കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. ഈ ആവസ്യം കോടതി തള്ളി.

അതേസമയം കണക്കില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടത വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കൊച്ചിയിലെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റാണ് ഹർജി നൽകിയത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.പേഴ്സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. എന്നാൽ നിയമനത്തിന് നിയന്ത്രണം വേണമെന്നും കോടതി നിർദേശിച്ചു. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ നിയന്ത്രണം ബാധകമാകണമെന്നും കോടതി വ്യക്തമാക്കി. ഗവർണറും നേരത്തെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിൽ ഇടപെടുമെന്ന് പറഞ്ഞിരുന്നു.

അതേസമയം പേഴ്‌സണൽ സ്റ്റാഫായി നിയമിക്കപ്പെടുന്നവരുടെ കാര്യം എപ്പോഴും ലോട്ടറിയാണ്. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആർഎ ഇതിന് പുറമെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റു ക്വാർട്ടേഴ്സുകളും എല്ലാം പേഴ്‌സണൽ സ്റ്റാഫുകൾക്ക് ലഭിക്കും. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടെന്നതും ശ്രദ്ധേയമാണ്.

മന്ത്രിമാർക്ക് യോഗ്യത നിർബന്ധമല്ല. ജനപ്രതിനിധികളായ അവർക്ക് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽനിന്നല്ല. എന്നാൽ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്. സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ മുഴുവൻ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ്. ശമ്പള സ്‌കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്. അഞ്ചുവർഷത്തേക്ക് നിയമനമുള്ളു അവർക്ക്. പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തിൽ അയോഗ്യരായവർക്ക് രാഷ്ട്രീയ പ്രവർത്തകരായതിന്റെ പേരിൽ നിയമനം ലഭിക്കുന്നു.

പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. എന്തിനേറെ വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ. നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്‌സണൽ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും. ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.

പേഴ്‌സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ. കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്‌കെയിലെന്ന് കേട്ടാൽ ഞെട്ടരുത്.

ഇത് ഏകദേശം 1,07,800- 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ. 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക. 77,000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്സണൽ സ്റ്റാഫുകളുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സർക്കാർ ഏജൻസിയോ റിക്രൂട്ട്മെന്റ് സംവിധാനമോ അല്ല. യോഗ്യതകൾ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോർത്ത് ആശ്വസിക്കാം. കാരണം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 623 പേരായിരുന്നു മന്ത്രിമാർക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോർത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.

28 പേർ വരെ പേഴ്‌സണൽ സ്റ്റാഫ് ആകാമെന്നാണ് ചട്ടം. 1994ന് മുമ്പ് വരെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബർ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷവും കുറഞ്ഞ പെൻഷൻ ലഭിക്കാൻ മൂന്നുവർഷമെങ്കിലും പേഴ്‌സണൽ സ്റ്റാഫായി പ്രവർത്തിക്കണം. എന്നാൽ 29 വർഷത്തിലധികം സർവീസുണ്ടെങ്കിലം 30 വർഷം തികഞ്ഞില്ലെങ്കിലും പരമാവധി പെൻഷൻ നൽകാൻ വ്യവസ്ഥയുണ്ട്. ഇതേപോലെ മൂ്ന്നു വർഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെൻഷനും അനുവദിക്കാം. ഈ സാധ്യത മുതലാക്കി ഒരു മന്ത്രിക്ക് രണ്ട് തവണ പേഴ്‌സണൽ സ്റ്റാഫുകളെ മാറ്റിയ ചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞ പെൻഷനായ 2400 രൂപയും ഡിആറും ലഭിക്കും. ഭാവിയിൽ പെൻഷൻ പുതുക്കുമ്പോൾ ഇതിന്റെ ആനുകൂല്യവും ലഭിക്കും.