അമരാവതി: ഒരു മാസത്തിനിടെ അഞ്ച് ജീവനക്കാർ മരിച്ചതിനെ തുടർന്ന് സർവകലാശാല കാമ്പസിനുള്ളിൽ ഹോമം നടത്താനുള്ള ആന്ധ്രയിലെ ശ്രീകൃഷ്ണദേവരയ്യ സർവകലാശാലയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഹോമം നടത്താൻ ജീവനക്കാർ സംഭാവന നൽകണമെന്ന വിചിത്രമായ സർക്കുലർ പുറത്തിറങ്ങിയിരുന്നു. വൈസ് ചാൻസിലറാണ് സർക്കുലർ പുറപ്പെടുവിച്ചത്.

ജീവനക്കാരുടെ മരണത്തെത്തുടർന്നുണ്ടായ ദോഷം തീർക്കാനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതെന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. രാമകൃഷ്ണ റെഡ്ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഫെബ്രുവരി 24-ന് രാവിലെ ഹോമം നടത്താനാണ് തീരുമാനം.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ കാരണങ്ങളാൽ സർവകലാശാലയിലെ അഞ്ച് ജീവനക്കാർ മരിച്ചെന്നും ഇത് ജീവനക്കാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്നും വി സി പറയുന്നു. ഇതേത്തുടർന്നുണ്ടായ ദോഷപരിഹരത്തിനു വേണ്ടിയാണ് ഹോമം നടത്തുന്നതെന്നാണ് സർക്കുലറിൽ പറയുന്നത്. ഹോമത്തിനു വേണ്ടി സ്ഥാപനത്തിലെ ജീവനക്കാരിൽനിന്ന് സംഭാവനയും പിരിക്കുന്നുണ്ട്. അദ്ധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപക ജീവനക്കാർ 100 രൂപയും വീതം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാരാണ് കഴിഞ്ഞ മാസം മരിച്ചത്. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും സർവകലാശാലയ്ക്ക് മേലെ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാനാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നതെന്നുമാണ് സർവകലാശാലയുടെ വാദം. ഹോമത്തിൽ പങ്കെടുക്കണമെന്നത് നിർബന്ധമല്ല. പക്ഷേ, ഹോമത്തിൽ പങ്കെടുക്കുന്നവർ സംഭാവന നൽകണം.

സർവകലാശാലയുടെ പേരിൽ സർക്കുലർ ഇറക്കി, കാമ്പസിനുള്ളിൽ മതപരമായ ചടങ്ങ് നടത്തുന്നതിനെതിരേ ഇടതു വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നടത്തേണ്ട ഇടമല്ല സർവകലാശാല കാമ്പസ് എന്നും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകുന്ന ഇടമാണെന്നും വിദ്യാർത്ഥിസംഘടനകൾ പറയുന്നു. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ, പ്രതിഷേധങ്ങൾ വകവയ്ക്കാതെ ഹോമവുമായി മുന്നോട്ട് പോകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.