- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജിലേബി സ്വാമി' കുടുങ്ങി; കേസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും മുങ്ങി ലണ്ടനിലെത്തിയ ശരവണ ബാവ എന്ന മുരളീകൃഷ്ണന് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിട്ട് തുടങ്ങി; ശ്രീലങ്കന്‍ തമിഴ് ഭക്തര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കിയ ആസ്വാമിക്ക് ബ്രിട്ടനില്‍ കോടികളുടെ ആസ്തിയും; ബലാല്സംഗത്തിനൊപ്പം വദന സുരതവും പ്രധാന ഹോബി
'ജിലേബി സ്വാമി' കുടുങ്ങി; ശരവണ ബാവ എന്ന മുരളീകൃഷ്ണന് ബലാത്സംഗ കേസില്‍ വിചാരണ നേരിട്ട് തുടങ്ങി
ലണ്ടന്‍: കോഴിക്കോട് ജിലേബി വിറ്റു നടന്നിരുന്നതിലൂടെ സ്വന്തമാക്കിയ ജിലേബി സ്വാമി എന്ന പേര് യുകെയില്‍ എത്തിയതോടെ ശരവണ ബാബയായി എന്നതൊന്നും പാലക്കാട്ടെ ശ്രീകൃഷണപുരം സ്വദേശിയായ മുരളീകൃഷ്ണന്‍ പുളിക്കലിനെ ലവലേശം ബാധിച്ചില്ല. കോഴിക്കോട് ആശ്രമ നിര്‍മാണത്തിനിടെ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍ മരിക്കാന്‍ ഇടയാക്കുകയും പാലക്കാട് അടക്കം സ്ത്രീകള്‍ പീഡനത്തിന് എതിരെ കേസ് നല്‍കാന്‍ തയ്യാറാകുകയും ചെയ്തതോടെയാണ് പത്തു വര്ഷം മുന്‍പ് മുരളീകൃഷ്ണന്‍ പുളിക്കല്‍ യുകെ വിസ സ്വന്തമാക്കി ലണ്ടനില്‍ എത്തിയത്.
വീടുകളില്‍ പ്രാര്‍ത്ഥനയും പൂജയും ഒക്കെയായി വിസ കാലാവധി തീരുന്ന മുറക്ക് പുതുക്കി കൊണ്ടിരുന്ന മലയാളികളുടെ ജിലേബി സ്വാമി ശ്രീലങ്കന്‍ തമിഴ് ഭക്തര്‍ക്കിടയില്‍ ശരവണ ബാബ ആയി മാറിയതോടെ ജാതകം തെളിഞ്ഞു ശുക്രന്‍ ഉച്ചസ്ഥായില്‍ എത്തുക ആയിരുന്നു. സ്വാമിയുടെ വാക്ചാതുരിയില്‍ മയങ്ങിയ അനേകം സ്ത്രീകള്‍ കിടക്ക പങ്കിടുക മാത്രമല്ല ഒന്നിലേറെ സ്ത്രീകള്‍ ജീവിത സമ്പാദ്യം ഒന്നാകെ ആസാമിയായ മുരളീധരന്റെ കാല്‍ക്കല്‍ വയ്ക്കാന്‍ തയ്യാറായതോടെ സ്വന്തമായി ആശ്രമങ്ങളും മഠങ്ങളും ഒക്കെയായി ബാബ വളര്‍ന്നു കയറുക ആയിരുന്നു.
ലണ്ടനിലെ സ്ത്രീയുടെ 128000 പൗണ്ട് ബാബയുടെ പോക്കറ്റില്‍, ലൈംഗിക പരാതി ഉയര്‍ത്തിയത് രണ്ടു സ്ത്രീകള്‍
വശീകരണ കലയില്‍ അഗ്രഗണ്യനായ മുരളീകൃഷ്ണന്റെ കൈകളിലേക്ക് എത്തിയ സ്ത്രീകളില്‍ ഒരാള്‍ തന്റെ 1,28,000 പൗണ്ട് ഇയാളുടെ കൈവശം ആണെന്ന് കാട്ടി നല്‍കിയ കേസാണ് ജിലേബി ബാബയെ ഇപ്പോള്‍ കുരുക്കിയിരിക്കുന്നത്. താന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആണെന്നും ബ്ലാക്ക് മാജിക് വശം ഉണ്ടെന്നും ഒക്കെ തരംപോലെ തട്ടിവിട്ടതോടെയാണ് സ്ത്രീകള്‍ ഇയാളിലേക്ക് ആകര്‍ഷിക്കപെട്ടത്.
ഇപ്പോള്‍ ലണ്ടനിലെ ബര്‍നേറ്റ് കോടതിയില്‍ എത്തിയ കേസില്‍ രണ്ടു സ്ത്രീകള്‍ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പരാതി ഉന്നയിച്ചതോടെ ശരവണ ബാബ ജയിലില്‍ കേറും എന്ന് ഏറെക്കുറെ ഉറപ്പാക്കുകയാണ്. ലോകമൊട്ടാകെ ഭക്തരെ സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് മുരളീകൃഷ്ണന്‍ ലണ്ടനില്‍ ലോക്ക് ആകുന്നത്. ബാര്‍നെറ്റില്‍ സ്വന്തമായി ക്ഷേത്രം ആയതോടെയാണ് ശരവണ ബാബ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിയത്.
രണ്ടു സ്ത്രീകള്‍ ശാരീരിക പീഡനത്തിനും ബലാത്സംഗത്തിനും പരാതി നല്‍കിയതോടെ അഞ്ചു കേസുകളിലാണ് മുരളീകൃഷ്ണന്‍ ഇപ്പോള്‍ സമാധാനം പറയാന്‍ കോടതിയില്‍ കൈകെട്ടി നില്‍ക്കേണ്ടി വരുന്നത്. തനിക്ക് ഒന്നും സംഭവിക്കില്ല എന്ന മട്ടില്‍ വിഐപി പരിവേഷത്തോടെയാണ് ഇയാള്‍ കോടതിയില്‍ എത്തുന്നതും. ചാര നിറത്തിലെ കുര്‍ത്തയും വെളുത്ത പൈജാമയും കാശ്മീരി സില്‍ക്ക് ഷാളും ഒക്കെയണിഞ്ഞ് അസല്‍ ദിവ്യനായി തന്നെയാണ് കോടതിയിലേക്കുള്ള വരവും പോക്കും ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിരിക്കുന്നത്. മുന്‍ ജന്മത്തില്‍ തങ്ങള്‍ രണ്ടും ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയിരുന്നു എന്നുവരെ പറഞ്ഞാണ് മുരളീകൃഷ്ണന്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളുടെ വാക്ചാരുതിയില്‍ വീണു പോയ സ്ത്രീ ജീവകാരുണ്യ ധന സഹായം എന്ന പേരിലാണ് 1,28,000 പൗണ്ടിന്റെ ദാനം ചെയ്തത്.
തല ഉയര്‍ത്തി തന്നെ കോടതിയിലെത്തുന്നു, മുഖത്താകെ നിഗൂഢമായ പുഞ്ചിരിയും, താല്‍പര്യം കൂടുതല്‍ വദന സുരതം
2022നും 2023നും ഇടയിലുള്ള മാസങ്ങളിലാണ് രണ്ടു സ്ത്രീകളും ദുരുപയോഗിക്കപ്പെട്ടത്. ഇരു സ്ത്രീകളും ഇയാളെ പരിചയപ്പെടുന്നതും പ്രാര്‍ത്ഥന സത്സംഗ വേളകളിലാണ്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച മുരളീകൃഷ്ണന്‍ തല ഉയര്‍ത്തി തന്നെയാണ് എല്ലാ ദിവസവും കോടതിയില്‍ വിചാരണ നേരിടാന്‍ എത്തുന്നതും. താന്‍ നിസാരമായി നിയമത്തിന്റെ കണ്ണില്‍ നിന്നും രക്ഷപ്പെടും എന്ന ഭാവത്തില്‍ മുഖത്തൊളിപ്പിച്ച നിഗൂഢമായ ഒരു പുഞ്ചിരിയും ഇയാള്‍ കൈമുതലായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പ്രസാദവുമായി രാത്രികളില്‍ പരാതി നല്‍കിയ സ്ത്രീയുടെ വീട്ടില്‍ മുരളീകൃഷ്ണന്‍ എത്തിയതായും കോടതിയില്‍ വിചാരണയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അത്തരത്തില്‍ രണ്ടു തവണ വീട്ടില്‍ എത്തിയപ്പോഴും വദന സുരതമാണ് ബാബ ആവശ്യപ്പെട്ടത് എന്നും സ്ത്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. ബാബയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന വേളയില്‍ തന്നെ മടിയിലിരുത്തിയാണ് മുരളീകൃഷ്ണന്‍ ദുരുപയോഗം ചെയ്തത് എന്ന് രണ്ടാമത്തെ സ്ത്രീയും കോടതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ബര്‍നാട്ടിലെ കതിര്‍ഗമ സ്‌കന്ദന്‍ ക്ഷേത്രത്തില്‍ നിന്നുമാണ് മുരളീകൃഷ്ണന്‍ പ്രശസ്തിയും സ്ത്രീകളില്‍ ആരാധനയും സൃഷ്ടിച്ചു തുടങ്ങിയത് എന്ന് പ്രോസിക്യൂട്ടര്‍ ക്രിസ്റ്റഫര്‍ അമിസ് വാദമുയര്‍ത്തി. ചില ഘട്ടങ്ങളില്‍ ഇയാള്‍ ഓം ശരവണ ബാബ മള്‍ട്ടി ഫെയ്ത്ത് കമ്യുണിറ്റി സെന്ററിലും തന്റെ ദിവ്യത്വം വെളിപ്പെടുത്താന്‍ എത്തിയിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ നിരാലംബരും നിസ്സഹായരും ആയ സ്ത്രീകളാണ് ഇയാളുടെ കെണിയില്‍ പെട്ടുപോയതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് ശാന്തി തേടിയെത്തിയവരും മുരളീകൃഷ്ണന്റെ വക്ര ബുദ്ധിയില്‍ വശംവദരാകുക ആയിരുന്നു എന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഈ സ്ത്രീയ്ക്ക് ഫോണ്‍കോളുകളുടെ ശരമഴയാണ് മുരളീകൃഷ്ണന്‍ ഒരുക്കിയത്.
വസതിയില്‍ സഹായികള്‍ക്കൊപ്പം എത്തി ക്ഷേത്ര പ്രസാദം നല്‍കി വിശ്വാസ്യത നേടിയ ''ബാബ'' പിന്നീട് വാട്സാപ്പ് വീഡിയോ കോള്‍ വിളിച്ചു സ്ത്രീയോട് കാല്‍പാദം കാണിക്കുവാന്‍ ആവശ്യപ്പെടുക ആയിരുന്നു. അവരുടെ മനസിന് ശാന്തി നല്‍കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് താന്‍ തയ്യാറെടുക്കുകയാണ് എന്നും അറിയിച്ചു. താന്‍ നിസ്സഹായാണ് എന്ന് അറിയിച്ച സ്ത്രീ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് കാല്‍പാദം കാണിക്കുകയും ഉടന്‍ മുരളീകൃഷ്ണന്‍ വെരി ലവ്ലി എന്ന കമന്റ് നടത്തുകയും ആയിരുന്നു.
തന്റെ ഇംഗിതം നടന്നില്ലെങ്കില്‍ ഇയാള്‍ ബ്ലാക്ക് മാജിക് കാണിക്കുമോ എന്നും സ്ത്രീ ഭയപ്പെട്ടന്ന വിവരവും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. മറ്റൊരു സന്ദര്‍ഭത്തില്‍ ഡ്രൈവറുമായി വീട്ടില്‍ എത്തി സംസാരം നടത്തിയ ശേഷം ഡ്രൈവറോട് കാറില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെട്ട ബാബ സ്ത്രീയെ കടന്നു പിടിച്ചു ആലിംഗനം നടത്തി ചുംബനം ചെയ്യുക ആയിരുന്നു. ഈ ഘട്ടത്തില്‍ വിസമ്മതം പ്രകടിപ്പിച്ച സ്ത്രീയോട് മുന്‍ജന്മത്തില്‍ ഇരുവരും ദമ്പതികള്‍ ആയിരുന്നെന്ന തന്ത്രമാണ് ബാബ നടത്തിയത്.
വീണ്ടും തന്റെ താല്‍പര്യമില്ലായ്മ അറിയിച്ച സ്ത്രീയോട് സഹകരിക്കണമെന്നും തന്റെ മാന്ത്രിക ശക്തി സ്ത്രീയുടെ പ്രയാസങ്ങള്‍ മാറ്റുമെന്നും മുരളീകൃഷ്ണന്‍ അറിയിക്കുക ആയിരുന്നു. ദൈവമാണ് തന്നെ അയച്ചതെന്നും അയാള്‍ തുടര്‍ന്നതോടെ സ്ത്രീ കൂടുതല്‍ നിസ്സഹായയാവുകയായിരുന്നു. ബ്ലാക് മാജിക്കിലൂടെ ഒരാളെ രോഗിയാക്കാനും നശിപ്പിക്കാനും ഒക്കെ സാധിക്കുമെന്ന് ബാബ ഇതിനകം തന്നെ സ്ത്രീയോട് പറഞ്ഞിരുന്നതും അവരെ മുരളികൃഷ്ണന് കീഴടങ്ങാന്‍ പ്രേരിതയാക്കി. തുടര്‍ന്ന് തുടര്‍ച്ചയായി ഫോണില്‍ ബന്ധപെട്ടു കൊണ്ടിരുന്ന മുരളീകൃഷ്ണനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഭയം കാരണം ചിലപ്പോഴൊക്കെ പ്രാര്‍ത്ഥനക്ക് പോകാന്‍ നിര്‍ബന്ധിത ആകുക ആയിരുന്നു എന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.
2022 മെയ് ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ ഉള്ള ഒരു തീയതിയില്‍ വദന സുരതം നടത്തിയതും സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍ ഭക്ഷണവുമായി ഡ്രൈവര്‍ക്കൊപ്പം എത്തി അത് പങ്കിട്ടു കഴിച്ച ശേഷം ഡ്രൈവറെ കാറിലേക്ക് അയച്ചതിനെ തുടര്‍ന്ന് അടുക്കളയില്‍ വച്ചാണ് തന്നെക്കൊണ്ട് വദന സുരതം നടത്തിച്ചത് എന്നും സ്ത്രീ വ്യക്തമാക്കുന്നു. തന്റെ ലൈംഗിക അവയവത്തില്‍ കൈവയ്ക്കാന്‍ മുരളികൃഷ്ണന്‍ പറഞ്ഞത് നിരസിച്ചെന്നും സ്ത്രീ വ്യക്തമാക്കുന്നുണ്ട്. താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല എന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധപൂര്‍വം മുരളീകൃഷ്ണന്‍ ശ്രമം നടത്തി. വാ തുറക്കാതായപ്പോള്‍ ചുണ്ടുകളില്‍ ലൈംഗിക അവയവം വച്ചതും അയാള്‍ തന്നെയാണ്. തുടര്‍ന്ന് അരിശത്തോടെ നീ എന്നെ ഇഷ്ടപ്പെടുന്നില്ല എന്ന ശകാരം നടത്തിയ ശേഷം വീട് വിട്ടു പോകുക ആയിരുന്നു.
തുടര്‍ന്ന് രണ്ടാം ഘട്ടത്തിലാണ് ബലാത്സംഗം നടക്കുന്നത്. വലിയൊരു സംഘം ആളുകള്‍ക്കൊപ്പമാണ് അന്ന് വീട്ടില്‍ എത്തിയത്. പ്രാത്ഥനയ്ക്ക് ശേഷം ബാബയും സ്ത്രീയും ഒറ്റയ്ക്കായപ്പോള്‍ ബാത്ത്റൂം അന്വേഷിച്ചപ്പോള്‍ മുകള്‍ നിലയിലെ ബാത്ത് റൂം നല്‍കുക ആയിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും വദന സുരതം ആവശ്യപ്പെട്ടപ്പോള്‍ കരഞ്ഞു കൊണ്ട് ഒരു മിനിറ്റ് അയാളുടെ ഇംഗിതത്തിനു സ്ത്രീ വഴങ്ങുക ആയിരുന്നു. അടുത്ത മുറിയില്‍ കുട്ടികള്‍ ഉറങ്ങുന്നതിനാല്‍ ഒച്ച വയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു സ്ത്രീയെന്നും കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ സ്ത്രീ മുരളീകൃഷ്ണനുമായി ബന്ധം ആഗ്രഹിച്ചിരുന്നു എന്നാണ് മനസിലാക്കേണ്ടത് എന്നാണ് ബാബയുടെ അഭിഭാഷകനായ ബാരിസ്റ്റര്‍ അലി നസീം നജ്വ എതിര്‍ വാദം ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ വീട്ടില്‍ വന്നപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ട് എന്ന പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ അയാള്‍ തന്നെയും കുടുംബത്തെയും തകര്‍ക്കും എന്ന വിശ്വാസത്തിലാണ് വീട്ടില്‍ കയറാന്‍ അനുവാദം നല്‍കിയതെന്നും സ്ത്രീ കൂട്ടിച്ചേര്‍ത്തു.
ഒരു ഘട്ടത്തില്‍ വീഡിയോ കോളില്‍ ത്രിശൂലം പോലെയൊരു ആയുധം കാട്ടി തന്നെ എതിര്‍ക്കുന്നവരെ വക വരുത്താന്‍ ഉള്ളതാണ് എന്നും ബാബ പറഞ്ഞതും സ്ത്രീ കോടതിയില്‍ ഓര്‍മ്മിച്ചെടുത്തു. എന്നാല്‍ 2023 ഏപ്രിലില്‍ സ്ത്രീ അയച്ച സന്ദേശങ്ങളില്‍ എന്നോട് മാത്രം നല്ല ബന്ധത്തില്‍ ആയിക്കൂടേ, എന്തുകൊണ്ടാണ് മറ്റുള്ളവരുമായി ബന്ധം ഉള്ളതെന്നും തന്നെക്കുറിച്ചു മറ്റുള്ളവരോട് പറയുന്നത് എന്തിനാണ് എന്നൊക്കെയുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നതും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്.
2022 ശരത് കാലത്തില്‍ ഭര്‍ത്താവ് നഷ്ടമായ സ്ത്രീയാണ് ശാരീരിക വിഷമതകള്‍ക്ക് ആശ്വാസം തേടി ബാബയെ സമീപിച്ചത്. സ്ത്രീയുടെ പ്രശ്നങ്ങളില്‍ മാനസിക ധൈര്യം നല്‍കിയ മുരളീകൃഷ്ണന്‍ പ്രാര്‍ത്ഥന വേളകളില്‍ അവരെ അടുത്തിരുത്തി കൈത്തലം തന്റെ സ്വകാര്യ ഭാഗത്തോട് ചേര്‍ത്ത് പിടിച്ചിരുന്നത് പതിവായിരുന്നു എന്നും കോടതിയില്‍ രണ്ടാമത്തെ സ്ത്രീയും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഈ സ്ത്രീയുടെ പക്കല്‍ നിന്നുമാണ് 1,28,000 പൗണ്ട് മുരളീകൃഷ്ണന്‍ അടിച്ചു മാറ്റിയതായി പരാതി എത്തിയിട്ടുള്ളത്.
സാധാരണ പ്രാര്‍ത്ഥനയ്ക്ക് 25 പൗണ്ടും സ്പെഷ്യല്‍ പ്രാര്‍ത്ഥനയ്ക്ക് 501 പൗണ്ടും ഈടാക്കുന്ന ശരവണ ബാബ എന്ന മുരളീകൃഷ്ണന് ഈ സ്ത്രീ പല ഘട്ടങ്ങളിലും പ്രാര്‍ത്ഥനയ്ക്ക് 2000 പൗണ്ട് നല്‍കിയിട്ടുണ്ട്. പലപ്പോഴും ആയിരം പൗണ്ട് ഇയാള്‍ക്ക് നല്‍കിയത് പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ച സ്ത്രീയുടെ വോയ്സ് റെക്കോര്‍ഡും കോടതി ശ്രദ്ധയോടെ കേട്ടതും കേസില്‍ നിര്‍ണായകമാകും. ഒരു ഘട്ടത്തില്‍ ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തിയപ്പോള്‍ പത്തു കുടുംബങ്ങള്‍ പതിനായിരം പൗണ്ട് വീതം നല്‍കണം എന്നാണ് മുരളീകൃഷ്ണന്‍ ആവശ്യപ്പെട്ടത്. അതും ബാങ്ക് ട്രാന്‍സ്ഫര്‍ ആയിരിക്കരുതെന്നും പണമായി തന്നെ നല്‍കണം എന്നും ആവശ്യപ്പെട്ടു. താന്‍ അത് അനുസരിച്ചു, പക്ഷെ എന്തിനെന്നറിയില്ല.
തുടര്‍ന്ന് പതിവായി ക്ഷേത്രത്തില്‍ എത്തിയതോടെ ദിവസം രണ്ടും മൂന്നും തവണ ഇയാള്‍ തന്നെ വിളിച്ചു വൈകാരികമായി സംസാരിക്കാന്‍ തുടങ്ങിയെന്നും വെളിപ്പെടുത്തി. എന്നാല്‍ ഗുരു ആയതിനാല്‍ പരിധി വിടാന്‍ സാധിക്കുന്നില്ലെന്നും തനിക്ക് സ്ത്രീയെക്കുറിച്ചുള്ള ചിന്തമൂലം ഉറക്കം നഷ്ടപ്പെട്ടതായും മുരളീകൃഷ്ണന്‍ വെളിപ്പെടുത്തിയതും സ്ത്രീയുടെ മൊഴിയില്‍ പറയുന്നു.
ലണ്ടനില്‍ ശരവണ ബാബയായി വളര്‍ന്നത് ശരവേഗത്തില്‍, സ്ത്രീകള്‍ എന്നും ദൗര്‍ബല്യം
അനേക കോടികളുടെ സ്വത്തുക്കള്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ശരവണ ബാബ സ്വന്തമാക്കിയപ്പോള്‍ സ്വാമി വേഷത്തിനു പിന്നിലെ കഥകള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചു തുടങ്ങി. അതോടെ വീടുകള്‍ കയറിയുള്ള സ്വാമി പൂജ ഏറെക്കുറെ നിലയ്ക്കുകയും ചെയ്തു. എന്നാല്‍ അതിനകം തന്നെ താന്‍ വിഷ്ണു ഭഗവാന്റെ ജീവിച്ചിരിക്കുന്ന അവതാരം ആണെന്നും തമിഴര്‍ക്കിടയില്‍ മുരുക സ്വാമിയുടെ അവതാരം ആണെന്നും ഒക്കെ തട്ടിവിട്ടതിലൂടെ മുരളീകൃഷ്ണന്‍ പുളിക്കല്‍ ആര്‍ക്കും തൊടാനാകാത്ത വിധം ഉയരങ്ങള്‍ താണ്ടുക ആയിരുന്നു.
എന്നാല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം കൂടുകയും ഒരു കോടിയിലേറെ രൂപയുടെ ആസ്തി സ്വാമിക്ക് നല്‍കിയ സ്ത്രീ പണം മടക്കി ആവശ്യപ്പെട്ടതിലൂടെ മുരളീകൃഷ്ണന്റെ ശനി ദശ ആരംഭിക്കുക ആയിരുന്നു. പോലീസ് കേസിനു പോകാതിരുന്നാല്‍ പണം മടക്കി നല്‍കുന്ന കാര്യം പരിഗണിക്കാം എന്ന് ശരവണ ബാബ പറഞ്ഞെങ്കിലും അതിനകം അയാളുടെ തനിനിറം മനസിലാക്കിയ സ്ത്രീ ഭക്ത പീഡനത്തിനും പണ വഞ്ചനയ്ക്കും എതിരെ കേസ് നല്‍കുക ആയിരുന്നു.
ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് പോലീസ് തേടി എത്തും മുന്‍പേ രാജ്യം വിടാന്‍ ഒരുങ്ങിയ ശരവണ ബാബയെ 2023ല്‍ ലണ്ടനില്‍ പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. ഇയാളുടെ സ്വത്തുക്കളും ബാങ്ക് ഇടപാടുകളും ഒക്കെ മരവിപ്പിച്ച പോലീസ് എട്ടിന്റെ പണിയാണ് ബാബയ്ക്ക് ഒരുക്കിയത്. ഈ വിവരം അന്ന് തന്നെ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചിരുന്നെങ്കിലും പോലീസ് വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വാര്‍ത്തകളും പുറത്തു വരാതിരുന്നത്.
കോവിഡാനന്തര തടസങ്ങളില്‍ ബ്രിട്ടനിലെ കോടതി നടപടികള്‍ നിരന്തരം തടസപ്പെടുന്ന സാഹചര്യത്തിലാണ് അറസ്റ്റില്‍ ആയ ശരവണ ബാബയുടെ വിചാരണ തുടങ്ങാന്‍ കാലതാമസം നേരിട്ടത്. മലയാളികള്‍ ഉള്‍പ്പെട്ട ഒട്ടേറെ കേസുകളാണ് ബ്രിട്ടിനിലെ വിവിധ കോടതികളില്‍ ഇങ്ങനെ കുടുങ്ങി കിടക്കുന്നത്. നോര്‍വിച്ചില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട അമല്‍ പ്രസാദിന്റെ കേസില്‍ കാര്‍ ഓടിച്ചിരുന്ന നിഷാന്‍ നാസറുദ്ദീന്‍ കേരളത്തിലേക്ക് മടങ്ങിയതിലൂടെ കേസ് വിചാരണ അനന്തമായി നീളുന്ന കാര്യം കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തത്.
കേസുകള്‍ കേരളത്തിലും യുകെയിലും പലവിധത്തില്‍, പക്ഷെ വാര്‍ത്തകള്‍ ബാബയെ തൊട്ടില്ല
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടനില്‍ ശരവണ ബാബയെക്കുറിച്ചു പരാതികള്‍ ഏറെ ഉയര്‍ന്നതാണ്. എന്നാല്‍ അടക്കം പറച്ചിലില്‍ ഒതുങ്ങിയിരുന്ന ആ പരാതികള്‍ പിന്നീട് സ്വാമിയുടെ വികൃതികള്‍ വെളിപ്പെടുത്തുന്ന അനേകം വീഡിയോകളാണ് ടിക് ടോക് എന്ന സാമൂഹ്യ മാധ്യമത്തില്‍ തമിഴ് ഹൈന്ദവ വിശ്വാസികള്‍ പ്രചരിപ്പിച്ചത്. ഏതാനും ശ്രീലങ്കന്‍ തമിഴ് ഓണ്‍ ലൈന്‍ പത്രങ്ങളിലും അന്ന് ശരവണ ബാബയുടെ കുസൃതികള്‍ വാര്‍ത്തകളായി എത്തിയിരുന്നു.
ഇപ്പോള്‍ ലണ്ടനിലെ വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയില്‍ ബാബ വിചാരണ നേരിടാന്‍ എത്തിയതോടെ ബ്രിട്ടീഷ് മാധ്യമങ്ങളും മുരളീകൃഷ്ണന്റെ വികൃതികള്‍ വമ്പന്‍ തലക്കെട്ടുകള്‍ ആക്കി മാറ്റുകയാണ്. പത്തുവര്‍ഷത്തിനിടയില്‍ അനേകം തവണ കേസുകളില്‍ ഉള്‍പ്പെട്ടെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട നിലയില്‍ ഏതാനും വാര്‍ത്തകളില്‍ എത്തിയതല്ലാതെ ശരവണ ബാബയുടെ പൊയ്മുഖം തുറന്നു കാട്ടാന്‍ പലപ്പോഴും മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല എന്നതും ഇപ്പോള്‍ ബ്രിട്ടനില്‍ ബാബയുടെ കാര്യത്തില്‍ ഇല്ലാതാവുകയാണ്.