തിരുവനന്തപുരം: ഹിഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്.സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി.

മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു.കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തു.ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.ഹ്വിഗിറ്റ എന്ന സിനിമയക്ക് എൻഎസ് മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്നും ഹ്വിഗിറ്റ ചിത്രത്തിന്റെ സംവിധായകൻ ഹേമന്ത് ജി നായർ വ്യക്തമാക്കി.

സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നും സംവിധായകൻ അറിയിച്ചു. എൻ.എസ്. മാധവനെ മനപ്പൂർവം വേദനിപ്പിച്ചിട്ടില്ലെന്നും പ്രതീക്ഷിക്കാതെ വന്ന ഒരു വിവാദമാണിതെന്നും ഹേമന്ത് വിശദീകരിക്കുന്നു.ആകെ പകച്ചു നിൽക്കുകയാണ്. എന്റെ ആദ്യത്തെ സിനിമയാണ് ഹിഗ്വിറ്റ. കഴിഞ്ഞ കുറേയധികം വർഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു എന്റെ യാത്ര. 2019 നവംബർ 8നാണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യൽ മീഡിയ വഴി ടൈറ്റിൽ ലോഞ്ച് ചെയ്തത്.

കോവിഡും മറ്റു പല പ്രതിസന്ധികളിലൂടെയുമൊക്കെ കടന്നു പോയി ഇപ്പോഴാണ് ഹിഗ്വിറ്റ റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോൾ എന്തുകൊണ്ട് ഉണ്ടായി എന്ന് അറിയില്ല. ഒരുപാട് ബഹുമാനിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇത്തരത്തിൽ വിഷമമുണ്ടായി എന്നതിൽ വളരെയധികം ഖേദമുണ്ട്.

ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധർമ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധർമ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ പേരിലേക്കെത്തിയത്. ഹേമന്ത് പറയുന്നു. ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിലെത്തുകയാണ്. ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടിയേ ബാക്കിയുള്ളൂ എന്നും അതു കൊണ്ടു തന്നെ അവസാന നിമിഷം പേരു മാറ്റാൻ സാധിക്കില്ലെന്നും ഹേമന്ത് പറയുന്നു.

അതേസമയം സാഹിത്യകാരൻ എൻ എസ് മാധവൻ ഉയർത്തിയ വിവാദങ്ങൾക്കും മാധവന്റെ അനുമതി വേണമെന്ന് ഫിലിംചേംമ്പർ നിലപാടിനെതിരെയും രൂക്ഷ വിമർശനവുമായ സംവിധായകൻ വേണുവും രംഗത്ത് വന്നു. ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു. എൻഎസ് മാധവനില്ലായിരുന്നുവെങ്കിൽ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്.

എൻ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോരിറ്റിയെന്ന നിലപാട് അംഗീകരിച്ച് നൽകാനാകില്ല. ഫിലിം ചേംബർ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്‌ബോളിനെ ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേർ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേൽപ്പിക്കലാണ്. ചിലർക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേൽപ്പിക്കൽ. അതിനെല്ലാം മുൻപേ എന്താണ് ഇതിന്റെ കഥയെന്നെല്ലാമന്വേഷിക്കൂ. മലയാളത്തിൽ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എൻഎസ് മാധവനാണോയെന്ന് ഫിലിംചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററിൽ ഇതിന് പിന്നാലെയാണ് എൻ എസ് മാധവൻ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്', എന്നാണ് എൻ.എസ് മാധവന്റെ ട്വീറ്റ്.

ഇതിന് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ എൻഎസ് മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എൻ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദൻ പറഞ്ഞത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്