- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ല; ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം; വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്നത് വരെ വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലേക്കില്ല; ഹിജാബ് ധരിച്ചു പഠിക്കാന്‍ നിയമപോരാട്ടത്തിന്റെ വഴിയില്‍ കുടുംബം
ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ല; ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം എളുപ്പം തീരില്ല. ഹിജാബ് ധരിച്ചു പഠനം തുടരാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് വിദ്യാര്‍ഥിനിയുടെ കുടുംബം. നേരത്തെ സ്ൂകളില്‍ നിന്നും ടി സി വാങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കാത്തിരിക്കാനാണ് പെണ്‍കുട്ടിയുടെ കുടുംബം ഒരുങ്ങുന്നത്.
വെള്ളിയാഴ്ച്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. അതുവരെ കാത്തിരിക്കുക എന്നതാണ് കുടുംബം കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഹൈക്കോടതിയുടെ വിധി അനുസരിച്ചു തുടര്‍ തീരുമാനം കൈക്കൊള്ളാനാണ് കുടുംബം ഒരുങ്ങുന്നത്. കേസില്‍ കുടുംബം കക്ഷി ചേര്‍ന്നിട്ടില്ല. അതിനുള്ള സാധ്യത അടക്കം ഇനിയും ആരായും. വെള്ളിയാച്ച വരെ കാത്തിരിക്കുമ്പോല്‍ വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങുമെന്നതാണ് ഇവിടെയുള്ള പ്രതിസന്ധി.
നേരത്തെ ഹിജാബ് ധരിച്ചെത്തിയാലും കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കുട്ടി ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയാലും പഠിപ്പിക്കണം, പുറത്താക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് രണ്ടും സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഇതിനെതിരേയാണ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആവശ്യം. എന്നാല്‍, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെയാണ്, ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും തുടര്‍ന്ന് ഈ സ്‌കൂളില്‍ പഠിക്കാന്‍ തയ്യാറല്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചത്. ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കുമെന്ന് പിതാവ് അറിയിച്ചത്. ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന തീരുമാനത്തിലാണ് മുന്‍നിലപാടില്‍ നിന്നും ലപാടില്‍ നിന്നും കുടുംബം മാറുന്നത്.
അതിനിടെ ശിരോവസ്ത്രം ധരിച്ചതിന് സ്‌കൂളില്‍ നിന്ന് വിലക്കിയ കുട്ടിക്ക്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ഏത് സ്‌കൂളില്‍ വേണമെങ്കിലും അഡ്മിഷന്‍ വാങ്ങി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിനായി പ്രത്യേക ഉത്തരവ് ഉറക്കും. തുടര്‍പഠനത്തിന് എല്ലാ സഹായങ്ങളും നല്‍കും. കുട്ടിക്ക് എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്മെന്റാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതിനിടെ പള്ളുരുത്തി സെയ്ന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പരാതിയില്‍ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ കേസെടുത്തേക്കും. പിടിഎ എക്സിക്യൂട്ടീവ് അംഗമായ ജമീര്‍ ആണ് പരാതി നല്‍കിയത്. സൈബര്‍ പൊലീസിന് നല്‍കിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.
വിഷയത്തില്‍ പ്രതികരിച്ച്് മുസ്ലിംലീഗ് നേതാക്കള്‍ അടക്കം രംഗത്തുവന്നിരുന്നു. സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ആദ്യം പ്രതികരിക്കാതിരുന്നത് ഛിദ്രശക്തികളുടെ ഇടപെടല്‍ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വിജയിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അവിടെ പോയി പ്രശ്‌നം പരിഹരിക്കാന്‍ നോക്കി, എന്നാല്‍ പരിഹരിച്ചില്ല. പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയത് കുറ്റമായി കാണാന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടി പറഞ്ഞത്: ശിവന്‍കുട്ടി വ്യക്തിപരമായി ഒരു സ്റ്റാന്‍ഡ് എടുത്തു. അദ്ദേഹം നല്ല പ്രസ്താവന കൊടുത്തു. എന്നാല്‍, ആത്യന്തികമായി നോക്കിയാല്‍, കേരളത്തില്‍ കുട്ടിയുടെ പഠിപ്പ് നിര്‍ത്തേണ്ടി വന്നു. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കുട്ടി ഇനി വേറെ സ്‌കൂള്‍ നോക്കണം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കുട്ടിക്ക് പഠിപ്പ് നിര്‍ത്തേണ്ടി വന്നു എന്നതാണ് വസ്തുത.
വിഷയത്തില്‍ മുസ്ലിം ലീഗ് ആദ്യംതന്നെ കേറി അഭിപ്രായം പറയാതിരുന്നത് അവിടെ ചില ഛിദ്രശക്തികള്‍ പ്രശ്‌നം ഊതി വീര്‍പ്പിക്കാന്‍ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ്. രംഗം വഷളാക്കാന്‍ വേണ്ടി എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞങ്ങളുണ്ടാകില്ല.
ഒരു വര്‍ഗീയ സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കാന്‍ നോക്കുന്നവരാണ് ഇതിന് പിറകില്‍. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റിനിര്‍ത്തി ചില ശക്തികള്‍, അവരാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിറകിലുള്ളവര്‍. ലീഗിനെപ്പോലുള്ള പാര്‍ട്ടികള്‍ അതുകൊണ്ടാണ് സംയമനം പാലിച്ച് നീരീക്ഷീച്ചത്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വിജയിക്കാറില്ല, എന്നാല്‍ ഇത് മോശമാണ്.
ഛത്തീസ്ഗഢിലും മറ്റു സ്ഥലങ്ങളിലേയും കാര്യങ്ങള്‍ പറയുമ്പോള്‍ കേരളത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത് അപമാനകരമാണ്. ഇന്ന് ഒരു വിഭാഗം തുടങ്ങിയാല്‍ നാളെ മറ്റൊരു വിഭാഗം തുടങ്ങും. ഇതൊക്കെ ഒരു ഗിവ് ആന്‍ഡ് ടേക്ക് ആയി പോകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് പള്ളുരുത്തി സ്‌കൂളില്‍ സംഭവിച്ചത് അനഭിലഷണീയമാണ്. വാര്‍ത്താ സമ്മേളനവും അവര്‍ പറഞ്ഞതും എല്ലാം അസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ്. യൂണിഫോമിനനുസരിച്ച് ഒരു ചെറിയ തലപ്പാവ് അണിഞ്ഞാല്‍ എന്തു പറ്റാനാണ്. പറയുന്ന അധ്യാപിക തന്നെ മുഴുവന്‍ തലപ്പാവ് അണിഞ്ഞിട്ടാണല്ലോ പറയുന്നത്. അതെങ്കിലും ഓര്‍ക്കണ്ടേ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.