തിരുവനന്തപുരം: 2000 സ്‌ക്വയർഫീറ്റ് വീട് വയ്ക്കണമെങ്കിൽ ഇനി 20000 രൂപ ഫീസ് നൽകണം. പെർമിറ്റ്, അപേക്ഷ ഫീസുകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീടു നിർമ്മാണത്തിനുള്ള ഫീസ് ഇനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധനയാണ്. നിർമ്മാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വർധന കൂടിയാകുമ്പോൾ വീട് എന്ന സ്വപ്‌നത്തിലേക്കുള്ള യാത്ര ദുഷ്‌കരമാകും. കെട്ടിട നിർമ്മാണ ചെലവ് ഇരട്ടിയാക്കുന്ന തീരുമാനങ്ങളാണ് സംസ്ഥാന സർ്ക്കാർ നടപ്പാക്കുന്നത്. കോവിഡിന് ശേഷം നിർമ്മാണ മേഖല ഉണർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീട് നിർമ്മാണ ഫീസുകളും മറ്റും കൂട്ടുന്നത്. എന്തായാലും ഇതെല്ലാം പാവപ്പെട്ടവർ കൊടുക്കുമെന്ന് ഉറപ്പാണ്.

ഇതിനൊപ്പം മദ്യത്തിന് ഇന്നുമുതൽ സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ളതിന് 40 രൂപയുമാണ് ഇന്നലെ മുതൽ സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇവയ്ക്കു യഥാക്രമം 30, 50 രൂപ വീതം അധികം നൽകേണ്ടി വരും. സെസ് തുകയിൽ ബവ്‌റിജസ് കോർപറേഷൻ വിറ്റുവരവു നികുതി ഈടാക്കുന്നതാണു കാരണം. 5% ആണ് ചില്ലറ വിൽപനയിലെ വിറ്റുവരവു നികുതി. കൂടിയന്മാരേയും പിഴിയുകയാണ് സർക്കാർ. മദ്യത്തിന് വില കൂടുമ്പോൾ മയക്കു മരുന്നിലേക്ക് കൂടുതൽ ആളുകൾ തിരിയും. ഇതും പ്രതിസന്ധിയാകും,

പെട്രോളിനും ഡീസലിനും 2 രൂപ വിലവർധന പ്രാബല്യത്തിലായതോടെ അതിർത്തി ജില്ലകളിലെ ജനങ്ങൾ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ പമ്പുകളിലേക്ക്. കണ്ണൂരിൽനിന്നു മാഹിയിലെത്തുന്നവർക്കാണ് ഏറ്റവും ലാഭം. പെട്രോളിൽ 14.4 രൂപയും ഡീസലിൽ 13.4 രൂപയുമാണ് ലാഭം. കുമളിയിൽ നിന്ന് ലോവർ പെരിയാറിലെത്തിയാൽ പെട്രോളിൽ 5.20 രൂപയും ഡീസലിൽ 2.35 രൂപയും ലാഭമുണ്ട്. കേരളത്തിലെ 20 ലീറ്റർ പെട്രോളിന്റെ വില കൊണ്ട് തമിഴ്‌നാട്ടിൽ 21 ലീറ്ററടിക്കാം. കർണാടകയിൽ ഇതിലേറെ ലാഭമുണ്ട്. അങ്ങനെ കേരളം സാധാരണക്കാരെ പിഴിയുകയാണ്. സർക്കാർ ഖജനാവിൽ ഒന്നുമില്ലാത്തതാണ് ഇതിന് കാരണം.

വീട് നിർമ്മാണ ചെലവ് സർക്കാരും കൂട്ടുമ്പോൾ

പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടി) വിസ്തീർണമുള്ള വീടു നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ 555 രൂപയിൽ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാകും. കോർപറേഷനുകളിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാണു വർധിക്കുക. 2000 സ്‌ക്വയർഫീറ്റ് വീടാണ് ഇടത്തരക്കാരുടെ സ്വപ്നം. ഈ സ്വപ്‌നത്തിന് സർക്കാരിന് 20000ത്തോളം രൂപ നൽകണ്ടി വരും. നേരത്തെ കൊടുത്തിരുന്നതിന്റെ എത്രയോ ഇരട്ടി.

250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും നഗരസഭകളിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും ഫീസ് ഉയരും. കോർപറേഷനുകളിൽ ഇതു 2550 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38,500 രൂപയിലേക്കാകും. തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ മാസം 10 മുതലാണു വർധന നടപ്പാകുക. അതേസമയം, വർധന നിയമപ്രകാരം നടപ്പാകണമെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്‌കരിച്ചു വിജ്ഞാപനം ചെയ്യണം.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഫീസുകൾ വർധിപ്പിച്ചതോടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 150 ചതുരശ്ര മീറ്റർ (ഏകദേശം 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമ്മിക്കുമ്പോൾ വരുന്ന വർധന:

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ് :555 രൂപ) = അപേക്ഷകൻ ആകെ അടയ്‌ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് :1000 രൂപ+ പെർമിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്‌ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

കോർപറേഷൻ

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്‌ക്കേണ്ടത് 800 രൂപ.

പുതുക്കിയ നിരക്ക് അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

250 ചതുരശ്ര മീറ്റർ (ഏകദേശം 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമ്മിക്കുമ്പോൾ വരുന്ന വർധന

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെർമിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

കോർപറേഷൻ

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550
പുതുക്കിയ നിരക്ക് :അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.

ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വർധിപ്പിക്കുന്ന നിരക്ക് ക്രമത്തിൽ)

താമസ ആവശ്യത്തിനുള്ളവ : 3 രൂപ/ചതുരശ്ര മീറ്റർ

വ്യവസായം : 4 രൂപ/ച.മീ

വാണിജ്യം : 4 രൂപ/ ച.മീ

മറ്റുള്ളവ: 3 രൂപ/ ച.മീ