- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു; കേരളത്തിൽ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത് ഇതാദ്യം; കുറ്റകൃത്യത്തിന് മുമ്പും പിമ്പുമുള്ള പ്രതികളുടെ മാനസിക നിലയും സ്വഭാവവും പരിശോധിക്കും
കൊച്ചി: കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് കേസുകളിൽ വിധി പുനപരിശോധിക്കാൻ ഒരുങ്ങി ഹൈക്കോടതി. ജിഷാ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് എന്നീ കേസുകളിലെ വധശിക്ഷയാണ് കോടതി പുനപരിശോധിക്കുന്നത്. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.
ഇരുകേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ വകുപ്പിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ കോടതി തീരുമാനമെടുക്കുക. കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുറ്റവാളികളുടെ അഭിഭാഷകർ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ കുറ്റകൃത്യത്തിന് മുൻപും ശേഷവുമുള്ള സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, നേരത്തേ ഇവർ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിട്ടിട്ടുണ്ടോ, മാനസികാവസ്ഥ എന്നിവ കൂടി പരിഗണിക്കണിച്ച് മിറ്റിഗേഷൻ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രണ്ട് കേസുകളിലെ കുറ്റവാളികളെയും പാർപ്പിച്ച ജയിൽ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതം 2014-ലും ജിഷ വധം 2016-ലുമാണ് നടന്നത്. ഈ കേസുകളിലെ കുറ്റവാളികളുടെ ശിക്ഷയിൽ വധശിക്ഷയിൽ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷൻ അന്വേഷണം നടത്താൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തെ അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. അമീറുൽ ഇസ്ലാമിനെ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ജൂൺ 16നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തിയ കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകൻ നിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്.ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവർത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്.
അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസിൽ ഏറെ നിർണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ