ന്യൂഡൽഹി: വീണ്ടും ഹിന്ദി വിവാദം കടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ കേന്ദ്രസർക്കാരിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസർവീസ് റിക്രൂട്‌മെന്റുകൾക്കും ഹിന്ദി മുഖ്യ മാധ്യമമാക്കണമെന്ന് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി നിർദ്ദേശിച്ചത് വ്യാപക ചർച്ചകൾക്ക് വിധേയമാകും. രാഷ്ട്രപതിക്കു സമർപ്പിച്ച സമിതിയുടെ 11ാം റിപ്പോർട്ടിലാണു നിർദ്ദേശമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു സമിതി അധ്യക്ഷൻ. നേരത്തേയും സമാന രീതിയിൽ സമിതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതെല്ലാം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യമുണ്ടാകണമെന്നതാണ് കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.

നേരത്തെ ചർച്ചയായ ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ബിജെപി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഭാഷ, സാംസ്‌കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയാണ് പ്രധാനമന്ത്രി തള്ളിയത്. അതിന് ശേഷവും അമിത് ഷായുടെ നേതൃത്വത്തിൽ ഹിന്ദിക്ക് വേണ്ടിയുള്ള കരുനീക്കം സജീവമാണെന്ന് തെളിയിക്കുന്നതാണ് പാർലമെന്ററീ സമിതിയുടെ ശുപാർശ.

ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തമിഴ്‌നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലുമെല്ലാം കലാപ സമാന സാഹചര്യങ്ങൾ മുൻകാലങ്ങളിൽ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നുള്ളൂ. ഇതിനിടെയാണ് പാർലമെന്ററീ സമിതിയുടെ തീരുമാനം. ഐഐടി, ഐഐഎം, എയിംസ്, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, കേന്ദ്രസർവകലാശാലകൾ എന്നിവിടങ്ങളിൽ ഇംഗ്ലിഷിനു പ്രാധാന്യം കുറച്ച് ഹിന്ദി മുഖ്യമാധ്യമമാക്കണമെന്നാണു പ്രധാന നിർദ്ദേശങ്ങളിലൊന്ന്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടെ നിന്ന് പ്രാദേശിക ഭാഷയെ ഒഴിവാക്കുന്നത് വലിയ ചർച്ചയാകും.

അതിനൊപ്പം ഹിന്ദിക്ക് വേണ്ടിയുള്ള മറ്റൊരു നിർദ്ദേശവും അപകടകരമാണ്. റിക്രൂട്‌മെന്റ് പരീക്ഷകളിൽ ഇംഗ്ലിഷ് ചോദ്യപ്പേപ്പർ ഒഴിവാക്കി പകരം ഹിന്ദി ഭാഷാ ചോദ്യപേപ്പർ നിർബന്ധമാക്കണം. ഹിന്ദി അറിഞ്ഞിരിക്കുക എന്നതു നിർബന്ധിത വ്യവസ്ഥയാക്കണമെന്നാണ് നിർദ്ദേശം. ഇതോടെ കേന്ദ്ര സർവ്വീസിൽ ഹിന്ദിക്കാർ മാത്രമായി മാറും. ഇതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അംഗീകരിക്കാനാകില്ല. ഹിന്ദിയെ അടിച്ചേൽപ്പിക്കാനുള്ള നിർദ്ദേശമാണ് ഇതെന്നാണ് ഉയരുന്ന വിമർശനം. റിപ്പോർട്ടിലേതായി പുറത്തുവന്ന മറ്റു നിർദ്ദേശങ്ങളും വ്യാപകമായ രീതിയിൽ ചോദ്യം ചെയ്യപ്പെടും.

കേന്ദ്രസർക്കാരിന്റെ വിവിധ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹിന്ദി മാത്രം മതി, ഹൈക്കോടതി നടപടികളും ഉത്തരവുകളും ഹിന്ദിയിലാക്കുക. ആവശ്യമുള്ളവ ഇംഗ്ലിഷിൽ പരിഭാഷപ്പെടുത്തുക എന്നീ തീരുമാനങ്ങളും വിവാദമാകും. അതായത് കേരളാ ഹൈക്കോടതിയുടെ വിധി പോലും ഹിന്ദിയിലായി മാറും. ഹിന്ദി അറിയാത്ത ജഡ്ജിമാർക്ക് പോലും ഹൈക്കോടതിയിൽ അവസരം കിട്ടില്ലെന്ന് സാരം. ഹിന്ദി മുഖ്യഭാഷയായ സംസ്ഥാനങ്ങളിൽ എല്ലാ സർക്കാർ ഇടപാടുകളും ഹിന്ദിയിലാക്കണം. മറ്റു സംസ്ഥാനങ്ങളിൽ അതതു ഭാഷയ്‌ക്കൊപ്പം ഹിന്ദിക്കും പ്രോത്സാഹനം വേണം എന്നും ശുപാർശയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലിഷിനു പകരം പ്രാദേശിക ഭാഷകൾ പഠനത്തിനുപയോഗിക്കാമെന്നതാണ് മറ്റൊരു വിചിത്ര ശുപാർശ. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് അറിവില്ലായ്മയിലേക്ക് ദക്ഷിണേന്ത്യയെ തള്ളി വിടുന്നതു കൂടിയാകും ഇത്. ഹിന്ദി ഉപയോഗിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥരെ താക്കീതു ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി തസ്തിക 3 വർഷത്തിലേറെ ഒഴിഞ്ഞാൽ സ്ഥാപന മേധാവിയെ ഉത്തരവാദിയാക്കുകയും സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം. വിദേശങ്ങളിലും ഹിന്ദി പ്രോത്സാഹിപ്പിക്കുകയും എംബസികൾ മാസത്തിൽ റിപ്പോർട്ട് നൽകുകയും വേണം. യുഎന്നിലും ഇന്ത്യയുടെ വ്യവഹാരങ്ങൾ ഹിന്ദിയിലാക്കണം എന്നും സമിതി നിർദ്ദേശിക്കുന്നു.

ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, നടൻ പ്രകാശ്രാജ് തുടങ്ങി നിരവധി പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയും ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. അമിത് ഷാ സാംസ്‌കാരിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ പ്രസ്താവന. ഷായുടെ ആഹ്വാനം രാജ്യത്തിന്റെ ഐക്യത്തിനെതിരായ കടന്നാക്രമണമാണെന്ന് ഡി.എം.കെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.

എല്ലാവർക്കും ഒരേ ഭാഷ രാജ്യത്തിന്റെ ഐക്യത്തിന് വിഘാതമാവും. നിങ്ങൾ തെറ്റുകൾ ആവർത്തിക്കുകയാണ്. എന്നാൽ അതിൽ വിജയിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. എ.ആർ.റഹ്മാൻ അടക്കം ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള മറ്റ് നിരവധി അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പുതിയ നീക്കം.