- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈറ്റില മെട്രോ സ്റ്റേഷനില്‍ 'ഹൈ സ്പിരിറ്റ്‌സ്' നിയമ വിരുദ്ധമോ? ബെവ്കോയുടെ ആദ്യ ലക്ഷ്വറി ഔട്ട്ലെറ്റ് വിവാദത്തില്‍; പോലീസ് മുന്‍ മേധാവി ബെഹ്റ ഉദ്ഘാടനം ചെയ്തത് ശരിയോ? ആദ്യ ബോട്ടില്‍ വാങ്ങിയത് എഡിജിപി അജിത് കുമാറും; പ്രതിഷേധവുമായി കെ.സി.ബി.സി; റെയില്‍വേ ചട്ടങ്ങള്‍ക്ക് വിരുദ്ധമോ മെട്രോയിലെ ആ മദ്യവില്‍പ്പന ശാല?

കൊച്ചി: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്‌കോ) കന്നി ലക്ഷ്വറി ഔട്ട്ലെറ്റായ 'ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചുത് വിവാദത്തില്‍. പൊതുഗതാഗത കേന്ദ്രത്തിലെ മദ്യവില്‍പ്പന ചട്ടവിരുദ്ധമാണെന്ന ആരോപണവും, ഉദ്ഘാടന ചടങ്ങിലെ പോലീസ് ഉന്നതരുടെ സാന്നിധ്യവും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
വൈറ്റില മെട്രോ സ്റ്റേഷനിലെ മദ്യശാല റെയില്‍വേ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേ നിയമപ്രകാരം സ്റ്റേഷന്‍ പരിസരങ്ങളില്‍ മദ്യവില്‍പ്പന പാടില്ലെന്നിരിക്കെ, മെട്രോയെ ആ നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് എങ്ങനെയെന്നാണ് സമിതിയുടെ ചോദ്യം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മദ്യവിരുദ്ധ സമിതിയുടെ നീക്കം.
കെ.എം.ആര്‍.എല്ലിന്റെ വാദം
നഗര ഗതാഗത കേന്ദ്രങ്ങളെ വാണിജ്യ ഹബ്ബുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നത്.
ലക്ഷ്യം: ഐ.ടി പ്രൊഫഷണലുകള്‍, വിദേശികള്‍, ഉയര്‍ന്ന വരുമാനക്കാര്‍ എന്നിവരെയാണ് ഈ പ്രീമിയം ഔട്ട്ലെറ്റ് ലക്ഷ്യമിടുന്നത്.
സുരക്ഷ: സീല്‍ ചെയ്ത കുപ്പികള്‍ മാത്രമേ മെട്രോയില്‍ കൊണ്ടുപോകാന്‍ അനുവദിക്കൂ. ലഹരി ഉപയോഗിച്ച് സ്റ്റേഷനില്‍ പ്രവേശിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഏകദേശം 7000 കേസുകള്‍ മദ്യം സ്റ്റോക്ക് ചെയ്യാന്‍ ശേഷിയുള്ള ഈ 'ബൊട്ടീക്' ഔട്ട്ലെറ്റില്‍ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലും സമാനമായ രീതിയില്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ പദ്ധതിയുണ്ട്.
മദ്യശാലകള്‍ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍, ഈ വിവാദം വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.


