷേപം.
അതേസമയം തിരുവനന്തപുരത്ത് മാത്രമാണ് അദ്ദേഹത്തിന് അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ കുറവു വരുത്താറ്. എന്നാൽ, ഇന്ധന സെസിനെതിരെ പ്രതിഷേധം ഉയർന്നതോടെ തലസ്ഥാനത്തും മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടി. ക്ലിഫ് ഹൗസിൽ നിന്നും മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിൽ എത്തിയത്. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദത്തിൽ വിമർശനം കനക്കുകയാണ്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്റെ മരുന്ന് വാങ്ങാൻ പോയ അച്ഛനെ തടഞ്ഞ സംഭവം വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം.
പൊലീസ് നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു.
അതിനിടെ മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ടാണ് പ്രതിപക്ഷവും രംഗത്തുവന്നത്. ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സർവ്വത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. തമ്പ്രാൻ എഴെന്നെള്ളുമ്പോൾ വഴി മദ്ധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് കഴിഞ്ഞ ദിവസത്തെ കാലടിയിലെ സംഭവം.
104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദ്ദിക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല. ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സമരം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കിയാൽ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു. ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വർദ്ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിക്കാൻ ബാധ്യസ്ഥമാണ്. പ്രേമചന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചതുകൊണ്ടാണ് വസ്തുതകൾ പുറത്തുവന്നത്. പ്രേമചന്ദ്രനെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല. പ്രതിസന്ധി സൃഷ്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും, ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയുമാണ്. നികുതി സമാഹരിക്കുന്ന കാര്യത്തിൽ കേരള സർക്കാർ പരാജയമാണ്. ബാറുകളുടെ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ല. ന്യായമായി നികുതി പിരിച്ചെടുക്കാതെ ജനങ്ങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിന്റെ ഭാഗത്തും തെറ്റുണ്ട്.സംസ്ഥാനങ്ങൾക്ക് ന്യായമായി കിട്ടേണ്ട അവകാശം തടഞ്ഞുവയ്ക്കുന്ന നടപടിയിൽ യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ