തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ സംഹിതയില്‍ വീടു വയ്ക്കുന്ന ഇടത്തരക്കാര്‍ക്കും ആശ്വാസം. പുതിയ ലേബര്‍ കോഡ് നിലവില്‍ വന്നതോടെയാണ് ഇത്. ഇനി 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വീടു വയ്ക്കുന്നവര്‍ക്ക് മാത്രം കെട്ടിട നിര്‍മ്മാണ സെസ് അടച്ചാല്‍ മതി. അതായത് വീടു വയ്ക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമായി മാറും. കേരളത്തില്‍ സാധാരണക്കാരും ഇടത്തരക്കാരും വയ്ക്കുന്ന വീടുകളുടെ ചെലവ് 50 ലക്ഷത്തില്‍ താഴയേ വരൂ. അതുകൊണ്ട് തന്നെ സാധരണക്കാര്‍ക്ക് ആര്‍ക്കും സ്വപ്‌ന ഭവനം നിര്‍മ്മിക്കാന്‍ ഇനി സെസ് കൊടുക്കേണ്ടി വരില്ല.

തറവിസ്ത്രീണത്തിന്റെ അടിസ്ഥാനത്തില്‍ സെസ് കൊടുക്കണമെന്നാണ് നിലവിലെ നിയമം. 1077ചതുരശ്ര അടിയില്‍ കൂടുതല്‍ വീട് വയ്ക്കുന്നവര്‍ സെസ് കൊടുക്കണമായിരുന്നു. 10 ലക്ഷം രൂപയില്‍ അധികം നിര്‍മ്മാണ ചെലവും മാനദണ്ഡമായിരുന്നു. ഇതിനാണ് മാറ്റം വരുത്തുന്നത്. കേരളത്തിലെ മിക്ക വീടുകള്‍ പണിയാനും 10 ലക്ഷം രൂപയാകുമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ വീടു വയ്ക്കുന്നവരില്‍ നിന്നെല്ലാം സര്‍ക്കാരിന് സെസും കിട്ടുമായിരുന്നു. ഇതാണ് ഫലത്തില്‍ അവസാനിക്കുന്നത്.

സെസിന് ബില്‍ഡിങ് പെര്‍മിറ്റാണ് അടിസ്ഥാനമാക്കുന്നത്. 21ന് ശേഷം പെര്‍മിറ്റ് നല്‍കിയവര്‍ക്കെല്ലാം പുതിയ നിയമത്തിന്റെ ഗണം കിട്ടും. പുതിയ തീരുമാനം അനുസരിച്ച് 50 ലക്ഷമാണ് സെസിനുള്ള കുറഞ്ഞ പരിധി. ഇത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. വേണമെങ്കില്‍ പരിധി ഉയര്‍ത്താം. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലേളി ബോര്‍ഡാണ് സെസ് ഈടാക്കുന്നത്. ബോര്‍ഡിന് ലഭിക്കുന്ന സെസില്‍ 70 ശതമാനവും വീടുകളില്‍ നിന്നാണ്. ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതിയെ അടക്കം ഇത് ബാധിക്കും. അപ്പോഴും വീടു വയ്ക്കുന്ന സാധാരണക്കാര്‍ക്കെല്ലാം ഇത് ആശ്വാസമാകും.

10 ലക്ഷം രൂപയിലേറെ ചെലവഴിച്ചു സ്വകാര്യ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ ഉടന്‍ തന്നെ 1% നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് ഓണ്‍ലൈനായി തദ്ദേശസ്ഥാപനങ്ങള്‍ വഴി പിരിച്ചെടുക്കുന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നടപടി. കെട്ടിടനിര്‍മാണ ഫീസ് അടയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ സോഫ്റ്റ്വെയര്‍ ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) പരിഷ്‌കരിക്കുക പോലും ചെയ്തിരുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക തദ്ദേശസ്ഥാപനങ്ങള്‍ വഴി പിരിച്ചെടുത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കു കൈമാറുകയും രസീത് കെട്ടിട ഉടമയ്ക്കു ഓണ്‍ലൈനായി ലഭിക്കുകയും ചെയ്യും. ഈ സെസ് അടച്ചാല്‍ മാത്രം തദ്ദേശസ്ഥാപനത്തില്‍നിന്ന് കെട്ടിടനിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് അടക്കം കിട്ടുമായിരുന്നുള്ളൂ.

കേന്ദ്രം കൊണ്ടുവന്ന നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം പ്രകാരം 1995 മുതല്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഈ സെസ് പിരിവ് ഉണ്ടെങ്കിലും കാര്യക്ഷമമായിരുന്നില്ല. സംസ്ഥാന നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന 20 ലക്ഷത്തോളം അംഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കാനാണു തുക. നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 10 ലക്ഷത്തില്‍ താഴെ നിര്‍മാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററില്‍ (1077 ചതുരശ്ര അടി) താഴെ വിസ്തീര്‍ണം ഉള്ളതുമായ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് ഇല്ല.

1995 നവംബര്‍ 3നു മുന്‍പു നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെയും ഒഴിവാക്കിയിരുന്നു. നിലവില്‍ സ്വകാര്യ കെട്ടിടം നിര്‍മിക്കുന്ന സമയത്ത് ലൈസന്‍സിനായി നിശ്ചിത ഫീസ് അടയ്ക്കണമായിരുന്നു. ഇനി നിര്‍മ്മാണ ചെലവ് 50 ലക്ഷമായാല്‍ മാത്രം സെസ് നല്‍കിയാല്‍ മതി.