- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക്ക് കൊണ്ടുപോകില്ല; മാലിന്യങ്ങൾ മൂന്നിടത്തായി സംസ്ക്കരിക്കും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ; ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കുവാനും ധാരണ; യോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കും; കൊച്ചിയിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊച്ചി:ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപോകേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിനും പ്രദേശത്തെ മാലിന്യപ്രശ്‌നത്തിനും പരിഹാരങ്ങൾ ചർച്ച ചെയ്തത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം മൂന്നിടങ്ങളിലായി സംസ്‌ക്കരിക്കാനും യോഗത്തിൽ തീരുമാനമായി.
ഒപ്പം വീടുകളിലും ഫ്‌ളാറ്റുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കാനും ധാരണയായി.തീരുമാനങ്ങൾ നടപ്പിലാക്കും നിരീക്ഷിക്കുന്നതിനും പ്രദേശത്ത് ഉന്നതാധികാര സമീതിയെ രൂപീകരിക്കും.തുടർന്ന് സമിതിയുടെ നേതൃത്വത്തിലാകും വിഷയം പരിഗണിക്കുക.ഉന്നതതല യോഗതീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷനും ജില്ലാ കലക്ടർക്കും നേരെ ഇന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു.ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.
യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം.അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്‌സ് ഡയറക്ടർ ബി.സന്ധ്യ, ജില്ലാ കലക്ടർ ഡോ.രേണു രാജ് തുടങ്ങിയവർ സംസാരിച്ചു. എയർഫോഴ്‌സ്, നേവി, ദുരന്ത നിവാരണ അഥോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു
പ്ലാന്റിൽ ഇന്നു രാത്രി 8 മണിക്കകം വൈദ്യുതി എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിന് ശക്തമായ സംവിധാനം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി കോർപ്പറേഷനെയും, ജില്ല കലക്ടറെയും രൂക്ഷമായി വിമർശിച്ചത്.
ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല.പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നുവെന്ന് കലക്ടർ വിശദീകരിച്ചു.ചൂടു കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീയണയ്ക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കലക്ടർ പറഞ്ഞു
പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്.സംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണം.ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി.
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്മാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന.
സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.
അതേസമയം ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.
വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, കിന്റർ ഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പടെ പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
മറുനാടന് മലയാളി ബ്യൂറോ