കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ. ഡി. പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. ഹൈറിച്ചിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് പ്രതാപനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ക്കു ശേമാണ് നടപടി.

വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അന്വേഷണവുമായി പ്രതാപന്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഹൈറിച്ച് കേസെന്ന് ഇ.ഡി. അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്.

പുതിയ ഇടപാടുകരെ ചേര്‍ക്കുന്നവര്‍ക്ക് കമ്മിഷന്‍ ലഭിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഏതാണ്ട് 1.63 കോടി ഇടപാടുകാരുടെ ഐ.ഡി.കള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ തന്നെ അന്‍പതോളം ഐ.ഡി.കള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.

കമ്പനിയുടെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലൂടെ വന്‍തുക ഹൈറിച്ച് പ്രമോട്ടര്‍മാര്‍ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1,500 കോടി രൂപ ഇടപാടുകാരില്‍നിന്നു വാങ്ങിയെടുത്തെന്നും ഇതില്‍ നിന്ന് 250 കോടി രൂപ പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെന്നുമാണ് ഇ.ഡി. കണ്ടെത്തിയത്.

കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. വിവിധ വ്യക്തികളില്‍നിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതെന്നാണ് ഇ.ഡി പറയുന്നത്. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടുമുണ്ട്. മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പണം തട്ടിപ്പ്, ക്രിപ്‌റ്റോറന്‍സി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്നു നടത്തി.

126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു .എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. ജിഎസ്ടി തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം. എന്നാല്‍ പിന്നീട് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ ആ വാദം പൊളിഞ്ഞു.